പെട്രോൾ വില വർദ്ധനവ് മുതൽ സ്കൂൾ തുറക്കൽ വരെ; ഓഗസ്റ്റിൽ യുഎഇയിൽ വരുന്ന പ്രധാന മാറ്റങ്ങൾ

ഓഗസ്റ്റ് മാസത്തിലേക്കുള്ള പുതിയ ഇന്ധന നിരക്കുകൾ രാജ്യത്ത് പ്രാബല്യത്തിൽ വന്നതാണ് ഏറ്റവും പ്രധാനപ്പെട്ട മാറ്റം

പെട്രോൾ വില വർദ്ധനവ് മുതൽ സ്കൂൾ തുറക്കൽ വരെ; ഓഗസ്റ്റിൽ യുഎഇയിൽ വരുന്ന പ്രധാന മാറ്റങ്ങൾ
dot image

വേനൽച്ചൂടിന് ആശ്വാസം തേടുന്ന പ്രവാസികൾ ഉൾപ്പെടെയുള്ള യുഎഇ നിവാസികളുടെ ദൈനംദിന ജീവിതത്തിൽ വലിയ മാറ്റങ്ങളുമായാണ് ഓഗസ്റ്റ് മാസം കടന്നുവരുന്നത്. ഉയർന്ന ഇന്ധനവില, പൊതുഗതാഗതത്തിലെ പുതിയ സൗകര്യങ്ങൾ, ടിക്കറ്റ് നിരക്കുകളിലെ ഇളവുകൾ, വേനലവധിക്ക് ശേഷമുള്ള സ്കൂൾ തുറക്കൽ തുടങ്ങി നിരവധി പ്രധാന വിവരങ്ങളാണ് ഈ മാസം മുതൽ നിലവിൽ വരുന്നത്.

ഓഗസ്റ്റ് മാസത്തിലേക്കുള്ള പുതിയ ഇന്ധന നിരക്കുകൾ രാജ്യത്ത് പ്രാബല്യത്തിൽ വന്നതാണ് ഏറ്റവും പ്രധാനപ്പെട്ട മാറ്റം. പുതിയ നിരക്കനുസരിച്ച് സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 3.6 ദിർഹമും സ്പെഷ്യൽ 95 ന് 3.49 ദിർഹമും ഇ-പ്ലസ് 91 ന് 3.41 ദിർഹമുമാണ് വില. ഡീസൽ ലിറ്ററിന് 3.8 ദിർഹമാണ് പുതിയ നിരക്ക്. വാഹനങ്ങളുടെ തരം അനുസരിച്ച് ഫുൾ ടാങ്ക് അടിക്കാൻ മുൻ മാസത്തേക്കാൾ 10.2 മുതൽ 14.8 ദിർഹം വരെ അധിക ചെലവ് വരും.

പൊതുഗതാഗത രംഗത്ത് ആശ്വാസമായി ദുബായ് ജുമൈറ ലേക്ക് ടവേഴ്‌സിൽ താമസക്കാർക്കായി 'JLT ലിങ്ക്' എന്ന പേരിൽ പുതിയ ഇലക്ട്രിക് ബസ് സർവീസ് ആരംഭിച്ചിട്ടുണ്ട്. ക്ലസ്റ്ററുകൾ എ മുതൽ സെഡ് വരെ ബന്ധിപ്പിച്ച് രണ്ട് റൂട്ടുകളിലാണ് ബസുകൾ സർവീസ് നടത്തുന്നത്. ഡിഎംസിസി, ശോഭ റിയാലിറ്റി മെട്രോ സ്റ്റേഷനുകളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സഹായിക്കുന്ന ഈ സർവീസിന് മൂന്ന് ദിർഹമാണ് നിരക്ക് ഈടാക്കുന്നത്. പ്രദേശത്ത് താമസിക്കുന്നതും ജോലി ചെയ്യുന്നവരുമായ പ്രവാസികൾക്ക് യാത്രചെലവ് ഉൾപ്പെടെ കുറയ്ക്കാൻ ബസ് സർവീസ് സഹായകരമാകും.

അവധി ദിവസങ്ങളിൽ വിനോദ കേന്ദ്രങ്ങൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്കായി അബുദാബി ലൂവ്ര് മ്യൂസിയം മികച്ച ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. യുഎഇ നിവാസികൾക്കായി ഓഗസ്റ്റ് ഒന്ന് മുതൽ സെപ്റ്റംബർ 30 വരെ ടിക്കറ്റ് നിരക്കിൽ 30 ശതമാനം ഇളവാണ് മ്യൂസിയം അധികൃതർ നൽകുന്നത്. കുട്ടികൾക്ക് പ്രവേശനം സൗജന്യമായി തുടരും.

വേനലവധി പൂർത്തിയാക്കി ഓഗസ്റ്റ് 31-ന് യുഎഇയിലെ വിദ്യാലയങ്ങളിൽ പുതിയ അധ്യയന വർഷം ആരംഭിക്കും. സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായുള്ള ഔദ്യോഗിക യൂണിഫോം മാർഗ്ഗനിർദ്ദേശങ്ങൾ വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. സ്കൂളുകൾ തുറക്കുന്നതോടെ രാജ്യത്തെ പ്രധാന റോഡുകളിൽ തിരക്ക് വർദ്ധിക്കാനും സാധ്യതയുണ്ട്.

അതേസമയം, നബിദിനത്തോടനുബന്ധിച്ച് ഓഗസ്റ്റ് അവസാനത്തോടെ രാജ്യത്ത് ദീർഘിച്ച വാരാന്ത്യ അവധി ലഭിച്ചേക്കും. കൂടാതെ, ജൂലൈ മൂന്നിന് ആരംഭിച്ച കടുത്ത വേനൽച്ചൂടിന്റെ കാലമായ 'ജംറത്ത് അൽ ഖൈത്ത്' ഓഗസ്റ്റ് 10-ഓടെ അവസാനിക്കുമെന്നും ജ്യോതിശാസ്ത്ര സംഘടന വ്യക്തമാക്കിയിട്ടുണ്ട്.

Content Highlights: Several major changes are expected in the UAE in August, including petrol price revisions and the reopening of schools after the summer break. Residents are advised to stay updated on new regulations, schedules, and announcements affecting daily life.

dot image
To advertise here,contact us
dot image