

ദുബായിൽ വാടകയ്ക്ക് താമസിക്കുന്നവർക്ക് വലിയ ആശ്വാസമേകുന്ന പുതിയ പദ്ധതിയുമായി ദുബായ് ലാൻഡ് ഡിപ്പാർട്ട്മെന്റ്. വാർഷിക വീട്ടുവാടക പലിശയില്ലാതെ 12 മാസത്തെ ഗഡുക്കളായി അടയ്ക്കാൻ അവസരമൊരുക്കുന്ന 'റെന്റ് നൗ, പേ ലേറ്റർ' പദ്ധതി അടുത്ത മാസത്തിൽ ആരംഭിക്കും. 'ഇമാറാത്ത് അൽ യൂം' ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പ്രാദേശിക ബാങ്കുമായി സഹകരിച്ച് നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ വീട്ടുവാടക അടയ്ക്കുന്നതിൽ കൂടുതൽ ഇളവുകളും എളുപ്പവും ഉറപ്പാക്കുകയാണ് അധികൃതർ ലക്ഷ്യമിടുന്നത്.
പുതിയ സംവിധാനമനുസരിച്ച്, വാടകക്കാരൻ താമസിക്കാൻ ഉദ്ദേശിക്കുന്ന വീട് തിരഞ്ഞെടുത്ത ശേഷം ബാങ്ക് മൊത്തം വാർഷിക വാടക തുകയും കെട്ടിട ഉടമയ്ക്ക് ഒറ്റത്തവണയായി നൽകും. തുടർന്ന് ഈ തുക വാടകക്കാരൻ പലിശയില്ലാതെ 12 ഗഡുക്കളായി ബാങ്കിലേക്ക് തിരിച്ചടച്ചാൽ മതിയാകും. വാടകക്കാരന് സാമ്പത്തിക ബാധ്യതകൾ കുറയ്ക്കാനും ഭവന ലഭ്യത കൂടുതൽ എളുപ്പമാക്കാനും ഈ നീക്കം സഹായിക്കും.
പദ്ധതിയുടെ അന്തിമ മാനദണ്ഡങ്ങളും അപേക്ഷാ രീതികളും നിലവിൽ തയ്യാറായി വരികയാണ്. യോഗ്യതാ മാനദണ്ഡങ്ങൾ, പണം തിരിച്ചടയ്ക്കേണ്ട രീതികൾ, ബാങ്ക്, വാടകക്കാരൻ, കെട്ടിട ഉടമ എന്നിവർ തമ്മിലുള്ള കരാർ വിവരങ്ങൾ എന്നിവ പദ്ധതി ഔദ്യോഗികമായി പുറത്തിറക്കുമ്പോൾ പ്രഖ്യാപിക്കും. ഈ പദ്ധതി പൂർണ തോതിൽ നടപ്പിലാകുന്നതോടെ, വാടക വിപണിയിൽ ഇത്തരമൊരു സംയോജിത സംവിധാനം കൊണ്ടുവരുന്ന ലോകത്തിലെ ആദ്യ നഗരമായി ദുബായ് മാറും.
നേരത്തെ ജൂൺ 23-ന് ദുബായ് ലാൻഡ് ഡിപ്പാർട്ട്മെന്റ് അവതരിപ്പിച്ച 'ഫ്ലെക്സി റെന്റ്' പദ്ധതിയുടെ തുടർച്ചയായാണ് ഈ പുതിയ പ്രഖ്യാപനം. വാടക പ്രതിമാസമോ, മൂന്നു മാസത്തിലൊരിക്കലോ, ആറു മാസത്തിലൊരിക്കലോ അടയ്ക്കാൻ സൗകര്യമൊരുക്കുന്നതായിരുന്നു ഫ്ലെക്സി റെന്റ്. വാടക വിപണിയിൽ സ്ഥിരത ഉറപ്പാക്കാനും പ്രവാസികൾ ഉൾപ്പെടെയുള്ള താമസക്കാരുടെ ജീവിതനിലവാരം ഉയർത്താനും ലക്ഷ്യമിട്ടാണ് ദുബായ് ലാൻഡ് ഡിപ്പാർട്ട്മെന്റ് ഇത്തരം ജനക്ഷേമ പദ്ധതികൾ നടപ്പിലാക്കി വരുന്നത്.
Content Highlights: A new facility in Dubai allows tenants, including expatriates, to pay house rent through banks without interest charges. The initiative is expected to ease financial pressure on residents and simplify rental payments.