ആദ്യമായി ലഭിച്ച 15,000 രൂപയും ഞാന്‍ ചെലവാക്കിത്തീര്‍ത്തു; ഓര്‍മകള്‍ പങ്കുവെച്ച് സൂര്യകുമാര്‍ യാദവ്

ക്രിക്കറ്റിലെ ആദ്യകാലത്തെക്കുറിച്ചും തഴയപ്പെട്ടതിനെക്കുറിച്ചും മനസ്സുതുറന്ന് സൂര്യകുമാര്‍ യാദവ്

ആദ്യമായി ലഭിച്ച 15,000 രൂപയും ഞാന്‍ ചെലവാക്കിത്തീര്‍ത്തു; ഓര്‍മകള്‍ പങ്കുവെച്ച് സൂര്യകുമാര്‍ യാദവ്
dot image

കരിയറിലെ ആദ്യ സമ്പാദ്യത്തെക്കുറിച്ചും തുടക്കകാലത്തെ പ്രതിസന്ധികളെക്കുറിച്ചും മനസ്സുതുറന്ന് ടി20 ലോകകപ്പ് ജേതാവായ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ്. മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്രയുമായി നടത്തിയ അഭിമുഖത്തിലാണ് തനിക്ക് ആദ്യമായി ലഭിച്ച പ്രതിഫലത്തെക്കുറിച്ച് സൂര്യകുമാര്‍ വെളിപ്പെടുത്തിയത്. മുംബൈ അണ്ടര്‍-15 ടീമിനായി കളിക്കുമ്പോഴാണ് തനിക്ക് ആദ്യമായി പണം ലഭിച്ചതെന്ന് സൂര്യകുമാര്‍ പറഞ്ഞു. 'മുംബൈ അണ്ടര്‍-15 ടീമിനായി ആദ്യമായി കളിച്ചപ്പോഴാണ് എനിക്ക് 15,000 രൂപ ലഭിക്കുന്നത്. ആ ഒരു മുഴുവന്‍ ടൂറിനുമായിട്ടാണ് ആ തുക ലഭിച്ചത്. ആ തുക മുഴുവന്‍ ഞാന്‍ അന്ന് ചെലവാക്കിത്തീര്‍ത്തു. അക്കാലത്ത് എനിക്ക് ബാറ്റ് സ്‌പോണ്‍സര്‍മാര്‍ ആരും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ലഭിച്ച തുക മുഴുവന്‍ ക്രിക്കറ്റ് ഉപകരണങ്ങള്‍ വാങ്ങാനാണ് ഞാന്‍ ഉപയോഗിച്ചത്' -സൂര്യകുമാര്‍ വ്യക്തമാക്കി.

