

ദുബായിലെ പ്രധാന റോഡുകളിലെ യാത്രാസമയം അഞ്ചു മിനിറ്റായി കുറയ്ക്കാൻ ലക്ഷ്യമിട്ട് വൻ റോഡ് വികസന പദ്ധതിയുമായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി. ഊദ് മേത്ത, അൽ അസായൽ സ്ട്രീറ്റുകളെ ബന്ധിപ്പിക്കുന്ന നാല് സുപ്രധാന കവലകളിൽ പുതിയ പാലങ്ങളും ടണലുകളും അധിക ലെയ്നുകളും നിർമ്മിക്കുന്ന പദ്ധതിയിലൂടെ യാത്രാസമയത്തിൽ 75 ശതമാനത്തോളം കുറവുണ്ടാകും.
ഊദ് മേത്ത, ശൈഖ് റാഷിദ് റോഡ്, അൽ അസായൽ സ്ട്രീറ്റ്, അൽ വസൽ ക്ലബ്ബ് സ്ട്രീറ്റ്, അൽ ഖൈൽ റോഡ്, ദുബായ്-അൽ ഐൻ റോഡ് എന്നിവയെ ബന്ധിപ്പിച്ചാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. സഹബീൽ, അൽ ജദ്ദാഫ്, ഊദ് മേത്ത, ഉമ്മു ഹുറൈർ എന്നീ മേഖലകളിലെ ഗതാഗതക്കുരുക്കിന് ഇതോടെ ശാശ്വത പരിഹാരമാകും. നിലവിൽ 20 മിനിറ്റെടുക്കുന്ന യാത്രാസമയം വെറും അഞ്ച് മിനിറ്റായി ചുരുങ്ങും. ഒരു പുതിയ മൂന്ന് വരി പാലം ഇതിനകം ഗതാഗതത്തിനായി തുറന്നു കൊടുത്തു. ഓഗസ്റ്റ് അവസാനത്തോടെ രണ്ട് ടണലുകളും മറ്റൊരു പാലവും കൂടി സജ്ജമാകും.
നാല് പ്രധാന കവലകളിലാണ് വൻ മാറ്റങ്ങൾ വരുന്നത്. ഊദ് മേത്ത സ്ട്രീറ്റിൽ നിന്നും ഗർഹൂദ് പാലത്തിലേക്ക് തിരിയുന്ന റാംപിന്റെ ശേഷി മണിക്കൂറിൽ 1,800 വാഹനങ്ങളായി ഉയർത്തി. ബുർ ദുബായിലേക്ക് പോകുന്ന വാഹനങ്ങൾക്കായി ഒരു ടണലും സജ്ജമാക്കുന്നുണ്ട്. രണ്ടാമത്തെ കവലയിൽ അൽ അസായൽ സ്ട്രീറ്റ്, അൽ വസൽ ക്ലബ്ബ്, അൽ ഖൈൽ റോഡ് എന്നിവയെ ബന്ധിപ്പിച്ച് നിർമ്മിച്ച മൂന്ന് പുതിയ പാലങ്ങൾ ഗതാഗതം കൂടുതൽ സുഗമമാക്കും.
അൽ വസൽ ക്ലബ്ബ് സ്ട്രീറ്റിൽ നിന്നും ബിസിനസ്സ് ബേ ക്രോസിംഗിലേക്ക് പോകുന്ന ഭാഗത്ത് നിർമ്മിച്ച പാലത്തിന് മണിക്കൂറിൽ 3,000 വാഹനങ്ങളെ ഉൾക്കൊള്ളാൻ ശേഷിയുണ്ട്. സബീൽ പാലസ് സ്ട്രീറ്റ്, അൽ ഖൈൽ റോഡ് ഭാഗത്ത് ദുബായ്-അൽ ഐൻ റോഡിലേക്കുള്ള റാംപിന്റെ ശേഷി ഇരട്ടിയാക്കി. ഇതിനുപുറമെ, അൽ വസൽ ക്ലബ്ബ് സ്ട്രീറ്റിലേക്ക് പോകുന്നതിനായി ഒരു പുതിയ ടണലും, നിലവിലുള്ള പാലം വികസിപ്പിച്ച് മൂന്ന് വരിയാക്കി മാറ്റുന്ന പ്രവൃത്തികളും പുരോഗമിക്കുകയാണ്.
ശൈഖ് റാഷിദ് കോറിഡോർ ഡെവലപ്‌മെന്റ് പ്രോജക്ടിന്റെ ഭാഗമായുള്ള ഈ പദ്ധതി ദുബായിലെ തിരക്ക് പരിഹാരിക്കുന്നതിനും നഗര വികസനത്തിനും വലിയ സഹായകരമാകുമെന്നാണ് ആർടിഎ വിലയിരുത്തുന്നത്.
Content Highlights: Dubai's RTA is launching a major infrastructure project to improve traffic flow on key roads. Once completed, the project is expected to reduce travel time by as much as 75% and enhance road connectivity.