സോഷ്യൽ മീഡിയ നിയന്ത്രണം; കുട്ടികളുടെ പുതിയ ആശയവിനിമയ മാർഗ്ഗങ്ങൾ നിരീക്ഷിച്ച് യുഎഇയിലെ സ്കൂളുകൾ

സോഷ്യൽ മീഡിയയിൽ സമയം ചെലവഴിക്കുന്നത് കുറയുമ്പോൾ കുട്ടികൾക്ക് സ്പോർട്സ്, ആർട്സ്, ക്ലബ്ബ് പ്രവർത്തനങ്ങൾ എന്നിവയിലൂടെ പരസ്പരം നേരിട്ട് ബന്ധപ്പെടാനുള്ള കൂടുതൽ അവസരങ്ങൾ ഒരുക്കാനാണ് സ്കൂളുകൾ ഇപ്പോൾ ലക്ഷ്യമിടുന്നത്.

സോഷ്യൽ മീഡിയ നിയന്ത്രണം; കുട്ടികളുടെ പുതിയ ആശയവിനിമയ മാർഗ്ഗങ്ങൾ നിരീക്ഷിച്ച് യുഎഇയിലെ സ്കൂളുകൾ
dot image

യുഎഇയിൽ 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയ പശ്ചാത്തലത്തിൽ, കുട്ടികളുമായുള്ള ആശയവിനിമയ മാർഗ്ഗങ്ങൾ പുനഃപരിശോധിച്ച് വിദ്യാലയങ്ങൾ. പുതിയ മാറ്റം വിദ്യാർത്ഥികൾക്ക് സ്കൂൾ വിവരങ്ങൾ ലഭിക്കുന്നതിനെയും സഹപാഠികളുമായുള്ള സൗഹൃദബന്ധങ്ങളെയും എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ അധ്യാപകരും വിദ്യാഭ്യാസ വിദഗ്ദ്ധരും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

പഠന കാര്യങ്ങൾക്കും ഔദ്യോഗിക വിവരങ്ങൾക്കുമായി ഭൂരിഭാഗം സ്കൂളുകളും നേരത്തെ തന്നെ സ്വന്തം ആപ്പുകളും ഇമെയിലുകളും ഉപയോഗിക്കുന്നുണ്ടെങ്കിലും സോഷ്യൽ മീഡിയ വഴി കൂട്ടുകാരുമായി സമ്പർക്കം പുലർത്തിയിരുന്ന കുട്ടികൾക്ക് ഈ മാറ്റം തുടക്കത്തിൽ ഒറ്റപ്പെടൽ അനുഭവപ്പെടുത്തിയേക്കാം. ഡിജിറ്റൽ ലോകത്തെ ഈ പെട്ടെന്നുള്ള മാറ്റത്തോട് ഓരോ കുട്ടിയും വ്യത്യസ്ത രീതിയിലാകും പ്രതികരിക്കുകയെന്ന് പ്രമുഖ വിദ്യാഭ്യാസ ശൃംഖലയായ ജെംസ് എഡ്യൂക്കേഷനിലെ ഗ്ലോബൽ ലീഡ് ഒഫ് സേഫ്ഗാർഡിങ് ട്രസ്റ്റ് പ്രതിനിധി ക്ലെയർ സ്കോവൻ വ്യക്തമാക്കി.

കുട്ടികളിൽ പെട്ടെന്നുണ്ടാകുന്ന പെരുമാറ്റ മാറ്റങ്ങൾ, മാനസികാവസ്ഥയിലെ വ്യതിയാനങ്ങൾ, പഠനത്തിലും കലാ-കായിക രംഗങ്ങളിലും വിമുഖത കാണിക്കൽ എന്നിവ മാതാപിതാക്കളും അധ്യാപകരും പ്രത്യേക ശ്രദ്ധ നൽകേണ്ട കാര്യങ്ങളാണ്. എന്നാൽ സോഷ്യൽ മീഡിയ ഉപയോഗം കുറഞ്ഞതുകൊണ്ട് മാത്രം കുട്ടികൾക്ക് മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലോ സ്ക്രീനുകളിലോ കൂടുതൽ സമയം നൽകുന്നത് ശരിയായ രീതിയിലല്ലെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. ഇതിന് പകരം കായികാഭ്യാസങ്ങൾ, വായന, മറ്റ് സർഗ്ഗാത്മക പ്രവർത്തനങ്ങൾ, കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായുമുള്ള നേരിട്ടുള്ള ആശയവിനിമയം എന്നിവ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്.

ആർഎകെ അക്കാദമി, ക്രീഡൻസ് ഹൈസ്കൂൾ തുടങ്ങിയ പ്രമുഖ വിദ്യാലയങ്ങൾ നിലവിൽ ഗൂഗിൾ ക്ലാസ്റൂം ക്ലാസ്ഡോജോ, വിദ്യാലയങ്ങളുടെ ഔദ്യോഗിക പോർട്ടലുകൾ എന്നിവ വഴിയാണ് വിദ്യാർത്ഥികളുമായും രക്ഷിതാക്കളുമായും ആശയവിനിമയം നടത്തുന്നത്. അതുകൊണ്ടുതന്നെ ഔദ്യോഗിക വിവരങ്ങൾ ലഭിക്കുന്നതിന് വിദ്യാർത്ഥികൾക്ക് വ്യക്തിഗത സോഷ്യൽ മീഡിയ അക്കൗണ്ടുകളെ ആശ്രയിക്കേണ്ടി വരുന്നില്ല. സോഷ്യൽ മീഡിയയിൽ സമയം ചെലവഴിക്കുന്നത് കുറയുമ്പോൾ കുട്ടികൾക്ക് സ്പോർട്സ്, ആർട്സ്, ക്ലബ്ബ് പ്രവർത്തനങ്ങൾ എന്നിവയിലൂടെ പരസ്പരം നേരിട്ട് ബന്ധപ്പെടാനുള്ള കൂടുതൽ അവസരങ്ങൾ ഒരുക്കാനാണ് സ്കൂളുകൾ ഇപ്പോൾ ലക്ഷ്യമിടുന്നത്.

Content Highlights: Amid tighter social media restrictions, schools in the UAE are monitoring the new communication methods being used by students. The development has prompted schools to pay closer attention to how students communicate and interact through alternative channels

dot image
To advertise here,contact us
dot image