സോഷ്യൽ മീഡിയയിൽ കമന്റിട്ടാൽ പണിപാളും; മുന്നറിയിപ്പുമായി ദുബായ് പൊലീസ്

സോഷ്യൽ മീഡിയയിലൂടെയും മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെയും നടത്തുന്ന അപമാനിക്കൽ, ഭീഷണി, അപവാദം പ്രചരിപ്പിക്കൽ, ഇലക്ട്രോണിക് തട്ടിപ്പ്, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്യൽ തുടങ്ങിയവ സൈബർ കുറ്റകൃത്യങ്ങളുടെ പരിധിയിൽ വരാം

സോഷ്യൽ മീഡിയയിൽ കമന്റിട്ടാൽ പണിപാളും; മുന്നറിയിപ്പുമായി ദുബായ് പൊലീസ്
dot image

വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ സൽപ്പേരിന് മനഃപൂർവം കോട്ടം വരുത്തുന്ന തരത്തിലുള്ള ഓൺലൈൻ കമൻ്റുകൾ നിയമനടപടികൾക്ക് കാരണമാകാമെന്ന് ദുബായ് പൊലീസ് മുന്നറിയിപ്പ് നൽകി. സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ സ്വാതന്ത്ര്യമുണ്ടെങ്കിലും മറ്റുള്ളവരെ ദ്രോഹിക്കാൻ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ദുരുപയോഗം ചെയ്യരുതെന്ന് പൊലീസ് വ്യക്തമാക്കി. ദുബായ് പൊലീസിലെ സോഷ്യൽ മീഡിയ ക്രൈംസ് വിഭാഗം മേധാവി മേജർ യാസർ ജുമ മുഹമ്മദ് ആണ് ഇക്കാര്യം അറിയിച്ചത്.

അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതിനും വിമർശനങ്ങൾ ഉന്നയിക്കുന്നതിനും പരിധികളുണ്ടെന്നും മറ്റുള്ളവരുടെ സൽപ്പേരിനെയോ താൽപര്യങ്ങളെയോ മനഃപൂർവം ബാധിക്കുന്ന തരത്തിൽ ഓൺലൈനിൽ അഭിപ്രായങ്ങൾ ഉപയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഗൂഗിൾ മാപ്‌സിൽ ഒരു സ്ഥാപനത്തിനെതിരെ വ്യാജമായ നെഗറ്റീവ് റിവ്യൂകൾ പോസ്റ്റ് ചെയ്തതിന് ഒരു സംഘം ആളുകളെ അറസ്റ്റ് ചെയ്ത സംഭവവും ദുബായ് പൊലീസ് പോഡ്കാസ്റ്റിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. അഭിപ്രായം പ്രകടിപ്പിക്കുന്നതിൽനിന്ന് മറ്റൊരാളെ അപമാനിക്കുന്നതിലേക്കോ അപകീർത്തിപ്പെടുത്തുന്നതിലേക്കോ കടക്കുമ്പോൾ നിയമപരമായ ഉത്തരവാദിത്തം നേരിടേണ്ടിവരാമെന്ന് യാസർ വിശദീകരിച്ചു.

സോഷ്യൽ മീഡിയയിലൂടെയും മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെയും നടത്തുന്ന അപമാനിക്കൽ, ഭീഷണി, അപവാദം പ്രചരിപ്പിക്കൽ, ഇലക്ട്രോണിക് തട്ടിപ്പ്, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്യൽ തുടങ്ങിയവ സൈബർ കുറ്റകൃത്യങ്ങളുടെ പരിധിയിൽ വരാം. മറ്റുള്ളവരുടെ അവകാശങ്ങൾ മാനിക്കണമെന്നും നിയമനടപടികൾക്ക് ഇടയാക്കാവുന്ന ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം ഉപയോക്താക്കളോട് പറഞ്ഞു. വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ചാൽ നിയമനടപടികളിൽ നിന്ന് രക്ഷപ്പെടാമെന്ന് കരുതരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇത്തരം അക്കൗണ്ടുകൾ പരിശോധിച്ച് അവയ്ക്ക് പിന്നിലുള്ളവരെ തിരിച്ചറിയാൻ സഹായിക്കുന്ന വിവരങ്ങൾ ശേഖരിക്കുന്നതിൽ ദുബായ് പൊലീസിന് പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സോഷ്യൽ മീഡിയയിൽ എന്തെങ്കിലും പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് അത് ലക്ഷ്യമിടുന്ന വ്യക്തികളിലോ സ്ഥാപനങ്ങളിലോ ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. അപവാദ പ്രചരണങ്ങൾ ആദ്യം പ്രസിദ്ധീകരിക്കുന്നവർക്കു മാത്രമല്ല അവ വീണ്ടും പങ്കുവയ്ക്കുന്നവർക്കും നിയമപരമായ ഉത്തരവാദിത്തം നേരിടേണ്ടിവരാമെന്ന് മുന്നറിയിപ്പുണ്ട്. വിവരങ്ങൾ പ്രചരിപ്പിക്കുന്നതിന് മുമ്പ് അവയുടെ സത്യാവസ്ഥ പരിശോധിക്കണമെന്നും ഔദ്യോഗിക അധികൃതരെയും വിശ്വസനീയമായ ഉറവിടങ്ങളെയും ആശ്രയിക്കണമെന്നും അദ്ദേഹം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. സർക്കാർ അധികൃതർ നേരത്തെ പ്രസിദ്ധീകരിച്ച അറിയിപ്പുകൾ പോലും സാഹചര്യങ്ങളിലോ നിയമങ്ങളിലോ മാറ്റമുണ്ടാകുമ്പോൾ അസാധുവായേക്കാം. നിലവിൽ പ്രസക്തമാണോയെന്ന് പരിശോധിക്കാതെ പഴയ വിവരങ്ങൾ വീണ്ടും പങ്കുവയ്ക്കുന്നത് പ്രശ്നങ്ങൾക്ക് കാരണമാകാമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിസന്ധികളുടെയും അടിയന്തര സാഹചര്യങ്ങളുടെയും സമയത്ത് ഔദ്യോഗിക നിർദേശങ്ങൾ പാലിക്കണം. അപവാദങ്ങൾക്ക് കാരണമാകുന്നതോ സമൂഹത്തിന്റെ സുരക്ഷയെ ബാധിക്കുന്നതോ ആയ സ്ഥിരീകരിക്കാത്ത ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കരുതെന്നും അദ്ദേഹം നിർദേശിച്ചു. പുതിയ തട്ടിപ്പ് രീതികളെക്കുറിച്ചും ഡിജിറ്റൽ സുരക്ഷാ ഭീഷണികളെക്കുറിച്ചും അറിയാൻ ദുബായ് പൊലീസിന്റെ eCrime Hub എന്ന ബോധവത്കരണ പ്ലാറ്റ്‌ഫോം ഉപയോഗിക്കാമെന്നും അധികൃതർ അറിയിച്ചു.

Content Highlights: Dubai Police has warned social media users to avoid online comments that could violate UAE laws or harm the reputation of individuals and businesses.

dot image
To advertise here,contact us
dot image