വ്യാജ ജോലി വാഗ്ദാനങ്ങളിൽ വീഴരുത്; യുഎഇയിലെ തൊഴിൽ അന്വേഷകർക്ക് നിയമവിദഗ്ധരുടെ മുന്നറിയിപ്പ്

ഓഫറുകൾ ലഭിക്കുമ്പോൾ അഭിമുഖങ്ങൾ ഇല്ലാതെ തുക വാഗ്ദാനം ചെയ്യുക, ഉയർന്ന ശമ്പളം കാണിക്കുക, പ്രോസസിംഗ് ഫീസോ വിസ ഫീസോ ആവശ്യപ്പെടുക എന്നിവ പ്രധാന തട്ടിപ്പ് ലക്ഷണങ്ങളാണ്

വ്യാജ ജോലി വാഗ്ദാനങ്ങളിൽ വീഴരുത്; യുഎഇയിലെ തൊഴിൽ അന്വേഷകർക്ക് നിയമവിദഗ്ധരുടെ മുന്നറിയിപ്പ്
dot image

യുഎഇയിൽ തൊഴിൽ തിരയുന്നവർ ഓഫറുകൾ സ്വീകരിക്കുന്നതിന് മുമ്പ് കൃത്യമായ പരിശോധനകൾ നടത്തണമെന്ന് നിയമ, റിക്രൂട്ട്‌മെന്റ് വിദഗ്ധരുടെ മുന്നറിയിപ്പ്. ആകർഷകമായ വെബ്‌സൈറ്റുകളും ഔദ്യോഗിക രേഖകൾക്ക് സമാനമായ വ്യാജ കരാറുകളും സോഷ്യൽ മീഡിയ പ്രൊഫൈലുകളും നിർമ്മിച്ച് ഉദ്യോഗാർത്ഥികളെ തട്ടിപ്പിനിരയാക്കുന്ന സംഘങ്ങൾ സജീവമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം വ്യാജ കമ്പനികളുടെ കെണിയിൽപ്പെടുന്നത് സാമ്പത്തിക നഷ്ടത്തിന് പുറമെ നിയമപരമായ കുരുക്കുകൾക്കും വഴിവെച്ചേക്കാം.

തട്ടിപ്പു സംഘങ്ങളിൽ നിന്ന് അറിയാതെ ജോലി ഓഫർ ലഭിക്കുന്നത് വഴി നേരിട്ട് കുറ്റവാളിയാകില്ലെങ്കിലും അറിഞ്ഞുകൊണ്ട് അനധികൃത ഇടപാടുകൾ നടത്തുകയോ സംശയാസ്പദമായ പണമിടപാടുകൾക്ക് വ്യക്തിഗത ബാങ്ക് അക്കൗണ്ടുകൾ വിട്ടുനൽകുകയോ ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യമായി മാറാം. കമ്പനിയുടെ പണം ഉദ്യോഗാർത്ഥിയുടെ വ്യക്തിഗത അക്കൗണ്ട് വഴി കൈമാറ്റം ചെയ്യാനോ, ക്രിപ്റ്റോ കറൻസിയാക്കി മാറ്റാനോ ആവശ്യപ്പെടുന്നത് കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം കുറ്റകരമാണ്.

ഓഫറുകൾ ലഭിക്കുമ്പോൾ അഭിമുഖങ്ങൾ ഇല്ലാതെ തുക വാഗ്ദാനം ചെയ്യുക, ഉയർന്ന ശമ്പളം കാണിക്കുക, പ്രോസസിംഗ് ഫീസോ വിസ ഫീസോ ആവശ്യപ്പെടുക എന്നിവ പ്രധാന തട്ടിപ്പ് ലക്ഷണങ്ങളാണ്. യുഎഇ തൊഴിൽ നിയമപ്രകാരം റിക്രൂട്ട്‌മെന്റ് ചെലവുകളോ വിസ ഫീസോ ഉദ്യോഗാർത്ഥികളിൽ നിന്ന് ഈടാക്കാൻ പാടില്ല. ഔദ്യോഗിക ഓഫർ ലെറ്ററുകളിൽ മാനവവിഭവശേഷി, സ്വദേശിവത്ക്കരണ മന്ത്രാലയത്തിന്റെ ബാർകോഡോ സീരിയൽ നമ്പറോ ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

പാസ്‌പോർട്ട്, എമിറേറ്റ്സ് ഐഡി, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ തുടക്കത്തിൽ തന്നെ അപരിചിതർക്ക് നൽകരുത്. തട്ടിപ്പിനിരയായതായി സംശയം തോന്നിയാൽ പണമിടപാടുകൾ ഉടനടി നിർത്തിവെക്കുകയും, ബാങ്കിനെയും പൊലീസിലെ സൈബർ ക്രൈം വിഭാഗത്തെയും വിവരമറിയിക്കുകയും വേണം. തട്ടിപ്പുകാരുമായി നടത്തിയ ചാറ്റുകളും ഇമെയിലുകളും തെളിവായി സൂക്ഷിക്കണമെന്നും വിദഗ്ധർ നിർദ്ദേശിക്കുന്നു.

Content Highlights: Legal experts have warned job seekers in the UAE against falling for fake employment offers and recruitment scams. They advised applicants to verify job opportunities, employers and recruitment processes through legitimate channels before sharing personal information or making payments.

dot image
To advertise here,contact us
dot image