

യുഎഇക്ക് നേരെ ഇറാന്റെ ഭാഗത്തുനിന്നുണ്ടായ ഡ്രോൺ ആക്രമണത്തെ ശക്തമായി അപലപിച്ച് ബഹ്‌റൈൻ. യുഎഇയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്നും മേഖലയിലെ സുരക്ഷയെയും സ്ഥിരതയെയും അപകടത്തിലാക്കുന്ന ഗുരുതരമായ നീക്കമാണിതെന്നും ബഹ്‌റൈൻ വ്യക്തമാക്കി. ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെയും യുഎൻ ചാർട്ടറിന്റെയും ലംഘനമാണെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
ഇറാന്റെ ആക്രമണം അയൽ രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങളുടെ അടിസ്ഥാന തത്ത്വങ്ങൾക്ക് എതിരാണ്. സ്വന്തം പരമാധികാരവും ഭൂപ്രദേശവും പൗരന്മാരെയും താമസക്കാരെയും സംരക്ഷിക്കുന്നതിനായി യുഎഇ സ്വീകരിക്കുന്ന എല്ലാ പ്രതിരോധ നടപടികൾക്കും ഒപ്പമുണ്ടാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഇന്നലെയാണ് പശ്ചിമേഷ്യൻ മേഖലയിൽ ചെറിയൊരു ഇടവേളയ്ക്കുശേഷം വീണ്ടും യുദ്ധസമാനമായ സാഹചര്യങ്ങൾ ഉടലെടുത്തത്. ഇറാന്റെ അധീനതയിലുള്ള ലാറക് ദ്വീപിലെ രണ്ട് മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്കൻ വ്യോമസേന ശക്തമായ ആക്രമണം നടത്തി. അന്താരാഷ്ട്ര കപ്പൽ ഗതാഗത പാത ലക്ഷ്യമാക്കി സീ മൈനുകൾ ഘടിപ്പിച്ച റോക്കറ്റുകൾ വിക്ഷേപിക്കാൻ ഇറാൻ തയാറെടുക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു യുഎസിന്റെ ഈ നീക്കം. ആക്രമണത്തിൽ ഇറാന്റെ സൈനികർ കൊല്ലപ്പെട്ടതായും ഇതിന് ശക്തമായ തിരിച്ചടി നൽകുമെന്നും ഇസ്ലാമിക് റവല്യൂഷനറി ഗാർഡ് കോർപ്സ് (ഐആർജിസി) മുന്നറിയിപ്പ് നൽകി.
അമേരിക്കൻ ആക്രമണത്തിന് പിന്നാലെ മേഖലയിൽ ഇറാന്റെ തിരിച്ചടികളുടെ പരമ്പര തന്നെയാണ് ഉണ്ടായത്. ജോർദാനിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ആക്രമണം നടത്തി.
ഇറാനെതിരായ അമേരിക്കൻ ആക്രമണങ്ങൾക്ക് മറുപടിയായിയിരുന്നു യുഎഇയിലെ ഇറാന്റെ ഡ്രോൺ ആക്രമണം. എന്നാൽ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണ നീക്കം യുഎഇ പ്രതിരോധ സേന വിജയകരമായി തടഞ്ഞു. രാജ്യത്തിന്റെ സമുദ്രാതിർത്തിയിലേക്ക് കടക്കാൻ ശ്രമിച്ച ഇറാനിയൻ ഡ്രോണുകളെ വ്യോമസേന കടലിൽ വെച്ചുതന്നെ വെടിവച്ചിടുകയായിരുന്നു. നിലവിൽ രാജ്യത്തെ വ്യോമാതിർത്തിയിൽ മുഴുവൻ സമയ നിരീക്ഷണം ഉറപ്പാക്കിയിട്ടുണ്ടെന്നും ഏതൊരു സുരക്ഷാ ഭീഷണിയെയും ചെറുക്കാൻ സേന പൂർണ്ണ സജ്ജമാണെന്നും യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ദുബായ് അൽമിൻഹാദിലെ പ്രധാന വ്യോമതാവളത്തിന് നേരെ ആക്രമണം നടത്തിയെന്ന ഇറാന്റെ അവകാശവാദങ്ങൾ യുഎഇ തള്ളി. താവളങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും വ്യാജപ്രചാരണങ്ങൾ വിശ്വസിക്കരുതെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തുടനീളം അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്നും പൊതുജനങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും സുരക്ഷ പൂർണ്ണമായും ഉറപ്പുവരുത്തിയിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Content Highlights: Bahrain has urged the United Nations to intervene following an Iranian attack on the UAE, condemning the incident as a violation of the country’s sovereignty and territorial integrity.