പ്രവാസികൾക്ക് വൻ ആശ്വാസം; നോർക്ക കെയർ പ്ലസ് വീണ്ടും, ഇനി ഒരു കോടി വരെ ഇൻഷുറൻസ് പരിരക്ഷ

പദ്ധതിയിൽ പോളിസി ഉടമയുടെയോ പങ്കാളിയുടെയോ 80 വയസ്സുവരെയുള്ള മാതാപിതാക്കളെയും ഉൾപ്പെടുത്താം

പ്രവാസികൾക്ക് വൻ ആശ്വാസം; നോർക്ക കെയർ പ്ലസ് വീണ്ടും, ഇനി ഒരു കോടി വരെ ഇൻഷുറൻസ് പരിരക്ഷ
dot image

പ്രവാസി മലയാളികൾക്കായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് മുഖേന നടപ്പാക്കുന്ന സമഗ്ര ആരോഗ്യ-അപകട ഇൻഷുറൻസ് പദ്ധതിയായ
നോർക്ക കെയർ പ്ലസിൽ അംഗമാകാൻ അവസരം. ആഗസ്റ്റ് 18 മുതൽ സെപ്തംബർ 18 വരെയാണ് സമയം. പുതിയ എൻറോൾമെന്റ് ഘട്ടത്തിന്റെ ഉദ്ഘാടനം ആഗസ്റ്റ് 18ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ചേംബറിൽ നിർവഹിക്കും.

കേരളത്തിന് പുറത്ത് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും കഴിയുന്ന പ്രവാസി കേരളീയർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി നോർക്ക റൂട്ട്സ് നടപ്പാക്കുന്ന ഇൻഷുറൻസ് പദ്ധതികളാണ് നോർക്ക കെയറും നോർക്ക കെയർ പ്ലസും.

പ്രവാസികളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമായി ഒരു സംസ്ഥാന സർക്കാർ രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലുള്ള സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ നടപ്പാക്കുന്നതെന്ന് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ രാജേഷ് മാധവൻ അറിയിച്ചു.

2026 മാർച്ചിലാണ് നോർക്ക കെയർ പ്ലസ് ആരംഭിച്ചത്. ഏപ്രിൽ 12 വരെ നടന്ന ആദ്യ എൻറോൾമെന്റ് ഘട്ടത്തിൽ 32,000 പ്രവാസി കുടുംബങ്ങൾ പദ്ധതിയിൽ അംഗങ്ങളായി. അഞ്ച് ലക്ഷം, 10 ലക്ഷം, 15 ലക്ഷം, 20 ലക്ഷം, 25 ലക്ഷം, 50 ലക്ഷം, ഒരു കോടി രൂപ എന്നിങ്ങനെ ഏഴ് വ്യത്യസ്ത ഇൻഷുറൻസ് സ്ലാബുകളിലാണ് പദ്ധതി ലഭ്യമാകുന്നത്.

പദ്ധതിയിൽ പോളിസി ഉടമയുടെയോ പങ്കാളിയുടെയോ 80 വയസ്സുവരെയുള്ള മാതാപിതാക്കളെയും ഉൾപ്പെടുത്താം. നിലവിൽ നോർക്ക കെയർ പദ്ധതിയിൽ അംഗങ്ങളായവർക്കും 10 ലക്ഷം രൂപയോ അതിനു മുകളിലോ ഉള്ള കവറേജിൽ നോർക്ക കെയർ പ്ലസിൽ ചേരാം. 10 ലക്ഷം മുതൽ ഒരു കോടി രൂപ വരെയുള്ള ഇൻഷുറൻസ് പോളിസികളിൽ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയ്ക്ക് തുല്യമായ തുക ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് പരിരക്ഷയായും ഐ.ഡി. കാർഡ് ഉടമയ്ക്ക് ലഭിക്കും.

നോർക്ക പ്രവാസി ഐ.ഡി. കാർഡ്, വിദേശത്ത് പഠിക്കുന്ന വിദ്യാർഥികൾക്കുള്ള സ്റ്റുഡന്റ് ഐ.ഡി. കാർഡ്, എൻ.ആർ.കെ. ഐ.ഡി. കാർഡ് എന്നിവയുള്ള പ്രവാസി കേരളീയർക്കാണ് പദ്ധതിയിൽ എൻറോൾ ചെയ്യാൻ കഴിയുക.

അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയും 10 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് പരിരക്ഷയുമാണ് നോർക്ക കെയർ പദ്ധതിയിലൂടെ ലഭിക്കുന്നത്.2025 സെപ്തംബർ 22 മുതൽ നവംബർ 30 വരെ നടന്ന ആദ്യഘട്ട എൻറോൾമെന്റിൽ 136 രാജ്യങ്ങളിൽ നിന്നായി 1,32,034 പ്രവാസി കുടുംബങ്ങൾ പദ്ധതിയിൽ അംഗങ്ങളായി. ഇതുവഴി ഏകദേശം അഞ്ച് ലക്ഷം കുടുംബാംഗങ്ങൾക്ക് പ്രയോജനം ലഭിക്കുന്നുണ്ട്.

നോർക്ക കെയർ പദ്ധതിയിലെ ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് പരിരക്ഷ പ്രൈമറി മെമ്പറായ നോർക്ക ഐ.ഡി. കാർഡ് ഉടമയ്ക്ക് മാത്രമാണ് ലഭിക്കുക. പൊതുമേഖലാ സ്ഥാപനമായ ന്യൂ ഇന്ത്യ അഷുറൻസ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കേരളത്തിലെ 618 ആശുപത്രികൾ ഉൾപ്പെടെ രാജ്യത്തെ ഏകദേശം 24,000 ആശുപത്രികളിൽ പദ്ധതിയുടെ ഭാഗമായി ക്യാഷ്‌ലെസ് ചികിത്സാ സൗകര്യം ലഭ്യമാക്കുന്നുണ്ട്.

2026 ജൂലൈ 31 വരെയുള്ള കണക്കുകൾ പ്രകാരം നോർക്ക കെയർ, നോർക്ക കെയർ പ്ലസ് പദ്ധതികളിലായി 31,660 ക്ലെയിമുകളിലൂടെ 227 കോടി രൂപയിലധികം ധനസഹായം നൽകിയിട്ടുണ്ട്.

സർക്കാരിന്റെ നോർക്ക വകുപ്പിന് കീഴിലുള്ള ഫീൽഡ് ഏജൻസിയായി 2002ൽ സ്ഥാപിതമായ നോർക്ക റൂട്ട്സ്, പ്രവാസി മലയാളികൾക്കായുള്ള വിവിധ പദ്ധതികൾ നടപ്പാക്കുന്നതിനൊപ്പം നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസം സുഗമമാക്കുന്നതിനും അവരുടെ പരാതികൾ പരിഹരിക്കുന്നതിനും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള നോഡൽ ഏജൻസിയായും പ്രവർത്തിച്ചുവരുന്നതായി രാജേഷ് മാധവൻ വ്യക്തമാക്കി.

Content Highlights: NORKA Care Plus Insurance: Registration Opens for NRIs from August 18 to September 18

dot image
To advertise here,contact us
dot image