

യുഎഇയിൽ വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നതിനും പുതുക്കുന്നതിനും ഹെൽത്ത് ഇൻഷുറൻസ് പരിശോധന പൂർണ്ണമായും ഡിജിറ്റലാക്കി മാനവ വിഭവശേഷി സ്വദേശിവത്ക്കരണ മന്ത്രാലയം. ഇലക്ട്രോണിക് സംവിധാനം വഴി ഇൻഷുറൻസ് പോളിസിയുടെ സാധുത സ്വയം പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമേ ഇനി പുതിയ വർക്ക് പെർമിറ്റുകൾ പ്രൊസസ് ചെയ്യുകയുള്ളൂ. തൊഴിലുടമകൾക്ക് അധിക ബാധ്യതകളില്ലാതെ നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ഇതിലൂടെ സാധിക്കും.
വർക്ക് പെർമിറ്റ് ഇഷ്യൂ ചെയ്യുന്നതിനും പുതുക്കുന്നതിനുമായി ഹെൽത്ത് ഇൻഷുറൻസ് വിവരങ്ങൾ സ്വമേധയാ സിസ്റ്റത്തിൽ അപ്‌ലോഡ് ചെയ്യുന്ന രീതിക്കാണ് പുതിയ ഡിജിറ്റൽ സംയോജനത്തോടെ അവസാനമാകുന്നത്. മന്ത്രാലയത്തിന്റെ ഓൺലൈൻ സിസ്റ്റം വഴി തൊഴിലാളിക്ക് ആവശ്യമായ അടിസ്ഥാന പരിരക്ഷയുള്ള സാധുവായ ഹെൽത്ത് ഇൻഷുറൻസ് ഉണ്ടോ എന്ന് ഓട്ടോമാറ്റിക്കായി പരിശോധിക്കും. ലേബർ പ്രൊട്ടക്ഷൻ പ്രോഗ്രാംസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഉമർ സഈദ് അൽ മൻസൂരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മുമ്പ് ഇൻഷുറൻസ് രേഖകൾ തൊഴിലുടമകൾ നേരിട്ടോ മാനുവലായി അപ്‌ലോഡ് ചെയ്തോ സമർപ്പിക്കണമായിരുന്നു. എന്നാൽ പുതിയ ഡിജിറ്റൽ സംവിധാനം നിലവിൽ വന്നതോടെ, നിശ്ചിത അടിസ്ഥാന കവറേജുള്ള കൃത്യമായ ഹെൽത്ത് ഇൻഷുറൻസ് പോളിസി നിലവിലുണ്ടോ എന്ന് മന്ത്രാലയത്തിന്റെ ഡിജിറ്റൽ സിസ്റ്റം തനിയെ പരിശോധിച്ച് ഉറപ്പുവരുത്തും. ഇത് നടപടിക്രമങ്ങൾ വേഗത്തിലാക്കാനും തൊഴിലുടമകൾ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും സഹായിക്കും.
തൊഴിലാളികളുടെ ഇൻഷുറൻസ് തുക പൂർണ്ണമായും തൊഴിലുടമ തന്നെ വഹിക്കണമെന്ന് അൽ മൻസൂരി ആവർത്തിച്ചു വ്യക്തമാക്കി. ജീവനക്കാരിൽ നിന്ന് ഇൻഷുറൻസ് തുകയോ ചികിത്സാ ചെലവുകളോ ഈടാക്കാൻ തൊഴിലുടമയ്ക്ക് അവകാശമില്ല. ജീവനക്കാരെക്കൊണ്ട് തുക അടപ്പിച്ചാൽ അവർക്ക് മന്ത്രാലയത്തിന്റെ ടോൾ ഫ്രീ നമ്പർ വഴി പരാതി നൽകാം.
സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ഗാർഹിക തൊഴിലാളികൾക്കും ഒരുപോലെ ഈ ഓട്ടോമേറ്റഡ് സംവിധാനം ബാധകമാണ്. ഇൻഷുറൻസ് ഉറപ്പാക്കാതെ ഇനി രാജ്യത്ത് ഒരു വർക്ക് പെർമിറ്റും അനുവദിക്കുകയോ പുതുക്കുകയോ ഇല്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. 2025-ന്റെ തുടക്കത്തിൽ തന്നെ രാജ്യത്തെ എല്ലാ പ്രൈവറ്റ്, ഗാർഹിക തൊഴിലാളികൾക്കും ഇൻഷുറൻസ് നിർബന്ധമാക്കി യുഎഇ മന്ത്രിസഭയുടെ സമ്പൂർണ്ണ ആരോഗ്യ ഇൻഷുറൻസ് ഉത്തരവ് പ്രാബല്യത്തിൽ വന്നിരുന്നു.
Content Highlights: The UAE has announced a digital insurance verification system to streamline work permit issuance and renewal. The move is expected to reduce processing time and improve the efficiency of employment services.