ഫുഡ് ട്രക്ക് മേഖലയിലെ വലിയ വളർച്ച; നിയമങ്ങൾ കർശനമാക്കാൻ ബഹ്‌റൈൻ

പുതിയ നിബന്ധനകളെക്കുറിച്ച് ഉടമകളെ ബോധവത്ക്കരിക്കുന്നതിനായി ആറുമാസത്തെ സാവകാശം നൽകിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി

ഫുഡ് ട്രക്ക് മേഖലയിലെ വലിയ വളർച്ച; നിയമങ്ങൾ കർശനമാക്കാൻ ബഹ്‌റൈൻ
dot image

ബഹ്‌റൈനിൽ ഫുഡ് ട്രക്കുകളുടെ പ്രവർത്തനം കൂടുതൽ ക്രമീകരിക്കുന്നതിന്റെ ഭാഗമായി നോർത്തേൺ മുൻസിപ്പൽ കൗൺസിൽ പുതിയ നിയന്ത്രണങ്ങൾ നടപ്പാക്കുന്നു. പുതിയ മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തനം ക്രമീകരിക്കാൻ ഫുഡ് ട്രക്ക് ഉടമകൾക്ക് 2027 ജനുവരി വരെ സമയം അനുവദിച്ചിട്ടുണ്ട്. കൊവിഡ് കാലയളവിന് ശേഷം രാജ്യത്ത് ഫുഡ് ട്രക്ക് ബിസിനസ്സ് മേഖലയിൽ വൻ വളർച്ചയാണ് രേഖപ്പെടുത്തിയത്.

രാജ്യത്തെ വിവിധ മേഖലകളിലായി ഫുഡ് ട്രക്കുകൾക്കായി 289 സ്ഥലങ്ങളാണ് നിലവിൽ സജ്ജീകരിച്ചിരിക്കുന്നതെന്ന് നോർത്തേൺ ഏരിയ മുൻസിപ്പാലിറ്റി ഡയറക്ടർ ജനറൽ എഞ്ചിനിയർ മുഹമ്മദ് സാദ് അൽ സഹ്ലി അറിയിച്ചു. ഈ അനുവദിക്കപ്പെട്ട സ്ഥലങ്ങൾക്കായി ഓൺലൈൻ സംവിധാനത്തിലൂടെ അപേക്ഷ നൽകാം. പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ നിലവിലുണ്ടായിരുന്ന ആരോഗ്യ, സുരക്ഷാ ചട്ടങ്ങൾ തന്നെയാണ് തുടർന്നും ബാധകമാകുക. സിവിൽ ഡിഫൻസ്, ആരോഗ്യ മന്ത്രാലയം, ട്രാഫിക് ഡയറക്ടറേറ്റ്, മുൻസിപ്പാലിറ്റി എന്നിവയുടെ മാനദണ്ഡങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

പുതിയ നിബന്ധനകളെക്കുറിച്ച് ഉടമകളെ ബോധവത്ക്കരിക്കുന്നതിനായി ആറുമാസത്തെ സാവകാശം (ഗ്രേസ് പിരീഡ്) നൽകിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ഈ കാലയളവിന് ശേഷം നിയമങ്ങൾ കർശനമായി നടപ്പാക്കും. അതേസമയം, വലിയ റെസ്റ്റോറന്റുകൾക്ക് ഫുഡ് ട്രക്ക് ലൈസൻസ് നൽകുന്നതിനെതിരെ മുൻസിപ്പൽ കൗൺസിലിൽ ആശങ്ക ഉയർന്നിട്ടുണ്ട്. വലിയ സ്ഥാപനങ്ങളുടെ സാമ്പത്തിക ശേഷിയോട് സാധാരണക്കാരായ ചെറിയ ഫുഡ് ട്രക്ക് സംരംഭകർക്ക് പോരാടാൻ കഴിയില്ലെന്ന് കൗൺസിൽ അംഗം ബാസിം അലി അബൂഇദ് റീസ് ചൂണ്ടിക്കാട്ടി.

കൂടാതെ സാർ, ഹമദ് ടൗൺ തുടങ്ങിയ ജനനിബിഡമായ പ്രദേശങ്ങളിൽ ഫുഡ് ട്രക്കുകൾക്കായി കൂടുതൽ സ്ഥലങ്ങൾ അനുവദിക്കണമെന്ന ആവശ്യവും കൗൺസിൽ അംഗങ്ങൾ യോഗത്തിൽ മുന്നോട്ടുവെച്ചു.

Content Highlights: Bahrain is introducing stricter regulatory measures for the food truck sector following its rapid expansion. Operators are being given a grace period to complete required health, Civil Defence, traffic and municipal procedures, with compliance becoming mandatory afterward.

dot image
To advertise here,contact us
dot image