

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സീ സ്ഥാപകൻ സുഭാഷ് ചന്ദ്ര. തനിക്കെതിരെയും എസ്സൽ ഗ്രൂപ്പിനെതിരെയും ‘വിച്ച്-ഹണ്ട്’ അഥവാ ആസൂത്രിത വേട്ടയാടൽ നടക്കുകയാണെന്നും റിലയൻസ് ഗ്രൂപ്പിന്റെ മാധ്യമ സ്ഥാപനങ്ങൾ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്നുമാണ് ചന്ദ്ര ആരോപിച്ചത്. മുകേഷ് അംബാനിയെ നേരിട്ട് അഭിസംബോധന ചെയ്ത അദ്ദേഹം, തനിക്ക് ഇനി നഷ്ടപ്പെടാൻ ഒന്നുമില്ലെന്നും എന്നാൽ അംബാനിക്ക് നഷ്ടപ്പെടാൻ ഒരുപാടുണ്ടെന്നും മുന്നറിയിപ്പ് നൽകി.
നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ അംഗീകരിച്ച കടപരിഹാര പദ്ധതിയുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളാണ് പുതിയ വിവാദത്തിന് പ്രധാന കാരണം. എസ്സൽ ഗ്രൂപ്പുമായി ബന്ധപ്പെട്ട് സുഭാഷ് ചന്ദ്ര വ്യക്തിഗത ഗ്യാരന്ററായി നിന്നിരുന്ന ഏകദേശം ₹22,006.57 കോടി രൂപയുടെ ക്ലെയിമുകൾക്ക് പകരം ഏകദേശം ₹6.5 കോടി രൂപയുടെ സെറ്റിൽമെന്റ് പദ്ധതിയാണ് എൻസിഎൽടി അംഗീകരിച്ചതെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിനെ തുടർന്നാണ് ചന്ദ്രയ്ക്കെതിരെ വലിയ തോതിലുള്ള വിമർശനം ഉയർന്നത്. എന്നാൽ, തനിക്കെതിരായ കടബാധ്യത സംബന്ധിച്ച കണക്കുകൾ തന്നെ തെറ്റായി അവതരിപ്പിക്കുകയാണെന്നാണ് ചന്ദ്രയുടെ വാദം.
മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ടിവി18 ഗ്രൂപ്പിന്റെ മാധ്യമ സ്ഥാപനങ്ങൾ തന്റെ കടബാധ്യതയെക്കുറിച്ച് തെറ്റായ വിവരങ്ങൾ റിപ്പോർട്ട് ചെയ്തതായും ചന്ദ്ര ആരോപിച്ചു. വിഷയത്തിൽ ബന്ധപ്പെട്ട മാധ്യമ സ്ഥാപനത്തിലെ മുതിർന്ന ഉദ്യോഗസ്ഥനെ സമീപിച്ചപ്പോൾ, ‘മുകളിൽ നിന്നുള്ള നിർദേശങ്ങൾ’ അനുസരിച്ചാണ് റിപ്പോർട്ടുകൾ നൽകിയതെന്ന് മറുപടി ലഭിച്ചതായും അദ്ദേഹം പറഞ്ഞു. തുടർന്ന് അംബാനിയെ നേരിട്ട് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും കത്ത് നൽകിയെന്നും ചന്ദ്ര അവകാശപ്പെട്ടു.
2019 ജനുവരിയിൽ സീ എന്റർടെയ്ൻമെന്റ് ഓഹരികളുടെ വില ഒരു ദിവസം ഏകദേശം 40 ശതമാനം ഇടിഞ്ഞ സംഭവത്തിലും അംബാനിക്കെതിരെ ചന്ദ്ര ആരോപണം ഉന്നയിച്ചു. സീ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് മുൻകാലത്ത് നടന്ന ചർച്ചകളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. 2021ൽ ഇൻവെസ്കോയുമായി ചേർന്നുള്ള റിലയൻസ് ഏറ്റെടുക്കൽ നിർദേശവും കുടുംബത്തിന് സാമ്പത്തികമായി ഗുണകരമായിരുന്നെങ്കിലും ന്യൂനപക്ഷ ഓഹരി ഉടമകളുടെ താൽപര്യത്തിന് അനുയോജ്യമല്ലാത്തതിനാൽ താൻ നിരസിച്ചുവെന്നും ചന്ദ്ര പറഞ്ഞു.
അതേസമയം, സുഭാഷ് ചന്ദ്രയുടെ ആരോപണങ്ങൾ റിലയൻസ് ഗ്രൂപ്പ് ശക്തമായി നിഷേധിച്ചു. ആരോപണങ്ങളും മാധ്യമ സ്ഥാപനങ്ങൾക്കെതിരായ സൂചനകളും അടിസ്ഥാനരഹിതമാണെന്നും തങ്ങളുടെ മാധ്യമ ബ്രാൻഡുകൾ ആരെയും ആക്രമിക്കാൻ ഉപയോഗിച്ചിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി. സുഭാഷ് ചന്ദ്രയെ ബിസിനസുകാരനും സംരംഭകനുമായി ഉയർന്ന ബഹുമാനത്തോടെ കാണുന്നുവെന്നും അദ്ദേഹത്തിന് ആശംസകൾ നേരുന്നതായും റിലയൻസ് പ്രതികരിച്ചു.
Content Highlights: Zee founder Subhash Chandra has issued a warning to Reliance Industries Chairman Mukesh Ambani. Chandra alleged that he and the Essel Group are being subjected to a “witch hunt”. He accused Reliance-linked media outlets of publishing misleading information about his financial liabilities.