

യുഎഇയിൽ പൗരന്മാരുടെ കുടുംബ ഭദ്രതയും സാമൂഹിക സുരക്ഷിതത്വവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി നിർണ്ണായക തീരുമാനവുമായി അബുദാബി ഭരണകൂടം. സ്വന്തമായുള്ള കൃഷിഭൂമി ഭാഗം ചെയ്ത് അവിടെ വീട് നിർമ്മിക്കുന്നതിനായി പൗരന്മാർക്ക് ഭവന നിർമ്മാണ വായ്പ നൽകുന്ന പുതിയ സേവനത്തിന് അബുദാബി തുടക്കം കുറിച്ചു. അബുദാബി ഹൗസിംഗ് അതോറിറ്റിയും ഡിപ്പാർട്ട്‌മെന്റ് ഓഫ് മുൻസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട്ടും സംയുക്തമായാണ് ഈ സംരംഭം നടപ്പിലാക്കുന്നത്.
പുതിയ പദ്ധതി പ്രകാരം കാർഷിക ഭൂമിയുടെ ഉടമസ്ഥർക്ക് തങ്ങളുടെ ഭൂമി ആൺമക്കൾക്കോ പേരക്കുട്ടികൾക്കോ വീട് നിർമ്മിക്കാനായി വീതിച്ചു നൽകാം. ഇങ്ങനെ ഭാഗം ലഭിക്കുന്ന യോഗ്യരായ ഗുണഭോക്താക്കൾക്ക് വീട് നിർമ്മാണത്തിനായി 17.5 ലക്ഷം ദിർഹം വരെ വായ്പയായി ലഭിക്കും. മാസ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ തിരികെ അടക്കാവുന്ന വായ്പയായോ, തിരിച്ചടവ് നീട്ടിനൽകുന്ന വ്യവസ്ഥയിലോ ആണ് ധനസഹായം നൽകുന്നത്. ഇതുകൂടാതെ, മാനദണ്ഡങ്ങൾക്ക് വിധേയമായി വായ്പയോടൊപ്പം 2.5 ലക്ഷം ദിർഹത്തിന്റെ സൗജന്യ ധനസഹായവും ലഭിക്കും.
ചില പ്രത്യേക വ്യവസ്ഥകൾക്ക് വിധേയമായി ഭാര്യമാർ അടക്കമുള്ള ഒന്നാം ഘട്ട വനിതാ ബന്ധുക്കളുടെ അപേക്ഷകളും പരിഗണിക്കുമെന്ന് അബുദാബി ഹൗസിംഗ് അതോറിറ്റി ഡയറക്ടർ ജനറൽ ഹമദ് ഹാരിബ് അൽ മുഹൈരി വ്യക്തമാക്കി. നിലവിൽ സജീവമല്ലാത്ത ഭവന വായ്പകളോ റെസിഡൻഷ്യൽ പ്ലോട്ടുകളോ ഉള്ളവർ അത് റദ്ദാക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യേണ്ടതുണ്ട്. തുടർന്ന് ഭാഗം ചെയ്യുന്ന സ്ഥലം ഗുണഭോക്താവിന്റെ പേരിൽ റെസിഡൻഷ്യൽ ഭൂമിയായി രജിസ്റ്റർ ചെയ്തു നൽകും.
ആദ്യ ഘട്ടത്തിൽ അൽ റഹ്ബ, അൽ ബഹ്യ, അൽ സമഹ എന്നീ പ്രദേശങ്ങളിലെ കാർഷിക ഭൂമികൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. നിയമപരമായ തടസ്സങ്ങളില്ലാത്തതും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുള്ളതുമായ ഭൂമികൾക്കായിരിക്കും വായ്പ അനുവദിക്കുക. പദ്ധതിയുടെ അപേക്ഷാ നടപടികളും കൂടുതൽ വിവരങ്ങളും ഈ വർഷാവസാനത്തോടെ പുറത്തുവിടുമെന്ന് അധികൃതർ അറിയിച്ചു. യുഎഇയുടെ 'ഇയർ ഓഫ് ഫാമിലി' ലക്ഷ്യങ്ങൾക്ക് പിന്തുണ നൽകുന്നതാണ് ഈ പുതിയ ഭവന പദ്ധതി.
Content Highlights: The Abu Dhabi government has launched a new housing loan initiative for UAE citizens. The scheme allows eligible citizens to subdivide agricultural land and construct homes, aiming to enhance housing accessibility and support family development.