ഇമ്രാന്‍ ഖാന്റെ മക്കളുടെ അഭിമുഖ വിവാദം: പ്രതികരണവുമായി പാകിസ്താന്‍ പരിശീലകന്‍ സര്‍ഫറാസ് അഹമ്മദ്

തനിക്ക് ഇതേക്കുറിച്ച് ഒന്നും അറിയില്ലെന്ന് പാക് കോച്ച്, രണ്ടാം ടെസ്റ്റിന്റെ ഒന്നാം ദിവസത്തെ ലഞ്ച് ബ്രേക്കിലാണ് വിവാദമായ അഭിമുഖം സംപ്രേഷണം ചെയ്തത്

ഇമ്രാന്‍ ഖാന്റെ മക്കളുടെ അഭിമുഖ വിവാദം: പ്രതികരണവുമായി പാകിസ്താന്‍ പരിശീലകന്‍ സര്‍ഫറാസ് അഹമ്മദ്
dot image

മുന്‍ പാകിസ്താന്‍ പ്രധാനമന്ത്രിയും ക്യാപ്റ്റനുമായ ഇമ്രാന്‍ ഖാന്റെ മക്കളുമായി സ്‌കൈ സ്‌പോര്‍ട്‌സ് നടത്തിയ അഭിമുഖത്തെച്ചൊല്ലിയുള്ള വിവാദങ്ങളില്‍ ഒടുവില്‍ മൗനം വെടിഞ്ഞ് പാകിസ്താന്‍ ക്രിക്കറ്റ് ടീം ഹെഡ് കോച്ച് സര്‍ഫറാസ് അഹമ്മദ്. ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിവസത്തെ കളിക്ക് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് സര്‍ഫറാസിന് നേരെ ചോദ്യശരങ്ങള്‍ ഉയര്‍ന്നത്. ഇമ്രാന്‍ ഖാന്റെ മക്കളായ സുലൈമാനും കാസിമുമായി മൈക്കല്‍ ആതര്‍ട്ടണ്‍ നടത്തിയ അഭിമുഖത്തെപ്പറ്റി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡും തമ്മില്‍ നടന്ന ചര്‍ച്ചകളെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്ന് സര്‍ഫറാസ് വ്യക്തമാക്കി.

മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി, 'എനിക്ക് ഇതിനെക്കുറിച്ച് ഒന്നും അറിയില്ല. ഞാന്‍ മത്സരത്തില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്' -സര്‍ഫറാസ് പറഞ്ഞു. സ്‌കൈ സ്‌പോര്‍ട്‌സ് അഭിമുഖം സംപ്രേഷണം ചെയ്താല്‍ മത്സരത്തിന്റെ രണ്ടാം സെഷന്‍ ബഹിഷ്‌കരിക്കുമെന്ന് പിസിബി ഭീഷണിപ്പെടുത്തിയിരുന്നോ എന്നും ടീം ഗ്രൗണ്ടിലിറങ്ങാന്‍ മടിച്ചിരുന്നോ എന്നുമുള്ള ചോദ്യം പൂര്‍ത്തിയാക്കാന്‍ പോലും സര്‍ഫറാസ് അനുവദിച്ചില്ല. 'ഇല്ല, ഇല്ല, ഇല്ല…' എന്ന് അദ്ദേഹം ആവര്‍ത്തിച്ച് പറഞ്ഞ് പൂര്‍ണമായും തള്ളി. 'നിങ്ങള്‍ ആ അഭിമുഖത്തെക്കുറിച്ചാണോ പറയുന്നത്? ആ അഭിമുഖത്തെക്കുറിച്ച് ഞങ്ങള്‍ക്ക് ഒന്നും അറിയില്ല. ആ സമയത്ത് ഞങ്ങള്‍ ഉച്ചഭക്ഷണം കഴിക്കുകയായിരുന്നു' -സര്‍ഫറാസ് കൂട്ടിച്ചേര്‍ത്തു.

