ദുബായിൽ ബിസിനസ്സ് ആരംഭിക്കും മുമ്പ് ചെലവുകളറിയാം; 'ബിസിനസ്സ് കോസ്റ്റ് കാൽക്കുലേറ്ററു'മായി ദുബായ് ടൂറിസം

ദുബായ് ടൂറിസത്തിന്റെ ഔദ്യോഗിക 'ഇൻവെസ്റ്റ് ഇൻ ദുബായ്' പോർട്ടൽ വഴി ഈ കാൽക്കുലേറ്റർ സേവനം പ്രയോജനപ്പെടുത്താം

ദുബായിൽ ബിസിനസ്സ് ആരംഭിക്കും മുമ്പ് ചെലവുകളറിയാം; 'ബിസിനസ്സ് കോസ്റ്റ് കാൽക്കുലേറ്ററു'മായി ദുബായ് ടൂറിസം
dot image

ദുബായിൽ പുതിയ വ്യവസായം ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് സഹായവുമായി ദുബായ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസം. ബിസിനസ്സ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ അതിനുള്ള ലൈസൻസ് ചെലവുകൾ കൃത്യമായി കണക്കാക്കാൻ സഹായിക്കുന്ന 'ബിസിനസ് കോസ്റ്റ് കാൽക്കുലേറ്റർ' സംവിധാനം ഇനി സൗജന്യമായിരിക്കും. സാമ്പത്തിക ആസൂത്രണം കൂടുതൽ എളുപ്പമാക്കാൻ ഈ ഡിജിറ്റൽ സംവിധാനം വഴി സാധിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

ദുബായ് ടൂറിസത്തിന്റെ ഔദ്യോഗിക 'ഇൻവെസ്റ്റ് ഇൻ ദുബായ്' പോർട്ടൽ വഴി ഈ കാൽക്കുലേറ്റർ സേവനം പ്രയോജനപ്പെടുത്താം. പോർട്ടലിൽ 'കോസ്റ്റ് കാൽക്കുലേറ്റർ' എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് ബിസിനസ്സ് രീതി, ഉടമകളുടെ എണ്ണം, അവരുടെ പൗരത്വം, നിർദ്ദിഷ്ട നിയമപരമായ ഘടന എന്നിവ രേഖപ്പെടുത്തുന്നതിലൂടെ ഏകദേശ ലൈസൻസ് തുക തൽക്ഷണം സ്ക്രീനിൽ തെളിയും.

ഓഫീസ് സ്ഥലത്തിന്റെ ആവശ്യകതയും ലൈസൻസ് ഫീസിനെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. സ്വന്തമായി ഫിസിക്കൽ ഓഫീസ് ആവശ്യമുള്ള സ്ഥാപനങ്ങൾ വാർഷിക വാടക തുക കൂടി ഇതിൽ ഉൾപ്പെടുത്തേണ്ടതുണ്ട്, കാരണം ഓഫീസ് വാടകയുടെ അഞ്ച് ശതമാനം ലൈസൻസ് ഫീസിന്റെ ഭാഗമായി ഈടാക്കാറുണ്ട്. അതേസമയം, ഓഫീസ് മുറി ആവശ്യമില്ലാത്ത വെർച്വൽ ലൈസൻസുകൾക്ക് ഈ നിരക്ക് ബാധകമല്ല.

ഉദാഹരണത്തിന്, ബിസിനസ് ബേ പോലെയുള്ള പ്രമുഖ മേഖലയിൽ പ്രതിവർഷം 1,40,000 ദിർഹം വാടകയുള്ള ഓഫീസ് തിരഞ്ഞെടുക്കുന്ന ഒരു അഡ്വർടൈസിംഗ് കമ്പനിക്ക് ഏകദേശം 15,000 ദിർഹത്തോളമാണ് വാർഷിക ലൈസൻസ് ചെലവ് പ്രതീക്ഷിക്കുന്നത്. എങ്കിലും, ഈ കാൽക്കുലേറ്റർ കാണിക്കുന്നത് ലൈസൻസിനായുള്ള പ്രാഥമിക തുക മാത്രമാണ്. വിസ നടപടികൾ, ഡെപ്പോസിറ്റുകൾ, മറ്റ് സേവന നിരക്കുകൾ എന്നിവ ഇതിന് പുറമെയായി കണക്കാക്കേണ്ടി വരും. എങ്കിലും ബിസിനസ്സ് ആരംഭിക്കുന്നവർക്ക് ബജറ്റ് കൃത്യമായി തയാറാക്കാൻ ഇത് വലിയൊരു സഹായമാണ്.

Content Highlights: Dubai Tourism has launched a Business Cost Calculator to help entrepreneurs estimate the expenses involved in starting a business in Dubai. The tool allows prospective investors to understand potential costs and plan their business setup more effectively.

dot image
To advertise here,contact us
dot image