ദുബായ് യാത്രക്കാർക്ക് എമിറേറ്റ്‌സിന്റെ കിടിലൻ സമ്മാനം; വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സൗജന്യ പ്രവേശനം

യാത്രയ്ക്ക് മുമ്പ് ടിക്കറ്റിന്റെ യോഗ്യതയും ഓഫറിന്റെ മറ്റ് നിബന്ധനകളും പരിശോധിക്കണമെന്ന് എയർലൈൻ അധികൃതർ അഭ്യർത്ഥിച്ചു.

ദുബായ് യാത്രക്കാർക്ക് എമിറേറ്റ്‌സിന്റെ കിടിലൻ സമ്മാനം; വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സൗജന്യ പ്രവേശനം
dot image

ദുബായിലേക്ക് യാത്ര ചെയ്യുന്നവർക്ക് ആശ്വാസകരമായ പ്രത്യേക ആനുകൂല്യങ്ങളുമായി എമിറേറ്റ്സ് എയർലൈൻസ്. ശീതകാല ടൂറിസം സീസൺ കൂടുതൽ സജീവമാക്കുന്നതിന്റെ ഭാഗമായി ദുബായിലേക്ക് എത്തുന്ന യാത്രക്കാർക്ക് 535 ദിർഹം (ഏകദേശം 12,000-ൽ പരം ഇന്ത്യൻ രൂപ) മൂല്യമുള്ള സൗജന്യ വിനോദസഞ്ചാര പാസുകളാണ് എമിറേറ്റ്സ് പ്രഖ്യാപിച്ചിരിക്കുന്നത്. ദുബായിലെ മൂന്ന് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഈ പാസ് ഉപയോഗിച്ച് സൗജന്യമായി പ്രവേശിക്കാം.

അറ്റ്ലാന്റിസ് അക്വാവെഞ്ചർ വാട്ടർപാർക്ക്, ദി ലോസ്റ്റ് ചേമ്പേഴ്സ് അക്വേറിയം, ദുബായിലെ പ്രധാന കാഴ്ചകൾ കണ്ടുകാണാൻ സഹായിക്കുന്ന സിറ്റി സൈറ്റ്സീയിംഗ് ഹോപ്പ്-ഓൺ ഹോപ്പ്-ഓഫ് ബസ് സർവീസ് എന്നിവയാണ് ഈ സൗജന്യ പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ബുർജ് ഖലീഫ മുതൽ ചരിത്രപ്രസിദ്ധമായ അൽ ഫഹീദി മേഖല വരെയുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാൻ ഈ ബസ് സർവീസ് പ്രയോജനപ്പെടുത്താം. ഡിസംബർ 13 വരെയുള്ള തീയതികളിൽ ദുബായിലേക്ക് റിട്ടേൺ ടിക്കറ്റുമായി യാത്ര ചെയ്യുന്നവർക്കാണ് ഈ ഓഫർ ലഭ്യമാകുക. ഒക്ടോബർ 11-നകം ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം. എല്ലാ കാബിൻ ക്ലാസുകളിലെ യാത്രക്കാർക്കും ഓഫർ ബാധകമാണെന്ന് എമിറേറ്റ്സ് വ്യക്തമാക്കി.

ഇതിനുപുറമെ, എമിറേറ്റ്സ് യാത്രക്കാർക്ക് യുഎഇയിലെ വിവിധ ഷോപ്പുകൾ, റെസ്റ്റോറന്റുകൾ, സ്പാകൾ, വിനോദ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പ്രത്യേക ഡിസ്കൗണ്ടുകളും ലഭിക്കും. ഡിജിറ്റൽ ബോർഡിംഗ് പാസും സാധുവായ തിരിച്ചറിയൽ രേഖയും ഹാജരാക്കിയാൽ ഈ കിഴിവുകൾ ലഭിക്കും. യാത്ര പദ്ധതികളിൽ മാറ്റമുണ്ടായാൽ എല്ലാ കാബിൻ ക്ലാസുകളിലും സൗജന്യമായി തീയതി മാറ്റാനുള്ള സൗകര്യവും 24 മണിക്കൂർ വരെ അധിക നിരക്കില്ലാതെ ടിക്കറ്റ് ഹോൾഡ് ചെയ്യാനുള്ള സൗകര്യവും എമിറേറ്റ്സ് ഒരുക്കിയിട്ടുണ്ട്. യാത്രയ്ക്ക് മുമ്പ് ടിക്കറ്റിന്റെ യോഗ്യതയും ഓഫറിന്റെ മറ്റ് നിബന്ധനകളും പരിശോധിക്കണമെന്ന് എയർലൈൻ അധികൃതർ അഭ്യർത്ഥിച്ചു.

Content Highlights: Travellers booking eligible return flights to Dubai with Emirates can enjoy complimentary passes worth AED 535. The offer includes Aquaventure Waterpark, Lost World Aquarium and a Dubai City Sightseeing hop-on hop-off bus tour.

dot image
To advertise here,contact us
dot image