

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിൽ തുടരുന്ന സാഹചര്യത്തിൽ അടുത്ത മാസം (ഒക്ടോബർ) യുഎഇയിൽ ഇന്ധനവില വർദ്ധിക്കാൻ സാധ്യത. സെപ്റ്റംബർ മാസത്തിൽ മിക്ക ദിവസങ്ങളിലും ആഗോള വിപണിയിൽ എണ്ണവില വലിയ തോതിൽ ഉയർന്ന നിലയിലായിരുന്നു. യു.എസ്-ഇറാൻ സംഘർഷം, ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സങ്ങൾ, സൗദി അറേബ്യൻ ഊർജ്ജ നിലയങ്ങൾക്ക് നേരെയുണ്ടായ ഹൂതി ആക്രമണങ്ങൾ എന്നിവയാണ് ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില വർദ്ധിക്കാൻ ഇടയാക്കിയത്.
കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ ബാരലിന് ശരാശരി 87.7 ഡോളറായിരുന്ന ബ്രെൻ്റ് ക്രൂഡ് ഓയിൽ വില സെപ്റ്റംബറിൽ 101 ഡോളറിന് മുകളിലെത്തി. രാജ്യാന്തര വിപണിയിലെ വിലവ്യതിയാനങ്ങൾക്ക് അനുസൃതമായാണ് യുഎഇയിൽ പ്രാദേശിക ഇന്ധനവില നിശ്ചയിക്കുന്നത് എന്നതിനാൽ, വരും മാസത്തിലും ഇതിൻ്റെ പ്രതിഫലനം വിപണിയിലുണ്ടാകും. 2015 മുതലാണ് ആഗോള വിപണിയെ അടിസ്ഥാനമാക്കി പ്രതിമാസം ഇന്ധനവില പുതുക്കുന്ന രീതി യുഎഇ ആരംഭിച്ചത്.
സെപ്റ്റംബർ മാസത്തിലും യുഎഇയിൽ പെട്രോൾ വില ലിറ്ററിന് 20 ഫിൽസോളം വർധിപ്പിച്ചിരുന്നു. നിലവിൽ സൂപ്പർ 98 ലിറ്ററിന് 3.8 ദിർഹം, സ്പെഷ്യൽ 95 ലിറ്ററിന് 3.69 ദിർഹം, ഇ-പ്ലസ് 91 ലിറ്ററിന് 3.61 ദിർഹം എന്നീ നിരക്കുകളിലാണ് വിപണിയിലുള്ളത്. പുതിയ മാസത്തേക്കുള്ള ഔദ്യോഗിക വില പ്രഖ്യാപനം മാസാവസാനത്തോടെ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകും.
യുഎസ്-ഇറാൻ നയതന്ത്ര ചർച്ചകൾ പുനരാരംഭിച്ചതും ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചതും വിപണിയിൽ ചെറിയ ആശ്വാസം നൽകുന്നുണ്ടെങ്കിലും മിഡിൽ ഈസ്റ്റിലെയും റഷ്യയിലെയും ഊർജ്ജ നിലയങ്ങൾക്ക് നേരെയുള്ള ഭീഷണികൾ പൂർണ്ണമായും ഒഴിവായിട്ടില്ല. അതിനാൽ ക്രൂഡ് ഓയിൽ വിലയിലെ അസ്ഥിരത വരും ദിവസങ്ങളിലും തുടരാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.
Content Highlights: Global oil prices are seeing an upward movement, which could influence fuel prices in the UAE. Petrol rates for October are expected to reflect changes in international crude oil prices and market conditions.