രണ്ടാം ടെസ്റ്റിന്റെ ഒന്നാം ദിവസത്തെ ലഞ്ച് ബ്രേക്കിലാണ് ഇമ്രാന്‍ ഖാന്റെ മക്കളായ സുലൈമാനും കാസിമുമായുള്ള അഭിമുഖം സ്‌കൈ സ്‌പോര്‍ട്‌സ് സംപ്രേഷണം ചെയ്തത്. 2023 മുതല്‍ ജയിലില്‍ കഴിയുന്ന തങ്ങളുടെ പിതാവിന് ലഭിക്കുന്ന പരിഗണനയെക്കുറിച്ചും സുരക്ഷയെക്കുറിച്ചും മക്കള്‍ അഭിമുഖത്തില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. അഭിമുഖം സംപ്രേഷണം ചെയ്യുന്നതിനെതിരെ പിസിബി പരാതി നല്‍കിയിരുന്നതായും, ബഹിഷ്‌കരണ ഭീഷണിയെ തുടര്‍ന്ന് ഇസിബി ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഉപദേശം തേടിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, എല്ലാ തടസ്സങ്ങളും മറികടന്ന് സ്‌കൈ സ്‌പോര്‍ട്‌സ് അഭിമുഖം പുറത്തുവിടുകയും പാകിസ്താന്‍ താരങ്ങള്‍ കളി തുടരുകയും ചെയ്തു. വലിയ വിവാദങ്ങളാണ് ഇതിന് പിന്നാലെയുണ്ടായത്.
അഭിമുഖം പുറത്തുവരുന്നത് പാക് ക്രിക്കറ്റ് ടീം തടയുന്നതെന്തിനാണെന്ന ചോദ്യമാണ് പ്രധാനമായും ഉയര്‍ന്നത്. മത്സരം ബഹിഷ്‌കരിക്കും എന്നതടക്കമുള്ള ഭീഷണി മുഴക്കുന്നതിന് പിന്നിലുള്ള കാരണമെന്താണെന്ന അന്വേഷണത്തിലാണ് ക്രിക്കറ്റ് ലോകം. ക്രിക്കറ്റിനപ്പുറം രാഷ്ട്രീയമായും ഏറെ മാനങ്ങളുള്ള വിഷയമായതിനാലാണ് പിസിബി ഇത്തരമൊരു കര്‍ശനനിലപാട് സ്വീകരിച്ചതെന്നാണ് വിലയിരുത്തല്‍. ഇമ്രാന്‍ ഖാന്റെ ജയില്‍വാസം, നിലവിലെ ആരോഗ്യസ്ഥിതി തുടങ്ങിയ നിര്‍ണായകമായ വിവരങ്ങള്‍ പുറത്തുവരാനുള്ള സാധ്യതയും മുന്നില്‍ കണ്ടുകൊണ്ടാണ് നടപടി. അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ ടെസ്റ്റിനിടെ വിവാദങ്ങള്‍ക്ക് ഇടനല്‍കിയേക്കാമെന്നും പിസിബി വൃത്തങ്ങള്‍ വിശദീകരിക്കുന്നു. ജയിലില്‍വെച്ച് ഇമ്രാന്‍ ഖാനെ കൊല്ലാനാണ് ശ്രമിക്കുന്നതെന്നും കൃത്യമായ ചികിത്സ ലഭിക്കുന്നില്ലെന്നും അവര്‍ പറയുന്നുണ്ട്. 'അവര്‍ അവിടെ എന്താണ് ചെയ്യുന്നതെന്ന് വ്യക്തമല്ല, അദ്ദേഹത്തെ അവിടെ വെച്ച് കൊല്ലാന്‍ ശ്രമിക്കുകയാണ്. അദ്ദേഹത്തെ കഴിയുന്നത്ര കാലം അകത്ത് കിടത്തുക, അദ്ദേഹത്തെ നിശബ്ദനാക്കുക. അദ്ദേഹം ഞങ്ങളുടെ അമ്മായിമാരോടും മറ്റുള്ളവരോടും അവസാനമായി സംസാരിച്ചപ്പോള്‍, സാഹചര്യങ്ങള്‍ വഷളായതായാണ് പറഞ്ഞത്. ജയിലില്‍ കൊല്ലപ്പെട്ടതോ മരിച്ചതോ ആയ മറ്റ് രാഷ്ട്രീയ തടവുകാരെക്കുറിച്ചാണ് സംസാരിച്ചത്. ഇപ്പോള്‍, സ്ഥിതി എന്നത്തേക്കാളും മോശമാണ്. ഒരു ദിവസം 23 മണിക്കൂറിലധികം ഒരു സെല്ലില്‍ പൂര്‍ണമായും ഒറ്റപ്പെടുത്തിയിരിക്കുന്നു'-കാസിം അഭിമുഖത്തില്‍ പറഞ്ഞു. 'ഇപ്പോള്‍ കൃത്യമായ ചികിത്സ ലഭിക്കേണ്ടത് വളരെ നിര്‍ണായകമാണ്. കണ്ണിന്റെ പ്രശ്നത്തിന് അദ്ദേഹം ഒരു ഐ പാച്ച് ധരിച്ചിരുന്നു. ഇപ്പോള്‍ കടുത്ത മാനസിക സമ്മര്‍ദ്ദമുള്ളയാളായാണ് കാണുന്നത്. തോക്കിന്‍മുനയില്‍ നില്‍ക്കേണ്ടി വന്നപ്പോഴും ഞാന്‍ കണ്ടിട്ടുള്ളപ്പോഴെല്ലാം വളരെ ശാന്തനായിരുന്നു അദ്ദേഹം. മുന്‍പ് ഞങ്ങള്‍ സഞ്ചരിച്ചിരുന്ന കാര്‍ കൊള്ളയടിക്കപ്പെട്ട ഘട്ടത്തില്‍ പോലും കൂട്ടത്തില്‍ ഏറ്റവും ശാന്തനായിരുന്നത് അദ്ദേഹമായിരുന്നു'- കാസിം കൂട്ടിച്ചേര്‍ത്തു.


