

ഫഹദ് ഫാസിലിന്റെ അഭിനയമികവിനെയും സിനിമകളെയും പ്രശംസിച്ച് തെലുങ്ക് സൂപ്പർതാരം ജൂനിയർ എൻടിആർ. ഫഹദ് ഫാസിൽ നായകനാകുന്ന, എസ്.എസ്. രാജമൗലി അവതരിപ്പിക്കുന്ന ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ ചിത്രത്തിന്റെ പ്രീ-റിലീസ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് മഹാമാരിക്കാലത്ത് ഫഹദ് ഫാസിലിന്റെ സിനിമകൾ ഇന്ത്യയിലുടനീളമുള്ള പ്രേക്ഷകരിലേക്ക് അദ്ദേഹത്തെ കൂടുതൽ അടുപ്പിച്ചുവെന്ന് ജൂനിയർ എൻടിആർ പറഞ്ഞു. ലോകം വലിയ പ്രതിസന്ധിയിലൂടെ കടന്നുപോയ ആ കാലഘട്ടത്തിൽ നിരവധി പേർക്ക് പ്രിയപ്പെട്ടവരെ നഷ്ടമായി. അത്തരമൊരു ദുരിതകാലത്ത് പതിയെ ഓരോ വീട്ടിലേക്കും കടന്നുവന്ന പ്രതിഭയായിരുന്നു ഫഹദ് ഫാസിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബാംഗ്ലൂർ ഡെയ്‌സ്’ കണ്ടതോടെയാണ് ഫഹദിന്റെ അഭിനയത്തോടുള്ള തന്റെ ആരാധന ആരംഭിച്ചതെന്ന് ജൂനിയർ എൻടിആർ ഓർത്തെടുത്തു. തനിക്ക് ഏറെ ഇഷ്ടമുള്ള അഭിനേതാക്കളുടെ പട്ടികയിൽ ഒന്നാമതാണ് ഫഹദ് ഫാസിലെന്നും അദ്ദേഹത്തോടൊപ്പം വേദി പങ്കിടാൻ കഴിഞ്ഞത് വലിയ ബഹുമതിയാണെന്നും എൻടിആർ പറഞ്ഞു. ഒരു നടൻ എന്ന നിലയിലും സഹോദരൻ എന്ന നിലയിലും ഫഹദിനെ താൻ ഏറെ ബഹുമാനിക്കുന്നുവെന്നും ഇന്ത്യൻ സിനിമയ്ക്ക് അഭിമാനിക്കാവുന്ന താരമാണ് അദ്ദേഹമെന്നും ജൂനിയർ എൻടിആർ അഭിപ്രായപ്പെട്ടു. ഫഹദ് ഫാസിലിന്റെ ആദ്യ തെലുങ്ക് നായകചിത്രമായ ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ അദ്ദേഹത്തിന്റെ കരിയറിലെ അവിസ്മരണീയമായ ചിത്രമായി മാറട്ടെയെന്നും സിനിമയ്ക്ക് വലിയ വിജയം ലഭിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
ചടങ്ങിൽ നിർമ്മാതാവ് എസ്.എസ്. കാർത്തികേയയുമായുള്ള തന്റെ ആത്മബന്ധത്തെക്കുറിച്ച് സംസാരിച്ച ജൂനിയർ എൻടിആർ വികാരാധീനനായി. എസ്.എസ്. രാജമൗലിയുടെ ആദ്യ ചിത്രമായ ‘സ്റ്റുഡന്റ് നമ്പർ 1’ മുതൽ ആരംഭിക്കുന്നതാണ് രാജമൗലി കുടുംബവുമായുള്ള തന്റെ ബന്ധം. ചിത്രത്തിൽ അഭിനയിക്കുമ്പോൾ തനിക്ക് 17 വയസ്സായിരുന്നുവെന്നും കാർത്തികേയയ്ക്ക് ഏകദേശം ഒമ്പത് വയസ്സായിരുന്നുവെന്നും അദ്ദേഹം ഓർത്തെടുത്തു. തനിക്ക് ഒരു സഹോദരനുണ്ടെങ്കിൽ അത് കാർത്തികേയ മാത്രമാണെന്നും ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിൽ അദ്ദേഹം നൽകിയ പിന്തുണ മറക്കാനാവില്ലെന്നും എൻടിആർ പറഞ്ഞു.
