

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാരുടെ സേവനവും പ്രതിസന്ധിയില്‍ എന്ന് പരാതി. മരുന്ന് ക്ഷാമത്തിനും ലാബ് പരിശോധനാ പ്രതിസന്ധിക്കും പിന്നാലെ ഡോക്ടര്‍മാരുടെ കുറവും നിലവില്‍ ആശുപത്രിയില്‍ ഉണ്ടെന്നാണ് ഉയരുന്ന പരാതി. രോഗികളുടെ എണ്ണം കൂടുമ്പോഴും ആവശ്യത്തിന് ഡോക്ടര്‍മാരുടെ സേവനം ലഭ്യമല്ല.
രാത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് മണിക്കൂറുകളോളം കാത്തിരിക്കേണ്ട അവസ്ഥയാണ് നിലവില്‍ ഉള്ളത്. അത്യാസന്ന രോഗികള്‍ക്ക് ചികിത്സ നല്‍കാന്‍ ഡോക്ടര്‍മാര്‍ പോകുന്നതോടെ മറ്റ് രോഗികള്‍ വീണ്ടും കാത്തിരിക്കേണ്ടി വരുന്നു. രാത്രി ഷിഫ്റ്റുകളില്‍ പലപ്പോഴും സീനിയര്‍ ഡോക്ടര്‍മാരുടെ സേവനം ലഭിക്കാറില്ലെന്നും രോഗികള്‍ പറയുന്നു. അധികവും മെഡിക്കല്‍ വിദ്യാര്‍ഥികളാണ് രാത്രികാല ഷിഫ്റ്റുകളില്‍ ഉള്ളത്. കഴിഞ്ഞദിവസം ഡോക്ടര്‍ ഇല്ലാത്തതിനാല്‍ ഉള്ള്യേരി സ്വദേശിക്ക് സര്‍ജറി നിഷേധിച്ചതിനെ തുടര്‍ന്ന് സഹകരണ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരുന്ന് ക്ഷാമം രൂക്ഷമാണെന്ന വാര്‍ത്ത നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. വൃക്ക രോഗമുള്ള നവജാത ശിശുവിന് ഡിഎംഎസ്എ പരിശോധന വൈകുന്നെന്ന പരാതി ഉയര്‍ന്നിരുന്നു. രണ്ട് മാസം പ്രായമായ കുഞ്ഞിന് ഡിഎംഎസ്എ പരിശോധന നടത്താനാകുന്നില്ലെന്നായിരുന്നു വിവരം. നവംബര്‍ 25 ന് ശേഷമേ പരിശോധന നടത്താനാകൂ എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഡിഎംഎസ്എ പരിശോധനക്കായി മരുന്നില്ലെന്ന് അധികൃതര്‍ അറിയിച്ചതായി കുട്ടിയുടെ പിതാവ് അനൂപും വ്യക്തമാക്കിയിരുന്നു. മൂത്രത്തില്‍ അണുബാധ രൂക്ഷമായതിനെ തുടര്‍ന്നാണ് പേരാമ്പ്ര സ്വദേശികളായ അനൂപ് അക്ഷയ ദമ്പതികളുടെ കുഞ്ഞിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.
Content Highlights: Kozhikode Medical College is reportedly facing a shortage of doctors amid concerns over medicine availability and laboratory testing services. Complaints have emerged that the hospital does not have enough doctors to meet the needs of the growing number of patients, raising concerns about the availability of medical services.