'യുഎഇ ലോട്ടറി അടിച്ചാൽ, തിരക്കിട്ട് തീരുമാനങ്ങൾ എടുക്കരുത്'; വിജയികൾക്ക് നിർദ്ദേശങ്ങളുമായി ബ്രെറ്റ് ലീ

കേവലം സമ്മാനത്തുകയേക്കാൾ, അതിനു പിന്നിലുള്ള മനുഷ്യരുടെയും അവരുടെ മാറുന്ന ജീവിതങ്ങളുടെയും കഥകൾ അറിയാനാണ് തനിക്ക് കൂടുതൽ താൽപ്പര്യമെന്ന് ലീ പ്രതികരിച്ചു.

'യുഎഇ ലോട്ടറി അടിച്ചാൽ, തിരക്കിട്ട് തീരുമാനങ്ങൾ എടുക്കരുത്'; വിജയികൾക്ക് നിർദ്ദേശങ്ങളുമായി ബ്രെറ്റ് ലീ
dot image

യുഎഇ ലോട്ടറിയിൽ വൻതുക സമ്മാനമായി ലഭിക്കുന്നവർക്ക് സുപ്രധാന നിർദേശവുമായി ഓസ്‌ട്രേലിയൻ മുൻ ക്രിക്കറ്റ് താരവും യുഎഇ ലോട്ടറി ചീഫ് സെലിബ്രേഷൻ ഓഫീസറും (സിഇഒ) ആയ ബ്രെറ്റ് ലീ. ലോട്ടറിയടിച്ചെന്ന വാർത്ത ഉൾക്കൊള്ളാൻ കുറച്ച് സമയം നൽകണം. ആദ്യദിനം തന്നെ ധൃതിപിടിച്ച് വലിയ തീരുമാനങ്ങൾ എടുക്കരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു. വിശ്വസ്തരായ വ്യക്തികളോട് സംസാരിച്ച്, മുന്നിലുള്ള അവസരങ്ങൾ കൃത്യമായി മനസ്സിലാക്കി വേണം ഭാവി കാര്യങ്ങൾ ആസൂത്രണം ചെയ്യാൻ. ഖലീജ് ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ബ്രെറ്റ് ലീ തൻ്റെ അഭിപ്രായം വ്യക്തമാക്കിയത്.

യുഎഇ ലോട്ടറി വിജയികളെ നേരിൽ കാണുക, അവരുടെ ജീവിതാനുഭവങ്ങളും കഥകളും കേൾക്കുക, പ്രത്യേക അഭിമുഖങ്ങളുടെ ഭാഗമാവുക എന്നിവയാണ് സിഇഒ പദവിയിലൂടെ ബ്രെറ്റ് ലീ നിർവഹിക്കുന്നത്. കേവലം സമ്മാനത്തുകയേക്കാൾ, അതിനു പിന്നിലുള്ള മനുഷ്യരുടെയും അവരുടെ മാറുന്ന ജീവിതങ്ങളുടെയും കഥകൾ അറിയാനാണ് തനിക്ക് കൂടുതൽ താൽപ്പര്യമെന്ന് ലീ പ്രതികരിച്ചു.

ലോട്ടറിയടിച്ച വിവരം ആദ്യമായി അറിഞ്ഞ നിമിഷം, ആ സന്തോഷം പങ്കുവെക്കാൻ ആദ്യം വിളിച്ച ആൾ, കുടുംബാംഗങ്ങളുടെ പ്രതികരണം, ആദ്യത്തെ ആവേശം അടങ്ങിയ ശേഷമുള്ള തീരുമാനങ്ങൾ എന്നിവയൊക്കെ കേട്ടറിയാൻ താൻ ആഗ്രഹിക്കുന്നു. വിജയികളെ എന്തെങ്കിലും ഉപദേശിക്കുകയോ അവരുടെ ഭാവി കാര്യങ്ങൾ തീരുമാനിക്കുകയോ അല്ല, മറിച്ച് അവരുടെ അനുഭവം കേൾക്കാനും ആ സന്തോഷം ലോകത്തോട് പങ്കുവെക്കാനും സഹായിക്കുക മാത്രമാണ് തൻ്റെ ചുമതലയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ താമസിക്കുന്ന യുഎഇയിൽ വ്യത്യസ്ത സംസ്കാരങ്ങളിലുള്ളവരെ നേരിൽ കാണാനും അവരുടെ സന്തോഷത്തിൽ പങ്കുചേരാനും കഴിയുന്നത് വലിയ അനുഭവമായിരിക്കും. ക്രിക്കറ്റ് കരിയറിലെ വിജയങ്ങൾ സഹതാരങ്ങളോടും ആരാധകരോടും ഒപ്പം ആഘോഷിച്ച ഓർമകൾ തനിക്കുണ്ട്. അതേ രീതിയിലുള്ള ബന്ധം ഈ പുതിയ ദൗത്യത്തിലൂടെയും സൃഷ്ടിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ലീ കൂട്ടിച്ചേർത്തു.

ആഘോഷങ്ങൾക്കൊപ്പം തന്നെ ഉത്തരവാദിത്തത്തോടെ പങ്കാളികളാകേണ്ടതിൻ്റെ പ്രാധാന്യവും ലീ ഓർമിപ്പിച്ചു. 18 വയസ്സിന് മുകളിലുള്ള യുഎഇ നിവാസികൾക്കുള്ള വിനോദ ഉപാധിയാണിത്. അതിരുകൾ അറിഞ്ഞ് കളിക്കുന്നത് ആഘോഷത്തിൻ്റെ ആവേശം കുറയ്ക്കില്ലെന്നും ശരിയായ രീതിയിൽ അനുഭവങ്ങൾ ആസ്വദിക്കാൻ അത് സഹായിക്കുമെന്നും ഓസീസ് മുൻ ക്രിക്കറ്റ് താരം വ്യക്തമാക്കി.

Content Highlights: Brett Lee has shared advice for UAE lottery winners, urging them to take time before making major decisions after a big win. He highlighted the importance of staying calm, seeking professional guidance and planning how to manage the prize responsibly.

dot image
To advertise here,contact us
dot image