

തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികയാണ് സായ് പല്ലവി. രാമായണ സിനിമയിലൂടെ പാന്‍ ഇന്ത്യന്‍ താരമായിരിക്കുകയാണ് താരം. ഇപ്പോഴിതാ താരം തന്റെ ഒരു സ്വപ്നത്തെ കുറിച്ച് പറയുകയാണ്. 21-ാം വയസ്സില്‍ മുത്തശ്ശി സമ്മാനിച്ച ഒരു സാരിയുടുത്ത് ദേശീയ പുരസ്‌കാരം വാങ്ങിക്കണമെന്നാണ് സായ് പല്ലവിയുടെ ആഗ്രഹം. തന്റെ വിവാഹത്തിനുടുക്കണം എന്നു പറഞ്ഞാണ് മുത്തശ്ശി ഈ സാരി തനിക്ക് സമ്മാനമായി നല്‍കിയതെന്നും താരം പറയുന്നു.
'നിന്റെ വിവാഹത്തിന് ഇത് ഉടുക്കണം എന്നായിരുന്നു അന്ന് മുത്തശ്ശി പറഞ്ഞത്. ആ സമയത്ത് മുത്തശ്ശി ഒരു ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. അതുകൊണ്ടുതന്നെ തന്റെ വിവാഹം ഉടന്‍ നടക്കുമെന്നായിരുന്നു അന്ന് കരുതിയതെന്നും ഗലാട്ട പ്ലസ്സിന് നല്‍കിയ അഭിമുഖത്തില്‍ സായ് പല്ലവി പറയുന്നു.
പിന്നീട് 23-24 വയസ്സിനോട് അടുക്കുമ്പോഴാണ് 'പ്രേമം' സിനിമയില്‍ അഭിനയിക്കുന്നത്. ആ സമയത്താണ് ഒരു വലിയ പുരസ്‌കാരം നേടണമെന്ന ആഗ്രഹം മനസ്സില്‍ ശക്തമായത്. ദേശീയ പുരസ്‌കാരമായിരുന്നു അന്ന് ഏറ്റവും വലിയ അംഗീകാരമായി കണ്ടിരുന്നത്.ആ സാരി ഉടുത്ത് ദേശീയ പുരസ്‌കാരം വാങ്ങണമെന്നാണ് ആഗ്രഹം. ദേശീയ പുരസ്‌കാരം ലഭിക്കണമെന്ന ആഗ്രഹം ഇപ്പോഴുമുണ്ട്. മുത്തശ്ശി നല്‍കിയ സാരിയുടെ ഓര്‍മയും ദേശീയ പുരസ്‌കാരം എന്ന സ്വപ്നവും ഇപ്പോള്‍ മനസ്സില്‍ ഒന്നായി മാറിയിരിക്കുകയാണ്.
എന്നാല്‍ പുരസ്‌കാരങ്ങള്‍ക്കപ്പുറം ഒരു അഭിനേത്രി എന്ന നിലയില്‍ ഏറ്റവും പ്രധാനപ്പെട്ടത് മറ്റൊന്നാണ്. അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് ശരിക്കും അനുഭവിക്കാന്‍ കഴിയുന്നുണ്ടോ എന്നതാണ് എന്നെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ടത്.
ആ കഥാപാത്രം സ്‌ക്രീനില്‍ അനുഭവിക്കുന്ന വികാരങ്ങളും വേദനകളും സന്തോഷങ്ങളും പ്രേക്ഷകര്‍ക്ക് അനുഭവിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍, ഒരു അഭിനേത്രി എന്ന നിലയില്‍ എന്റെ ജോലി ഞാന്‍ ചെയ്തു എന്നാണ് ഞാന്‍ കരുതുന്നത്. അതുതന്നെ വലിയൊരു അംഗീകാരമാണ്.
അതിന് ശേഷം ലഭിക്കുന്ന പുരസ്‌കാരങ്ങളും അംഗീകാരങ്ങളും ഒരു ബോണസ് മാത്രമാണ്. പുരസ്‌കാരങ്ങള്‍ ലഭിക്കുമ്പോള്‍ സന്തോഷം തോന്നുമെങ്കിലും, അവയെക്കാള്‍ വലുതാണ് പ്രേക്ഷകര്‍ക്ക് കഥാപാത്രങ്ങളെ അനുഭവിക്കാന്‍ കഴിയുന്നതെന്നാണ് തന്റെ വിശ്വാസം'- സായ് പല്ലവി.
Content Highlights: Sai Pallavi has expressed her wish to wear her grandmother's saree while receiving a National Award