

ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷങ്ങളോടനുബന്ധിച്ച് വിമാനത്താവളങ്ങളില്‍ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കുന്നതിനാല്‍ യാത്രക്കാര്‍ നിശ്ചിത സമയത്തേക്കാള്‍ നേരത്തെ വിമാനത്താവളങ്ങളില്‍ എത്തണമെന്ന് എയര്‍ ഇന്ത്യയും സ്‌പൈസ്ജെറ്റും നിര്‍ദേശിച്ചു.
സ്വാതന്ത്ര്യ ദിനം മുന്നില്‍ കണ്ട് യുഎഇയിലെ വിവിധ വിമാനത്താവളങ്ങളില്‍ അധിക സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്ന സാഹചര്യത്തിലാണ് വിമാനക്കമ്പനികളുടെ യാത്രാ മുന്നറിയിപ്പ്. ഇതോടെ ചെക്ക്-ഇന്‍ നടപടികള്‍, സുരക്ഷാ പരിശോധനകള്‍, മറ്റ് വിമാനത്താവള നടപടിക്രമങ്ങള്‍ എന്നിവയ്ക്ക് കൂടുതല്‍ സമയം വേണ്ടിവരുമെന്ന് അധികൃതര്‍ അറിയിച്ചു.
ഓഗസ്റ്റ് 10 മുതല്‍ 20 വരെ യാത്ര ചെയ്യുന്നവര്‍ നേരത്തെ വിമാനത്താവളത്തില്‍ എത്തണം എന്നാണ് എയര്‍ ഇന്ത്യയുടെ അറിയിപ്പ്. സുരക്ഷാ പരിശോധനകള്‍ക്കും മറ്റ് നടപടികള്‍ക്കും അധിക സമയം കണ്ടെത്തി യാത്ര ആസൂത്രണം ചെയ്യണമെന്നും കമ്പനി വ്യക്തമാക്കി. അതേസമയം, സ്‌പൈസ്ജെറ്റ് ഓഗസ്റ്റ് 11 മുതല്‍ 20 വരെ യാത്ര ചെയ്യുന്നവര്‍ക്കാണ് സമാന നിര്‍ദേശം നല്‍കിയിരിക്കുന്നത്. സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തിയത് കാരണം നടപടിക്രമങ്ങള്‍ക്ക് കൂടുതല്‍ സമയം ആവശ്യമായേക്കാമെന്നും തടസ്സങ്ങളില്ലാത്ത യാത്രയ്ക്കായി അധിക സമയം കണക്കിലെടുക്കണമെന്നും കമ്പനി അറിയിച്ചു.
ജൂലൈ-ഓഗസ്റ്റ് മാസങ്ങളില്‍ യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള യാത്രകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്. അവധിക്ക് നാട്ടിലെത്തിയ നിരവധി പ്രവാസി കുടുംബങ്ങള്‍ സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് യുഎഇയിലേക്ക് മടങ്ങുന്ന സമയമായതിനാല്‍ വിമാനത്താവളങ്ങളില്‍ തിരക്ക് വര്‍ധിക്കാനിടയുണ്ട്. യുഎഇ വഴിയുള്ള കണക്ടിംഗ് വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവരും ഏറ്റവും പുതിയ യാത്രാ നിര്‍ദേശങ്ങള്‍ക്കായി ബന്ധപ്പെട്ട വിമാനക്കമ്പനികളുമായി ബന്ധപ്പെടുകയും യാത്രയ്ക്ക് അധിക സമയം മാറ്റിവെക്കുകയും ചെയ്യണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
Content Highlight: Passengers have been advised to arrive early at airports as stricter security measures are introduced ahead of India's Independence Day celebrations