ദുബായിൽ താമസ്ഥലം പങ്കിടുന്നതിന് കർശന നിയന്ത്രണം; നിയമവിരുദ്ധ ബെഡ്-സ്‌പേസുകൾക്കും മുറി വിഭജനത്തിനും പൂട്ട്

കുടുംബാംഗങ്ങളോടൊപ്പം താമസിക്കുന്നതിനും ഔദ്യോഗികമായി രജിസ്റ്റർ ചെയ്ത സഹ-താമസക്കാർക്കും മുൻകൂട്ടി പെർമിറ്റ് നേടിയ ഷെയർഡ് അപ്പാർട്ട്മെന്റുകൾക്കും മാത്രമാണ് ഇതിൽ ഇളവുള്ളത്

ദുബായിൽ താമസ്ഥലം പങ്കിടുന്നതിന് കർശന നിയന്ത്രണം; നിയമവിരുദ്ധ ബെഡ്-സ്‌പേസുകൾക്കും മുറി വിഭജനത്തിനും പൂട്ട്
dot image

ദുബായിൽ താമസച്ചെലവ് കുറയ്ക്കുന്നതിനായി അപ്പാർട്ട്മെന്റുകളും മുറികളും പങ്കിട്ട് താമസിക്കുന്ന വാടകക്കാർക്ക് സുപ്രധാന മുന്നറിയിപ്പുമായി അധികൃതർ. എമിറേറ്റിലെ വീടുകൾ പങ്കിടുന്നതും സഹവാടകക്കാരെ ഉൾപ്പെടുത്തുന്നതും (സബ്‍ലെറ്റിങ്) നിയന്ത്രിക്കുന്നതിനായി പുതിയ നിയമം പ്രാബല്യത്തിൽ വന്നു. നിയമവിരുദ്ധമായ ബെഡ്-സ്‌പേസുകൾ, അനുമതിയില്ലാതെ താൽക്കാലിക മതിൽ കെട്ടി മുറികൾ വിഭജിക്കൽ, കൂടുതൽ ആളുകളെ തിക്കിപ്പാർപ്പിക്കൽ എന്നിവ പൂർണ്ണമായും തടയുകയാണ് പുതിയ നിയന്ത്രണങ്ങളിലൂടെ ലക്ഷ്യമിടുന്നത്.

പുതിയ നിയമപ്രകാരം കെട്ടിട ഉടമയുടെ വ്യക്തമായ രേഖാമൂലമുള്ള സമ്മതമില്ലാതെ വാടകക്കാർക്ക് അപ്പാർട്ട്മെന്റോ അതിന്റെ ഏതെങ്കിലും ഭാഗങ്ങളോ മൂന്നാമതൊരാൾക്ക് സബ്‌ലീസ് ചെയ്യാനോ താമസിക്കാൻ നൽകാനോ അനുവാദമില്ല. ഉടമസ്ഥന്റെ അനുമതിയില്ലാതെ സബ്‌ലെറ്റ് ചെയ്യുന്നത് വാടക കരാറിന്റെ ലംഘനമായി കണക്കാക്കുകയും അവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യും.

പങ്കുവെച്ചിട്ടുള്ള ഭവന ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന താമസസ്ഥലങ്ങൾക്ക് ദുബായ് മുനിസിപ്പാലിറ്റിയുടെ പ്രത്യേക പെർമിറ്റ് നിർബന്ധമാണ്. ഒന്നുമുതൽ രണ്ടു വർഷം വരെ കാലാവധിയുള്ള ഈ പെർമിറ്റുകൾ, കാലാവധി തീരുന്നതിന് 30 ദിവസം മുമ്പ് പുതുക്കേണ്ടതാണ്. സുരക്ഷ, അഗ്നിശമന സംവിധാനങ്ങൾ, ശുചിത്വം, വായുസഞ്ചാരം, ഓരോ താമസക്കാരനും ആവശ്യമായ സ്ഥലം എന്നിവ ഉറപ്പുവരുത്തിയ ശേഷമേ അധികൃതർ പെർമിറ്റ് അനുവദിക്കൂ. അംഗീകൃത പെർമിറ്റില്ലാതെ കെട്ടിടങ്ങൾ പങ്കിട്ടു നൽകുകയോ നിയമങ്ങൾ ലംഘിക്കുകയോ ചെയ്താൽ 100 ദിർഹം മുതൽ 5,00,000 ദിർഹം വരെ പിഴ ചുമത്തും.

കുടുംബാംഗങ്ങളോടൊപ്പം താമസിക്കുന്നതിനും ഔദ്യോഗികമായി രജിസ്റ്റർ ചെയ്ത സഹ-താമസക്കാർക്കും മുൻകൂട്ടി പെർമിറ്റ് നേടിയ ഷെയർഡ് അപ്പാർട്ട്മെന്റുകൾക്കും മാത്രമാണ് ഇതിൽ ഇളവുള്ളത്. എന്നാൽ സാധാരണ വാടകക്കാർക്ക് സ്വന്തം നിലയിൽ അപ്പാർട്ട്മെന്റുകൾ സബ്‌ലെറ്റ് ചെയ്യാൻ സാധിക്കില്ല. ഉടമസ്ഥൻ നേരിട്ട് വാടകയ്ക്ക് നൽകുന്ന രീതി, ലൈസൻസുള്ള ഏജൻസികൾ വഴിയുള്ള പാട്ടം, കമ്പനി മൊത്തമായി എടുത്ത് നിയമാനുസൃതമായി നൽകുന്ന സബ്-ലീസിങ് എന്നീ മൂന്ന് അംഗീകൃത മാർഗ്ഗങ്ങളിലൂടെ മാത്രമേ പങ്കിട്ട താമസസൗകര്യം നൽകാൻ പാടുള്ളൂ.

Content Highlights: Dubai has stepped up action against illegal bed spaces and unauthorized room partitions by enforcing stricter rules on shared accommodation. The move is aimed at improving residential safety, ensuring compliance with housing regulations, and enhancing the quality of living.

dot image
To advertise here,contact us
dot image