യുഎഇയിൽ കടുത്ത ചൂടിനൊപ്പം മഴയും പൊടിക്കാറ്റും; 'എൽ നിനോ' പ്രതിഭാസമെന്ന് കാലാവസ്ഥാ കേന്ദ്രം

കഴിഞ്ഞ ദിവസങ്ങളിൽ ഫുജൈറ, റാസൽഖൈമ, അൽ ഐൻ എന്നിവിടങ്ങളിലെ പർവത-തീരദേശ മേഖലകളിൽ മഴയും ആലിപ്പഴ വീഴ്ചയും രേഖപ്പെടുത്തിയിരുന്നു

യുഎഇയിൽ കടുത്ത ചൂടിനൊപ്പം മഴയും പൊടിക്കാറ്റും; 'എൽ നിനോ' പ്രതിഭാസമെന്ന് കാലാവസ്ഥാ കേന്ദ്രം
dot image

കടുത്ത വേനൽച്ചൂടിനിടെ യുഎഇയിൽ ആഗസ്റ്റ് മൂന്ന് വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 'എൽ നിനോ' പ്രതിഭാസമാണ് വേനൽക്കാലത്തെ ഈ മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥാ വിദഗ്ദ്ധർ വ്യക്തമാക്കുന്നു. മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ വാഹനം ഓടിക്കുന്നവരും താമസക്കാരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ ദിവസങ്ങളിൽ ഫുജൈറ, റാസൽഖൈമ, അൽ ഐൻ എന്നിവിടങ്ങളിലെ പർവത-തീരദേശ മേഖലകളിൽ മഴയും ആലിപ്പഴ വീഴ്ചയും രേഖപ്പെടുത്തിയിരുന്നു. 'എൽ നിനോ' പ്രതിഭാസം മൂലം അന്തരീക്ഷത്തിൽ ഈർപ്പം വർദ്ധിക്കുന്നതാണ് നിലവിലെ അസ്ഥിര കാലാവസ്ഥയ്ക്ക് കാരണം. ഇത് മഴയ്ക്ക് വഴിയൊരുക്കുമെങ്കിലും ഉയർന്ന താപനിലയിൽ മാറ്റമുണ്ടാക്കില്ലെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ പ്രവചനം. ഒക്ടോബർ, നവംബർ മാസങ്ങളിൽ എൽ നിനോയുടെ സ്വാധീനം കൂടുതൽ ശക്തമാകുമെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധർ വ്യക്തമാക്കുന്നത്.

ഇന്ന് മുതൽ ആഗസ്റ്റ് മൂന്ന് തിങ്കളാഴ്ച വരെ രാജ്യത്തിന്റെ കിഴക്കൻ, പടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ട്. തീരദേശങ്ങളിൽ 38ºC മുതൽ 44ºC വരെയും ഉൾനാടുകളിൽ 43ºC മുതൽ 48ºC വരെയും താപനില ഉയരാം. ജൂലൈ 31 വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം കിഴക്കൻ, തെക്കൻ പ്രദേശങ്ങളിൽ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വരെ കാറ്റിനും സാധ്യത പ്രവചിക്കപ്പെടുന്നു.

ഓഗസ്റ്റ് ഒന്ന് ശനിയാഴ്ച കിഴക്കൻ, തെക്കൻ മേഖലകളിൽ താപനില 49ºC വരെ ഉയരുകയും ചെയ്തേക്കാം. തുടർന്ന് ഓഗസ്റ്റ് രണ്ട് ഞായറാഴ്ച ഉച്ചയോടെ കിഴക്കൻ മേഖലയിൽ മഴമേഘങ്ങൾ രൂപപ്പെട്ടേക്കാം. തീരദേശങ്ങളിൽ 46ºC വരെയും ഉൾനാടുകളിൽ 49ºC വരെയും ചൂട് അനുഭവപ്പെടും.

ഓഗസ്റ്റ് മൂന്ന് തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം കിഴക്കൻ, തെക്കൻ പ്രദേശങ്ങളിൽ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റിനും പൊടിപടലങ്ങൾ ഉയരുന്നതിനും സാധ്യതയുണ്ട്. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ ശാന്തമായിരിക്കും.

വാഹനം ഓടിക്കുന്നവർ കുറഞ്ഞ വേഗത പാലിക്കണമെന്നും സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പിന്തുടരണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. കനത്ത മഴയിൽ പെട്ടെന്ന് വെള്ളപ്പൊക്കമുണ്ടാകാൻ സാധ്യതയുള്ളതിനാൽ വാദികളിൽ നിന്നും താഴ്‌വരകളിൽ നിന്നും സാഹസികരും താമസക്കാരും വിട്ടുനിൽക്കണം. ആലിപ്പഴ വീഴ്ചയുള്ള സമയങ്ങളിൽ ഔദ്യോഗിക ചാനലുകൾ വഴി മാത്രം വാർത്തകൾ അറിയാനും അനാവശ്യ വ്യാജപ്രചാരണങ്ങൾ ഒഴിവാക്കാനും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

Content Highlights: The UAE is experiencing a combination of extreme heat, rainfall, and dust storms. According to the National Center of Meteorology, the changing weather conditions are linked to the El Niño climate phenomenon, which is influencing weather patterns across the region.

dot image
To advertise here,contact us
dot image