ഇമ്രാന്‍ ഖാന്റെ ചികിത്സയെ സംബന്ധിച്ച് മറ്റൊരു മകനായ സുലൈമാന്‍ തന്റെ ആശങ്ക പ്രകടിപ്പിച്ചു. സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് പകരം, കുറച്ച് മണിക്കൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ ഫെസിലിറ്റിയിലേക്കാണ് കൊണ്ടുപോയത്. തുടര്‍ന്ന് നേരെ ജയിലിലേക്ക് തിരിച്ചയക്കുകയും ചെയ്തു. ഞങ്ങള്‍ ഭയപ്പെട്ടതുപോലെ തന്നെ സംഭവിച്ചു'-സുലൈമാന്‍ പറഞ്ഞു. 'സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഒരു മണിക്കൂര്‍ പരിശോധന മാത്രമാണ് നടത്തിയത്. കുഴപ്പമില്ലെന്നും അദ്ദേഹം ആരോഗ്യവാനാണെന്നും അവര്‍ പറഞ്ഞു. പിന്നാലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുമെന്നും പറഞ്ഞു. എന്നാല്‍ അതൊന്നും ചെയ്യാതെ, അവര്‍ അദ്ദേഹത്തെ നേരെ ജയിലിലേക്ക് തിരിച്ചയക്കുകയാണ് ചെയ്തത്'-സുലൈമാന്‍ അഭിമുഖത്തില്‍ ആരോപിച്ചു. ഇമ്രാന്‍ ഖാന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്കരേഖപ്പെടുത്തി ലോകത്തെ പഴയകാല ക്രിക്കറ്റ് താരങ്ങള്‍ പാകിസ്താന്‍ സര്‍ക്കാരിന് കത്തയച്ചിരുന്നു.
അതേസമയം, പാകിസ്ഥാനില്‍ ഈ മത്സരം സംപ്രേഷണം ചെയ്ത സര്‍ക്കാര്‍ ചാനലായ പിടിവി പക്ഷെ അഭിമുഖത്തിന് പകരം പരസ്യങ്ങളാണ് കാണിച്ചത്.

content highlights: Imran Khan's Sons Interview Controversy: Pakistan Coach Sarfaraz Ahmed Breaks Silence

dot image
To advertise here,contact us
dot image