പ്രവാസികൾക്ക് ആശ്വാസം; യുഎഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് പകുതിയായി കുറയുന്നു!

ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ ബെംഗളൂരുവിൽ നിന്നുള്ള യാത്രക്കാർക്കാണ് ഏറ്റവും ഉയർന്ന ലാഭം ലഭിക്കുന്നത്

പ്രവാസികൾക്ക് ആശ്വാസം; യുഎഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് പകുതിയായി കുറയുന്നു!
dot image

വേനലവധിക്കാലത്തെ കടുത്ത യാത്രാതിരക്ക് അവസാനിക്കുന്നതോടെ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകളിൽ വലിയ കുറവ് വരുന്നു. കേരളത്തിലെ പ്രവാസികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ഏറെ ആശ്വാസം നൽകുന്ന വാർത്തയാണിത്. ഓഗസ്റ്റ് അവസാനത്തോടെ ഉയർന്ന നിലയിലായിരുന്ന ടിക്കറ്റ് നിരക്കുകൾ സെപ്റ്റംബർ മധ്യത്തോടെ പകുതിയേറെ താഴുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ സമയത്ത് യാത്ര പ്ലാൻ ചെയ്യുന്നവർക്ക് ടിക്കറ്റൊന്നിന് ആയിരത്തിലധികം ദിർഹം വരെ ലാഭിക്കാൻ സാധിക്കും.

ഓഗസ്റ്റ് 30-ലെ നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ സെപ്റ്റംബർ 13 എത്തുമ്പോഴേക്കും ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ നിന്നുള്ള നേരിട്ടുള്ള വിമാന നിരക്കുകളിൽ 49 മുതൽ 64 ശതമാനം വരെ ഇടിവുണ്ടാകും. ഓഗസ്റ്റ് 30-ന് വിവിധ പ്രധാന റൂട്ടുകളിലെ ശരാശരി നിരക്ക് 2,089 ദിർഹമായിരുന്നെങ്കിൽ, സെപ്റ്റംബർ 13-ഓടെ ഇത് 894 ദിർഹമായി കുറയും. ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ ബെംഗളൂരുവിൽ നിന്നുള്ള യാത്രക്കാർക്കാണ് ഏറ്റവും ഉയർന്ന ലാഭം ലഭിക്കുന്നത്. 2,513 ദിർഹമായിരുന്ന ബെംഗളൂരു-യുഎഇ നിരക്ക് 914 ദിർഹമായി താഴുന്നതിലൂടെ ഏകദേശം 1,600 ദിർഹത്തിന്റെ കുറവാണുണ്ടാകുന്നത്.

കേരളത്തിലെ കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിൽ നിന്നും യുഎഇയിലേക്കുള്ള നിരക്കുകളിൽ കാര്യമായ കുറവ് പ്രകടമാണ്. കൊച്ചിയിൽ നിന്ന് ഓഗസ്റ്റ് 30-ന് 2,272 ദിർഹമായിരുന്ന ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് സെപ്റ്റംബർ 6-ന് 1,387 ദിർഹമായും സെപ്റ്റംബർ 13-ഓടെ 1,057 ദിർഹമായും കുറയും. കോഴിക്കോട് നിന്നുള്ള നിരക്ക് ഓഗസ്റ്റ് 30-ലെ 2,285 ദിർഹത്തിൽ നിന്ന് സെപ്റ്റംബർ 13 ആകുമ്പോഴേക്കും 1,070 ദിർഹമായി താഴുന്നതാണ്. ഇതിലൂടെ സെപ്റ്റംബർ മധ്യത്തിൽ യാത്ര ചെയ്യുന്ന മലയാളി പ്രവാസികൾക്ക് ഒരു ടിക്കറ്റിൽ 1,200 ദിർഹത്തിലധികം സാമ്പത്തിക ലാഭം നേടാം.

വേനലവധിക്കു ശേഷം യുഎഇയിലെ സ്‌കൂളുകളും മറ്റ് സ്ഥാപനങ്ങളും തുറക്കുന്നതിനാൽ സെപ്റ്റംബർ 10 വരെ വിമാനങ്ങളിൽ വലിയ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ട്. എന്നാൽ ഈ തിരക്ക് ഒഴിയുന്നതോടെ നിരക്കുകൾ കൂടുതൽ അനുകൂലമാകും. അതേസമയം, സെപ്റ്റംബറിലെ ഈ കുറഞ്ഞ നിരക്ക് അധികകാലം നീണ്ടുനിൽക്കില്ലെന്ന് ട്രാവൽ മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഒക്ടോബർ മുതൽ യുഎഇയിൽ വലിയ പരിപാടികളും ശൈത്യകാല ടൂറിസം സീസണും ആരംഭിക്കുന്നതോടെ ടിക്കറ്റ് നിരക്കുകൾ വീണ്ടും ഉയർന്നേക്കാം. അതിനാൽ യാത്രാ തീയതികളിൽ മാറ്റം വരുത്താൻ സാധിക്കുന്ന പ്രവാസികൾക്ക് സെപ്റ്റംബർ മധ്യത്തിലെ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താം.

Content Highlights: Airfare to the UAE has seen a major decline, bringing relief to expatriates planning travel. Ticket prices on several routes have reportedly dropped by around 50%, making journeys more affordable for passengers.

dot image
To advertise here,contact us
dot image