അതേസമയം, ഇന്ത്യയെ മൂന്നാം ടി20 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച് മാസങ്ങള്‍ക്കകം തന്നെ സൂര്യകുമാര്‍ യാദവിന് ദേശീയ ടീമിലെ സ്ഥാനം നഷ്ടമായിരുന്നു. മോശം ഫോമും തുടര്‍ച്ചയായ പരിക്കുകളുമാണ് താരത്തിന് തിരിച്ചടിയായത്. ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിനായും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സൂര്യകുമാറിന് സാധിച്ചിരുന്നില്ല. ഇന്ത്യന്‍ ടീമിന് ടി 20 ലോകകപ്പ് കിരീടം സമ്മാനിച്ചതിന് തൊട്ടുപിന്നാലെ ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിലും സൂര്യകുമാര്‍ യാദവ് പ്രതികരിച്ചു. ടീമില്‍ നിന്നുപോലും തഴയപ്പെട്ട സംഭവത്തില്‍ കടുത്ത നിരാശയും മാനസിക സംഘര്‍ഷങ്ങളും നേരിട്ടതായി മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്രയുടെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സൂര്യ തുറന്നുപറഞ്ഞു. 'തന്റെ പേര് ടീമില്‍ ഇല്ലെന്ന വാര്‍ത്ത കണ്ടപ്പോള്‍ ആദ്യം പുഞ്ചിരിക്കുകയാണ് ചെയ്തതെന്ന് സൂര്യകുമാര്‍ യാദവ് പറഞ്ഞു. എന്റെ കരിയറില്‍ സമ്മര്‍ദ്ദഘട്ടങ്ങളിലൂടെ കടന്നുപോയപ്പോഴൊക്കെ ചിരിയോടെ തന്നെയാണ് ഞാന്‍ നേരിട്ടിട്ടുള്ളത്. 2026-ന് ശേഷമുള്ള അടുത്ത രണ്ട് വര്‍ഷത്തേക്ക് ഈ ടീമിനെ മുന്നോട്ട് നയിക്കാന്‍ കഴിയുമെന്നാണ് ഞാന്‍ കരുതിയത്. മുന്നില്‍ ഒളിംപിക്‌സും അടുത്ത ടി20 ലോകകപ്പും ഉണ്ടായിരുന്നു. എന്നാല്‍ നമ്മള്‍ ചിന്തിക്കുന്നതും മറ്റുള്ളവര്‍ ചിന്തിക്കുന്നതും രണ്ടാണ്' -അദ്ദേഹം പറഞ്ഞു. ടീമിന്റെ ഭാവിക്കായി സെലക്ടര്‍മാര്‍ എടുത്ത തീരുമാനത്തെ ഞാന്‍ പൂര്‍ണ്ണമായി ബഹുമാനിക്കുന്നു' സൂര്യകുമാര്‍ വ്യക്തമാക്കി. സെലക്ടര്‍മാകുടെ തീരുമാനം ഉള്‍ക്കൊണ്ടെങ്കിലും പിന്നീട് മാനസികമായി താന്‍ ഏറെ ബുദ്ധിമുട്ടിയെന്ന് സൂര്യകുമാര്‍ വെളിപ്പെടുത്തി. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഒരു പരമ്പര പോലും തോല്‍ക്കാത്ത ടീമാണ് നമ്മുടേത്. ഏഷ്യാ കപ്പും ടി20 ലോകകപ്പും നമ്മള്‍ നേടി. എല്ലാം മികച്ച രീതിയില്‍ മുന്നോട്ടുപോകുമ്പോള്‍ എന്തിനാണ് ഈയൊരു മാറ്റം എന്ന് എന്റെ മനസ് ചോദിച്ചുകൊണ്ടിരുന്നു. സുഹൃത്തുക്കളും കുടുംബാംഗങ്ങളും ആശ്വസിപ്പിക്കാന്‍ എത്തുമായിരുന്നു. എന്നാല്‍ അവര്‍ മടങ്ങിക്കഴിയുമ്പോള്‍ ഞാന്‍ വീണ്ടും ഒറ്റയ്ക്കായി, സൂര്യകുമാര്‍ പറഞ്ഞു. ലോകകപ്പ് വിജയത്തിന് ശേഷം അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ സൂര്യകുമാറിന് പകരം ശ്രേയസ് അയ്യരെയാണ് സെലക്ടര്‍മാര്‍ നായകനായി ചുമതലപ്പെടുത്തിയത്. അതില്‍ അയര്‍ലാന്‍ഡിനോട് പരമ്പര വൈറ്റ് വാഷ് തോല്‍വി ഏറ്റുവാങ്ങുകയും ചെയ്തു.


ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ചുള്ള ചോദ്യത്തിന്, 'ഞാന്‍ കഠിനാധ്വാനം ചെയ്യുന്നുണ്ട്, ചെയ്യേണ്ട കാര്യങ്ങളെല്ലാം കൃത്യമായി ചെയ്യുന്നുണ്ട്. കാര്യങ്ങള്‍ നന്നായി നടന്നാല്‍ എല്ലാം വഴിയേ ശരിയാകും' എന്നായിരുന്നു സൂര്യകുമാറിന്റെ പ്രതികരണം. അതേസമയം, ഡൊമെസ്റ്റിക് ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികച്ച പ്രകടനം നടത്തിയാല്‍ സൂര്യകുമാറിന് ദേശീയ ടീമിലേക്ക് തിരിച്ചുവരാനുള്ള വാതിലുകള്‍ അടഞ്ഞിട്ടില്ലെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ ടീം മാനേജ്മെന്റിന്റെ പദ്ധതികളില്‍ ഇല്ലെങ്കിലും ആഭ്യന്തര മത്സരങ്ങളിലെ പ്രകടനം അടിസ്ഥാനമാക്കി താരത്തെ വീണ്ടും പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

content highlights: "Spent My First ₹15,000 Entirely": Suryakumar Yadav Recalls Early Days

dot image
To advertise here,contact us
dot image