71 വർഷത്തെ അച്ചടി യുഗത്തിന് അവസാനമാകുന്നു; അൽ റിയാദ് പത്രം പ്രിന്റ് എഡിഷൻ നിർത്തുന്നു

1965-ൽ സൗദി തലസ്ഥാനമായ റിയാദിൽ നിന്ന് പുറത്തിറങ്ങിയ ആദ്യ അറബിക് ദിനപത്രമാണ് അൽ റിയാദ്

71 വർഷത്തെ അച്ചടി യുഗത്തിന് അവസാനമാകുന്നു; അൽ റിയാദ് പത്രം പ്രിന്റ് എഡിഷൻ നിർത്തുന്നു
dot image

സൗദി അറേബ്യയിലെ പ്രമുഖ മാധ്യമ സ്ഥാപനങ്ങളിലൊന്നായ അൽ റിയാദ് ദിനപത്രം ഏഴ് പതിറ്റാണ്ട് നീണ്ട അച്ചടി പതിപ്പ് അവസാനിപ്പിക്കാൻ ഒരുങ്ങുന്നു. ഓഗസ്റ്റ് 24-ന് പത്രത്തിന്റെ അവസാന അച്ചടി പതിപ്പ് പുറത്തിറങ്ങും. അതിനുശേഷം 71 വർഷത്തെ പാരമ്പര്യമുള്ള അൽ റിയാദ് പത്രം പൂർണമായും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ മാത്രമാകും ലഭ്യമാകുക. അൽ റിയാദിന്റെ പ്രസാധകരായ അൽ യമാമ പ്രസ് എസ്റ്റാബ്ലിഷ്മെന്റ് പുറത്തിറക്കുന്ന അൽ യമാമ മാസികയും ഇതോടൊപ്പം പ്രിന്റ് പതിപ്പ് അവസാനിപ്പിച്ച് ഡിജിറ്റൽ രൂപത്തിലേക്ക് മാറും.

1965-ൽ സൗദി തലസ്ഥാനമായ റിയാദിൽ നിന്ന് പുറത്തിറങ്ങിയ ആദ്യ അറബിക് ദിനപത്രമാണ് അൽ റിയാദ്. ചെറിയൊരു അച്ചടി മാധ്യമമായി തുടങ്ങി പിന്നീട് രാജ്യത്തെ ഏറ്റവും വലിയ മാധ്യമ സ്ഥാപനങ്ങളിലൊന്നായി ഇത് വളർന്നു. 1998-ൽ തങ്ങളുടെ വെബ്‌സൈറ്റിന് തുടക്കമിട്ട അൽ റിയാദ്, വളരെ നേരത്തെ തന്നെ ഡിജിറ്റൽ സാന്നിധ്യം ഉറപ്പിച്ചിരുന്നു. പ്രാദേശികമായും അന്താരാഷ്ട്രതലത്തിലും പ്രതിദിനം 1,50,000-ത്തിലധികം കോപ്പികൾ വിറ്റഴിച്ചിരുന്ന ഒരു കാലഘട്ടം ഈ പത്രത്തിനുണ്ടായിരുന്നു.

ആഗോളതലത്തിൽ വായനാശീലം അച്ചടി താളുകളിൽ നിന്ന് ഡിജിറ്റൽ സ്ക്രീനുകളിലേക്ക് മാറുന്നതിന്റെ പ്രതിഫലനമാണ് ഈ തീരുമാനമെന്നാണ് വിലയിരുത്തൽ. മാറുന്ന സാങ്കേതികവിദ്യയ്ക്കും വായനക്കാരുടെ പുതിയ അഭിരുചികൾക്കും അനുസൃതമായി തങ്ങളുടെ മാധ്യമപ്രവർത്തനത്തിന്റെ ഗുണനിലവാരം നിലനിർത്തിക്കൊണ്ടുതന്നെ ഡിജിറ്റൽ മാധ്യമങ്ങളിൽ കൂടുതൽ സജീവമാകാനാണ് സ്ഥാപനം ലക്ഷ്യമിടുന്നത്. മാധ്യമപ്രവർത്തനം കടലാസിൽ നിന്ന് സ്ക്രീനിലേക്ക് മാറുമ്പോഴും സംഭവങ്ങൾ രേഖപ്പെടുത്തുന്നതിലും ജനങ്ങളിൽ അവബോധം വളർത്തുന്നതിലുമുള്ള പത്രത്തിന്റെ ദൗത്യം തുടരുമെന്ന് ഇക്കഴിഞ്ഞ മെയ് മാസത്തിൽ അൽ റിയാദ് പ്രസിദ്ധീകരിച്ച ലേഖനത്തിൽ വ്യക്തമാക്കിയിരുന്നു.

സൗദിയിലെ പ്രമുഖ മാധ്യമപ്രവർത്തകൻ പരേതനായ തുർക്കി അൽ സുദൈരി ഉൾപ്പെടെയുള്ള പ്രഗത്ഭരായ വ്യക്തിത്വങ്ങളുടെ നേതൃത്വത്തിൽ വളർന്ന സ്ഥാപനമാണ് അൽ റിയാദ്. നാല് പതിറ്റാണ്ടോളം പത്രത്തിന്റെ എഡിറ്റർ ഇൻ ചീഫായിരുന്ന അൽ സുദൈരി, അറബ് മാധ്യമലോകത്തെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാളായിരുന്നു. പ്രാദേശിക പത്രപ്രവർത്തനത്തിൽ സ്ത്രീകൾക്കായി പ്രത്യേക വിഭാഗം ആരംഭിച്ചതും ആധുനിക അച്ചടി സാങ്കേതികവിദ്യകൾ വേഗത്തിൽ സ്വീകരിച്ചതുമെല്ലാം അൽ റിയാദിന്റെ ചരിത്രത്തിലെ പ്രധാന നാഴികക്കല്ലുകളാണ്.

ഓഗസ്റ്റ് 24 മുതൽ കടലാസും മഷിയും ഉപയോഗിച്ചുള്ള അച്ചടി യുഗത്തിന് തിരശ്ശീല വീഴുമ്പോഴും പുതിയ കാലത്തെ വായനക്കാർക്ക് വെബ്‌സൈറ്റുകളിലൂടെയും മൊബൈൽ ആപ്പുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും കൂടുതൽ വേഗത്തിലും തത്സമയമായും വാർത്തകൾ എത്തിക്കാൻ അൽ റിയാദ് തയ്യാറെടുക്കുകയാണ്. ഈ മാറ്റം ഒരു മാധ്യമ സ്ഥാപനത്തിന്റെ അവസാനമല്ല, മറിച്ച് ഡിജിറ്റൽ യുഗത്തിലേക്കുള്ള പുതിയൊരു തുടക്കമാണെന്ന് വിലയിരുത്തപ്പെടുന്നു.

Content Highlights: Saudi Arabia's Al Riyadh newspaper has decided to discontinue its print edition after 71 years of publication. The move reflects the growing shift from traditional print media to digital platforms.

dot image
To advertise here,contact us
dot image