

മാതാപിതാക്കളുടെ വേര്‍പിരിയലിന് ശേഷവും കുട്ടികളുടെ ഭാവി ഉറപ്പ് വരുത്തുന്നതിനായുള്ള പുതിയ മാര്‍ഗരേഖ അബുദാബി അംഗീകരിച്ചു. കുട്ടികളുടെ മാനസിക-സാമൂഹിക ക്ഷേമവും സ്ഥിരതയും ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് എന്ന് അധികൃതര്‍ പറഞ്ഞു. യുഎഇ ഉപപ്രധാനമന്ത്രിയായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍, അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്‌മെന്റ് പ്രസിഡന്റ് എന്ന നിലയിലാണ് 2026-ലെ നമ്പര്‍ 43 പ്രകാരമാണ് 'പോസ്റ്റ്-സെപ്പറേഷന്‍ ചാര്‍ട്ടര്‍ ഇയര്‍ ഓഫ് ദി ഫാമിലി' എന്ന പുതിയ രേഖയ്ക്ക് അംഗീകാരം നല്‍കിയത്.
കുട്ടികളുടെ മാനസികവും സാമൂഹികവുമായ സ്ഥിരത ഉറപ്പാക്കുക, കുടുംബവുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളിലും കുട്ടികളുടെ ക്ഷേമം മുന്‍നിര്‍ത്തുക എന്നിവയാണ് മാർഗരേഖയുടെ പ്രധാന ലക്ഷ്യങ്ങള്‍. വിവാഹബന്ധം അവസാനിച്ചാലും മാതാപിതാക്കളുടെ ഉത്തരവാദിത്തം അവസാനിക്കുന്നില്ലെന്നും കുട്ടികള്‍ക്ക് ഇരുവരുടെയും പരിചരണവും സുരക്ഷിതമായ ആശയവിനിമയവും സ്ഥിരതയുള്ള കുടുംബാന്തരീക്ഷവും ആവശ്യമാണെന്നുമുള്ള ആശയമാണ് ഇതിൻ്റെ അടിസ്ഥാനമെന്ന് അധികൃതര്‍ വ്യക്തമാക്കി. കുട്ടികളെ മാതാപിതാക്കളുടെ തര്‍ക്കപ്രശ്‌നങ്ങളില്‍ നിന്ന് അകറ്റിനിര്‍ത്താനും അവരുടെ മാനസിക സുരക്ഷ ഉറപ്പാക്കാനുമാണ് പുതിയ മാര്‍ഗരേഖ പ്രാധാന്യം നല്‍കുന്നത്. മാതാപിതാക്കള്‍ തമ്മിലുള്ള പരസ്പര ബഹുമാനവും ധാരണയും നിലനിര്‍ത്തണമെന്നും കുട്ടികളുടെ മുന്നില്‍ പരസ്പരം അവര്‍ അപകീര്‍ത്തിപ്പെടുത്തരുതെന്നും ഇതില്‍ വ്യക്തമാക്കുന്നുണ്ട്.
കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, ധാര്‍മിക-സാമൂഹിക വളര്‍ച്ച, പെരുമാറ്റ രൂപീകരണം തുടങ്ങിയ വിഷയങ്ങളില്‍ മാതാപിതാക്കള്‍ സംയുക്തമായി സഹകരിക്കണം. കുട്ടിയുടെ പഠന പുരോഗതി, ആരോഗ്യസ്ഥിതി, സ്‌കൂള്‍ സംബന്ധമായ കാര്യങ്ങള്‍ അറിയിക്കുക, കുട്ടികളെ സംബന്ധിച്ച പ്രധാന തീരുമാനങ്ങളെടുക്കുക എന്നിവയെക്കുറിച്ച് കുട്ടികളെ കസ്റ്റഡി വഹിക്കുന്ന രക്ഷിതാവിന് മറ്റേ രക്ഷിതാവിനെ അറിയിക്കാനുള്ള ബാധ്യതയുണ്ട് എന്നും ഇതില്‍ വ്യക്തമാക്കുന്നു. എന്നാല്‍ കുട്ടികളുമായുള്ള ആശയവിനിമയം മാതാപിതാക്കള്‍ തമ്മിലുള്ള പ്രതികാരത്തിനോ സമ്മര്‍ദ്ദത്തിനോ വേണ്ടിയുള്ള ഉപാധികളായി ഉപയോഗിക്കുന്നത് മാര്‍ഗരേഖയില്‍ വിലക്കുന്നുണ്ട്.
കുട്ടികളുടെ ശാരീരികവും മാനസികവുമായ സുരക്ഷ ഉറപ്പാക്കുന്നതിനും കുടുംബമൂല്യങ്ങള്‍ വളര്‍ത്തുന്നതിനും സംസ്‌കാരത്തോടും പാരമ്പര്യത്തോടും ഉള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും മാതാപിതാക്കള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും ഇതില്‍ വ്യക്തമാക്കുന്നു. മാര്‍ഗരേഖയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ ആദ്യം സൗഹൃദപരമായി പരിഹരിക്കാന്‍ ശ്രമിക്കണം. അത് സാധ്യമാകാത്ത പക്ഷം കേസ് കുടുംബ മാര്‍ഗനിര്‍ദേശ കേന്ദ്രത്തിലേക്ക് (Family Guidance Centre) കൈമാറും. ശ്രമങ്ങള്‍ അവിടെ നിന്നും പരാജയപ്പെട്ടാല്‍ മാത്രമേ കോടതി നടപടികളിലേക്ക് കടക്കുകയുള്ളൂ. വേര്‍പിരിയലിന് ശേഷം കുടുംബ മാര്‍ഗനിര്‍ദേശ കൗണ്‍സിലര്‍ മാതാപിതാക്കള്‍ക്ക് മാര്‍ഗരേഖ അവതരിപ്പിക്കുകയും അതിലെ വ്യവസ്ഥകള്‍ പൂര്‍ണമായോ ഭാഗികമായോ അംഗീകരിച്ച് ഒപ്പുവെക്കാനുള്ള അവസരം നല്‍കുകയും ചെയ്യും.
Content Highlight: Abu Dhabi has approved a new post separation charter aimed at protecting children's wellbeing, strengthening parental responsibilities, and ensuring family stability following separation.