ഒരു വശത്ത് കനത്ത ചൂട്, മറുവശത്ത് മഴ; യുഎഇയിൽ വ്യത്യസ്ത കാലാവസ്ഥ തുടരുന്നു

സീസണിലെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയ ദിവസങ്ങളിലൊന്നിലാണ് ഈ മഴ പെയ്തത് എന്നത് ശ്രദ്ധേയമാണ്

ഒരു വശത്ത് കനത്ത ചൂട്, മറുവശത്ത് മഴ; യുഎഇയിൽ വ്യത്യസ്ത കാലാവസ്ഥ തുടരുന്നു
dot image

യുഎഇയിലെ വിവിധ പ്രദേശങ്ങളിൽ അതിരൂക്ഷമായ ഉഷ്ണതരംഗം തുടരുന്നു. എന്നാൽ ചില സമയങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയും പെയ്യുന്നുണ്ട്. രാജ്യത്തിന്റെ ഉൾനാടൻ പ്രദേശങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസ് കടന്നിരിക്കുകയാണ്. അതേസമയത്തു തന്നെയാണ് ഷാർജയുടെ മധ്യമേഖലകളിൽ മഴയും ഇടിമിന്നലും ഉണ്ടായത്. കനത്ത ചൂടിൽ വലഞ്ഞിരുന്ന ജനങ്ങൾക്ക് മഴ വലിയ ആശ്വാസമായി.

വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം ഷാർജയിലെ മലീഹ മേഖലയിൽ മഴ പെയ്തതായി കാലാവസ്ഥാ നിരീക്ഷകർ റിപ്പോർട്ട് ചെയ്തു. കൂടാതെ അൽ മദാമിലും ഇതിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിലും ഇടിമിന്നലോട് കൂടിയ മഴ ഉണ്ടായി. ഇതിനൊപ്പം കിഴക്കൻ തീരപ്രദേശങ്ങളിൽ ദിവസം മുഴുവൻ മേഘാവൃതമായ അന്തരീക്ഷവും ഇടയ്ക്കിടെ ചാറ്റൽമഴയും അനുഭവപ്പെട്ടു. അറബിക്കടലിൽ നിന്നുള്ള ഈർപ്പമുള്ള തെക്കുകിഴക്കൻ കാറ്റിന്റെ ഫലമായി വേനൽക്കാലത്തിന്റെ അവസാനത്തോടെ യുഎഇയിൽ ഉണ്ടാകാറുള്ള പതിവ് കാലാവസ്ഥാ വ്യതിയാനമാണിത്.

സീസണിലെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയ ദിവസങ്ങളിലൊന്നിലാണ് ഈ മഴ പെയ്തത് എന്നത് ശ്രദ്ധേയമാണ്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1:30-ഓടെ അൽ ഐനിലെ അൽ ഫഖയിൽ 50.9 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തി. ഉച്ചയ്ക്ക് 2:45-ഓടെ അൽ ദഫ്ര മേഖലയിലെ മദീനത്ത് സായിദിലും ഇതേ താപനില തന്നെ രേഖപ്പെടുത്തി. കടുത്ത ചൂടും കിഴക്ക് നിന്നുള്ള ഈർപ്പമുള്ള കാറ്റും ഒന്നിച്ചതോടെയാണ് കിഴക്കൻ മലനിരകളിൽ മഴമേഘങ്ങൾ രൂപപ്പെടാനും അത് ഉൾനാടൻ പ്രദേശങ്ങളിലേക്ക് വ്യാപിക്കാനും കാരണമായത്.

വരും ദിവസങ്ങളിലും സമാനമായ കാലാവസ്ഥ തുടരുമെന്നാണ് സൂചന. ചില വടക്കൻ, കിഴക്കൻ മേഖലകളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഉൾനാടൻ പാതകളിലും മലയോര മേഖലകളിലും കനത്ത മഴ കാരണം കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Content Highlights: The UAE continues to witness varied weather conditions, with some areas facing intense heat while others receive rainfall. The contrasting climate pattern has drawn attention amid changing weather conditions across the country.

dot image
To advertise here,contact us
dot image