

അന്താരാഷ്ട്ര യുവജന ദിനമായ ഇന്ന് രാജ്യത്തെ യുവജനങ്ങളെ പ്രശംസിക്കുകയാണ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായദ് അല്‍ നഹ്‌യാന്‍. ഒരു രാജ്യത്തിന്റെ വികസനവും പുരോഗതിയും മുന്നോട്ട് പോകുന്നത് യുവജനങ്ങളിലൂടെയാണെന്നാണ് യുഎഇ പ്രസിഡൻ്റിൻ്റെ വാക്കുകൾ.
''യുവതയുടെ നവീകരണ ചിന്തകളും നേതൃത്വ ശേഷിയും രാജ്യത്തിന്റെ പുരോഗതിക്കും ഭാവിക്കും കരുത്താകുന്നു. ലോകത്തിന്റെ പുരോഗതിയിലും സമൃദ്ധിയിലുമുള്ള യുവജനതയുടെ പങ്ക് വളരെ വലുതാണ്.'' അതുകൊണ്ടുതന്നെ യുവജനതയെ ശാക്തീകരിക്കുന്നതിനുള്ള പരിപാടികള്‍ യുഎഇ ഇനിയും തുടരുമെന്ന് അദ്ദേഹം സാമൂഹ്യമാധ്യമമായ എക്സിൽ കുറിച്ചു.
അതേസമയം, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം യുവജനങ്ങളെ രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്തും പ്രതീക്ഷയുമെന്നാണ് വിശേഷിപ്പിച്ചത്. യുവജനതയാണ് രാജ്യത്തെ ഏറ്റവും വലിയ ശാസ്ത്ര, സാമ്പത്തിക, സാങ്കേതിക പദ്ധതികൾക്ക് നേതൃത്വം നൽകുന്നത്. അവരുടെ ഊർജമാണ് രാജ്യത്തെ മുന്നോട്ടു നയിക്കുന്ന പ്രധാന ശക്തി. യുവജനങ്ങളിൽ നിക്ഷേപിക്കുകയും അവരെ ശാക്തീകരിക്കുകയും ചെയ്യുന്നത് പ്രാധാന്യത്തോടെ തുടരുമെന്നാണ് അദ്ദേഹം എക്‌സിലൂടെ പറഞ്ഞത്. അന്താരാഷ്ട്ര യുവജനദിനത്തിൽ രാജ്യത്തെ പരമോന്നത നേതാക്കൾ നൽകിയ സന്ദേശങ്ങൾ യുഎഇയിലെ യുവജനങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസവും പ്രചോദനവും നൽകുന്നുവെന്നാണ് വിലയിരുത്തുന്നത്.
Content Highlight: The UAE President praised the country's young people on International Youth Day, highlighting their role in shaping the nation's future