തന്റെ ആദ്യ ചിത്രമായ ‘നിന്നു ചൂടാലനി’യുടെ ഉദ്ഘാടന ചടങ്ങിൽ താൻ ഒറ്റപ്പെട്ടുപോയതായി തോന്നിയ അനുഭവവും അദ്ദേഹം പങ്കുവെച്ചു. അന്ന് തനിക്കൊപ്പം ആരുമില്ലെന്ന തോന്നലുണ്ടായിരുന്നുവെന്നും പിന്നീട് ദൈവം നൽകിയ കുടുംബങ്ങളാണ് രാജമൗലിയുടെയും കീരവാണിയുടെയും കുടുംബങ്ങളെന്നും അദ്ദേഹം പറഞ്ഞു. കരിയറിൽ സിനിമകൾ വിജയിക്കാതിരുന്ന പ്രയാസകരമായ സമയത്തും കാർത്തികേയ തനിക്കൊപ്പം ഉറച്ചുനിന്നു. തന്റെ പുഞ്ചിരിക്ക് പിന്നിൽ കാർത്തികേയയുടെ പിന്തുണയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ബാഹുബലി’, ‘ആർആർആർ’ തുടങ്ങിയ ചിത്രങ്ങളുടെ പിന്നിലും കാർത്തികേയയുടെ നിർണായകമായ പിന്തുണയുണ്ടായിരുന്നുവെന്ന് ജൂനിയർ എൻടിആർ വ്യക്തമാക്കി. കാർത്തികേയയുടെ ആദ്യ നിർമ്മാണ സംരംഭമായ ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ പ്രേക്ഷകർ ഏറ്റെടുക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ചിത്രത്തിന്റെ സംവിധായകൻ ശശാങ്ക് യെലേട്ടിയുടെ സിനിമയോടുള്ള ആത്മാർഥതയെയും വ്യക്തമായ കാഴ്ചപ്പാടിനെയും ജൂനിയർ എൻടിആർ പ്രശംസിച്ചു. സംവിധായകനാകണമെന്ന ആഗ്രഹത്തോടെ സിനിമാരംഗത്തേക്ക് കടന്നുവന്ന ശശാങ്ക് തന്റെ ലക്ഷ്യത്തിലെത്തിയെന്നും സിനിമയോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം ചിത്രത്തിലൂടെ വ്യക്തമാകുന്നുണ്ടെന്നും എൻടിആർ പറഞ്ഞു. ചിത്രത്തെയും സംവിധായകനെയും പ്രേക്ഷകർ പിന്തുണയ്ക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തന്റെ പുതിയ ചിത്രം ‘ഡ്രാഗണി’നെക്കുറിച്ചുള്ള അപ്‌ഡേറ്റും ജൂനിയർ എൻടിആർ ചടങ്ങിൽ പങ്കുവെച്ചു. തോളിലെ ശസ്ത്രക്രിയയെ തുടർന്ന് ചിത്രീകരണത്തിൽ നിന്ന് ഇടവേളയെടുത്തിരുന്ന താരം പൂർണമായി സുഖം പ്രാപിച്ചുവെന്നും ഉടൻ ചിത്രീകരണം പുനരാരംഭിക്കുമെന്നും അറിയിച്ചു. നേരത്തെ പ്രഖ്യാപിച്ച സമയക്രമത്തിൽ തന്നെ ചിത്രം റിലീസ് ചെയ്യുമെന്നും റിലീസുമായി ബന്ധപ്പെട്ട് കാലതാമസമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഫഹദ് ഫാസിൽ, ബാലതാരം സാറ പാലേക്കർ, സൗരഭ് സച്ദേവ് എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ ശശാങ്ക് യെലേട്ടിയാണ് സംവിധാനം ചെയ്യുന്നത്. എസ്.എസ്. രാജമൗലി അവതരിപ്പിക്കുന്ന ചിത്രം എസ്.എസ്. കാർത്തികേയ, ഷോബു യാർലഗഡ്ഡ, പ്രസാദ് ദേവിനേനി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.ഭാവനാ റിലീസാണ് ചിത്രം കേരളത്തിലെ വിതരണം നിർവഹിക്കുന്നത്. ചിത്രം ഒക്ടോബർ 2ന് ആഗോളതലത്തിൽ തിയറ്ററുകളിലെത്തും. പി ആർ ഓ : പ്രതീഷ് ശേഖർ.
Content Highlights: Junior NTR praised Fahadh Faasil and spoke about his close bond with Kartikeya during the pre-release event of ‘Don’t Trouble the Trouble’. The actor shared his appreciation for Fahadh and recalled his relationship with Kartikeya at the event.