

2027 ലെ ഏകദിന ലോകകപ്പ് വരെ ടീമിനെ നയിക്കാന്‍ താന്‍ സ്ഥാനത്ത് തുടരുമോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടിയുമായി പാകിസ്താന്‍ ഏകദിന ടീം ക്യാപ്റ്റന്‍ ഷഹീന്‍ ഷാ അഫ്രീദി. 'ഇപ്പോഴത്തേക്ക് ഞാന്‍ തന്നെയാണ് ക്യാപ്റ്റന്‍' എന്നായിരുന്നു അഫ്രീദിയുടെ പ്രതികരണം. മുന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം വീണ്ടും എല്ലാ ഫോര്‍മാറ്റുകളിലും നായകസ്ഥാനത്തേക്ക് തിരിച്ചെത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് അഫ്രീദിയുടെ പ്രസ്താവന.
സമീപകാലത്ത് പാകിസ്താന്‍ ക്രിക്കറ്റില്‍ നായകന്മാരെ മാറ്റുന്നത് പതിവായതിനാല്‍, കഴിഞ്ഞ വര്‍ഷം ഏകദിന ക്യാപ്റ്റനായി ചുമതലയേറ്റ അഫ്രീദിയുടെ സ്ഥാനവും വലിയ ചോദ്യചിഹ്നമായി തുടരുകയായിരുന്നു. നാഷണല്‍ ചാമ്പ്യന്‍സ് കപ്പ് ടീമുകളുടെ ക്യാപ്റ്റന്മാര്‍ പങ്കെടുത്ത പത്രസമ്മേളനത്തില്‍ സംസാരിക്കവെയാണ്, 2027 ലോകകപ്പ് വരെ ക്യാപ്റ്റനായി തുടരുമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഉറപ്പുനല്‍കിയിട്ടുണ്ടോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചത്. തനിക്ക് ചുറ്റുമുള്ള അനിശ്ചിതത്വങ്ങളെക്കുറിച്ച് കൂടുതല്‍ പറയാതെ, ലോകകപ്പിനായുള്ള പാകിസ്താന്റെ തയ്യാറെടുപ്പുകളിലേക്ക് അഫ്രീദി ശ്രദ്ധ തിരിക്കുകയായിരുന്നു.
തന്റെ നായകസ്ഥാനത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങളില്‍ ശ്രദ്ധ നല്‍കാതെ, ഓഗസ്റ്റ് 11 മുതല്‍ 18 വരെ നടക്കുന്ന പാകിസ്താനിലെ നാഷണല്‍ ചാമ്പ്യന്‍സ് കപ്പിലേക്ക് അഫ്രീദി ശ്രദ്ധ മാറ്റി. ലോകകപ്പിന് മുന്നോടിയായി പാകിസ്താന് ആവശ്യമായ ശക്തമായ ബെഞ്ച് സ്‌ട്രെങ്ത് വളര്‍ത്തിയെടുക്കാന്‍ ടൂര്‍ണമെന്റ് സഹായിക്കുമെന്നാണ് അഫ്രീദിയുടെ ആത്മവിശ്വാസം. 'ഏതൊരു ലോകകപ്പിന് പോകുമ്പോഴും നമ്മള്‍ നേരിടുന്ന പ്രധാന വെല്ലുവിളി കളിക്കാരുടെ പരിക്കുകളാണ്. ലോകകപ്പിന് തൊട്ടുമുമ്പ് ഏതെങ്കിലും താരങ്ങള്‍ക്ക് പരിക്കേറ്റാല്‍, നമുക്ക് പകരക്കാരെ പെട്ടെന്ന് ലഭ്യമാക്കാന്‍ ഈ ടൂര്‍ണമെന്റിലെ പ്രകടനങ്ങള്‍ സഹായിക്കും. അനുയോജ്യരായ പകരക്കാരെ കണ്ടെത്തുന്നത് ഇതോടെ എളുപ്പമാകും,' -അഫ്രീദി പറഞ്ഞു.
താരങ്ങള്‍ക്ക് അവരവരുടെ മുന്‍ഗണനാ സ്ഥാനങ്ങളില്‍ കളിക്കാന്‍ അവസരം ലഭിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു. 'എല്ലാവര്‍ക്കും അവരുടെ യഥാര്‍ത്ഥ പൊസിഷനുകളില്‍ കളിച്ച് കഴിവ് തെളിയിക്കാന്‍ ടൂര്‍ണമെന്റ് അവസരം നല്‍കും. കളിക്കാരെല്ലാം മികച്ച പ്രകടനം പുറത്തെടുക്കാന്‍ ശ്രമിക്കും. ഞങ്ങളുടെ പ്രധാന ലക്ഷ്യം ലോകകപ്പ് തന്നെയാണ്. വ്യക്തിഗത പ്രകടനങ്ങള്‍ക്ക് പുറമെ, കളിക്കാരുടെ ഫിറ്റ്നസും പ്രകടനക്ഷമതയും സൂക്ഷ്മമായി വിലയിരുത്തപ്പെടും,' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാക് നായകനാര്?
2025 ഒക്ടോബറില്‍ മുഹമ്മദ് റിസ്വാനെ മാറ്റിയാണ് അഫ്രീദിയെ പാകിസ്താന്റെ ഏകദിന ക്യാപ്റ്റനായി നിയമിച്ചത്. എന്നാല്‍ ഇപ്പോഴും, പാകിസ്താന്റെ നായകത്വത്തില്‍ ഇനിയും സ്ഥിരത കൈവന്നിട്ടില്ല. ബാബര്‍ അസമിനെ വീണ്ടും എല്ലാ ഫോര്‍മാറ്റുകളിലെയും ക്യാപ്റ്റനാക്കാന്‍ പി.സി.ബി ആലോചിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ശക്തമാണെങ്കിലും, ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. നിലവില്‍ ടീമിനെ മുന്നില്‍ നിന്ന് നയിക്കുന്നതിലും ലോകകപ്പ് തയ്യാറെടുപ്പുകളിലുമാണ് തന്റെ പൂര്‍ണ ശ്രദ്ധയെന്ന് അഫ്രീദി വ്യക്തമാക്കി. 2027 ഏകദിന ലോകകപ്പിന് മുന്നോടിയായി ത്രിരാഷ്ട്ര പരമ്പരകളും ഇംഗ്ലണ്ട് പര്യടനവുമടക്കം നിരവധി മത്സരങ്ങള്‍ പാകിസ്തനെ കാത്തിരിക്കുന്നുണ്ട്. പരിക്കുകള്‍ വില്ലനായാല്‍ പകരക്കാരെ കണ്ടെത്താന്‍ സെലക്ടര്‍മാര്‍ക്ക് ഈ ആഭ്യന്തര ടൂര്‍ണമെന്റ് മികച്ച അവസരമാകും.
content highlights: "Right Now, I Am the Captain": Shaheen Afridi Responds to Pakistan Captaincy Rumors