ബസുകൾ എത്തുന്ന കൃത്യമായ സമയം അറിയാം; സ്റ്റോപ്പുകളിൽ തത്സമയ യാത്രാ വിവരങ്ങൾ ലഭ്യമാക്കാൻ ഷാർജ

ഷാർജയിലെ പൊതുഗതാഗത മേഖലയുടെ ഗുണനിലവാരം ഉയർത്തുന്നതിനും ആധുനിക ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ച് കൂടുതൽ സുസ്ഥിരമായ യാത്രാനുഭവം ജനങ്ങൾക്ക് നൽകുന്നതിനുമാണ് ആർടിഎ ലക്ഷ്യമിടുന്നത്

ബസുകൾ എത്തുന്ന കൃത്യമായ സമയം അറിയാം; സ്റ്റോപ്പുകളിൽ തത്സമയ യാത്രാ വിവരങ്ങൾ ലഭ്യമാക്കാൻ ഷാർജ
dot image

ഷാർജയിലെ പൊതുഗതാഗത ഉപയോഗം കൂടുതൽ സുഗമമാക്കുന്നതിനായി പുതിയ പദ്ധതി അവതരിപ്പിച്ച് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. ബസുകൾ എത്തുന്ന കൃത്യമായ സമയം തത്സമയം യാത്രക്കാരെ അറിയിക്കുന്നതിനുള്ള അത്യാധുനിക സംവിധാനമാണ് അതോറിറ്റി നഗരത്തിൽ നടപ്പിലാക്കുന്നത്. ഇതോടെ യാത്രക്കാർക്ക് തങ്ങളുടെ യാത്രകൾ കൂടുതൽ കാര്യക്ഷമമായി ആസൂത്രണം ചെയ്യാൻ സാധിക്കും.

പൂർണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഡിസ്‌പ്ലേ ബോർഡുകളാണ് ബസ് സ്റ്റോപ്പുകളിൽ സ്ഥാപിക്കുന്നത്. ഓരോ സ്റ്റോപ്പിലും ബസ് എത്താൻ ഇനി എത്ര മിനിറ്റ് ബാക്കിയുണ്ടെന്ന വിവരത്തിന് പുറമെ, സർവീസ് സംബന്ധമായ അറിയിപ്പുകളും അപ്‌ഡേറ്റുകളും ഈ സ്ക്രീനുകളിൽ തെളിയും. യാത്രക്കാർക്ക് തെളിമയോടെയും എളുപ്പത്തിലും വിവരങ്ങൾ ലഭ്യമാക്കാൻ എയർ കണ്ടീഷൻ ചെയ്ത അത്യാധുനിക ബസ് ഷെൽട്ടറുകളിലും പ്രധാന ബസ് സ്റ്റേഷനുകളിലുമാണ് ഇവ സജ്ജീകരിക്കുന്നത്.

ഷാർജയിലെ പൊതുഗതാഗത മേഖലയുടെ ഗുണനിലവാരം ഉയർത്തുന്നതിനും ആധുനിക ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ച് കൂടുതൽ സുസ്ഥിരമായ യാത്രാനുഭവം ജനങ്ങൾക്ക് നൽകുന്നതിനുമാണ് ആർടിഎ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഈ വർഷം ജൂണിൽ ഷാർജയെയും ഒമാനെയും ബന്ധിപ്പിക്കുന്ന ഇന്റർസിറ്റി ബസ് സർവീസുകളിൽ അതോറിറ്റി വലിയ മാറ്റങ്ങൾ വരുത്തിയിരുന്നു.

യുഎഇയിൽ നിന്ന് ഒമാനിലേക്ക് പോകുന്ന യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വർദ്ധനവ് കണക്കിലെടുത്ത് ഷാർജ അൽ ജുബൈൽ ബസ് സ്റ്റേഷനിൽ നിന്ന് ഒമാനിലെ സോഹാർ വഴി മസ്‌കറ്റിലേക്ക് പോകുന്ന സർവീസുകളുടെ എണ്ണം ദിവസേന മൂന്നായി ഉയർത്തിയിട്ടുണ്ട്. ഒമാനിൽ നിന്ന് തിരിച്ച് സോഹാറിൽ നിന്ന് രണ്ട് സർവീസുകളും മസ്‌കറ്റിൽ നിന്ന് ഒരു സർവീസുമാണ് പ്രതിദിനം ഷാർജയിലേക്ക് ഉള്ളത്.

Content Highlights: Sharjah is set to provide real-time travel information at bus stops, allowing passengers to track accurate bus arrival timings and improve their daily commuting experience.

dot image
To advertise here,contact us
dot image