

ന്യൂഡല്‍ഹി: അധോലോക കുറ്റവാളി അബു സലീം ജയിലില്‍ തുടരും. കഴിഞ്ഞ 25 വര്‍ഷമായി ജയിലില്‍ കഴിയുകയാണെന്നും വിട്ടയയ്ക്കമെന്നും ആവശ്യപ്പെട്ട് ഇയാള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. 1993ലെ മുംബൈ സ്‌ഫോടനക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ച് വരികയാണ് ഇയാള്‍. വാദം ആരംഭിക്കുന്നതിന് മുമ്പ് തന്നെ അബു സലിമിന്റെ ഹര്‍ജി തള്ളുന്നതായാണ് കോടതി പറഞ്ഞത്. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മെഹ്ത എന്നിവര്‍ അടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
2002ല്‍ പോര്‍ച്ചുഗലില്‍ വച്ചാണ് സലീമിനെ അറസ്റ്റ് ചെയ്തത്. 2002 ഡിസംബര്‍ 17ന് ഇന്ത്യയിലേക്ക് ഇയാളെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിൽ ഒരു വ്യവസ്ഥയിലെത്തി. പ്രതിക്ക് വധശിക്ഷ വിധിക്കില്ലെന്നും 25 വര്‍ഷത്തിലധികം തടവുശിക്ഷ ഉണ്ടാകില്ലെന്നുമായിരുന്നു വ്യവസ്ഥ. ദീര്‍ഘകാലം നീണ്ടുനിന്ന നാടുകടത്തല്‍ നടപടികള്‍ക്ക് പിന്നാലെ 2005ലാണ് ഇയാളെ ഇന്ത്യയിലെത്തിക്കുന്നത്. തുടര്‍ന്ന് മുംബൈ സ്‌ഫോടനക്കേസ് ഉള്‍പ്പെടെ രണ്ട് ടാഡാ കേസുകളില്‍ അബു സലിം വിചാരണ നേരിട്ടു. കുറ്റക്കാരനെന്ന് കണ്ടെത്തിയ ഇയാളെ 2017 സെപ്തംബര്‍ 7ന് ജീവപരന്ത്യം തടവിന് ശിക്ഷിച്ചു. എന്നാല്‍ ഈ ശിക്ഷാവിധി നാടുകടത്തപ്പെട്ട സമയത്തെ വ്യവസ്ഥയ്ക്ക് എതിരാണെന്നാണ് അബു സലീമിന്റെ വാദം.
പുതിയ ഹര്‍ജിയില്‍ 2025 മാര്‍ച്ച് 31ന് 25 വര്‍ഷത്തെ കാലാവധി പൂര്‍ത്തീകരിച്ചെന്നാണ് പരാമര്‍ശിച്ചിരുന്നത്. വിചാരണ സമയത്തെ കസ്റ്റഡി, കുറ്റവാളിയെന്ന് കണ്ടെത്തിയ ശേഷമുള്ള കസ്റ്റഡി, ജയിലില്‍ നല്ലനടപ്പിന് ലഭിച്ച ഇളവ് എന്നിവ കണക്കാക്കിയാല്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചോടെ 25 വര്‍ഷത്തെ തടവുകാലം പൂര്‍ത്തിയാകും എന്നാണ് ഇയാള്‍ വാദിച്ചത്. ഇതിനപ്പുറം തന്നെ തടവിലാക്കുന്നത് അനധികൃതമായി കസ്റ്റഡിയില്‍ വയ്ക്കുന്നതിന് തുല്യമാണെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ സുപ്രീംകോടതി ഹര്‍ജി തള്ളുകയായിരുന്നു.
പോർച്ചുഗലിൽ നിന്ന് 2005 നവംബറിലാണ് അബു സലിമിനെ ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. ഇതനുസരിച്ച് 25 വർഷത്തെ കാലാവധി 2030 നവംബറിൽ മാത്രമേ പൂർത്തിയാകൂ എന്ന് കോടതി വ്യക്തമാക്കി. ജയിലിലെ നല്ല നടപ്പിനുള്ള ശിക്ഷാ ഇളവുകൾ (Remission) കണക്കിലെടുത്ത് ഈ 25 വർഷത്തെ കാലാവധി കുറയ്ക്കാനാകില്ലെന്ന ബോംബെ ഹൈക്കോടതിയുടെ മുൻ ഉത്തരവ് സുപ്രീംകോടതി ശരിവെക്കുകയും ചെയ്തു.
Content Highlights: The Supreme Court has rejected Abu Salim’s plea seeking release after he spent 25 years in prison. The court declined his request for release, allowing his imprisonment to continue.