യുഎഇയിൽ പ്രവർത്തനം നിലച്ച് ChatGPT; ആഗോളതലത്തിൽ സ്തംഭിച്ച് ഓപ്പൺ എഐ

സർവർ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതോടെ സേവനങ്ങൾ സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്

യുഎഇയിൽ പ്രവർത്തനം നിലച്ച് ChatGPT; ആഗോളതലത്തിൽ സ്തംഭിച്ച് ഓപ്പൺ എഐ
dot image

യുഎഇയിൽ വിവിധ ഇടങ്ങളിൽ ChatGPT സേവനങ്ങൾ നിലച്ചിരിക്കുന്നു. ആ​ഗോളതലത്തിൽ ഓപ്പൺ എഐ സേവനങ്ങൾ മുഴുവനായും നിലച്ചിരിക്കുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ​രാജ്യത്തിന്റെ വിവിധ ഇടങ്ങളിലുള്ള ഉപയോക്താക്കൾക്ക് ChatGPT സേവനത്തിൽ വ്യാപകമായ കണക്ഷൻ തകരാറുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. വെബ് ആപ്പ്, മൊബൈൽ ആപ്പ്, ഡെവലപ്പർ എപിഐ എന്നിവയെ ബാധിക്കുന്ന ഈ വ്യാപക തടസ്സം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് ഓപ്പൺ എഐ സ്ഥിരീകരിച്ചു.

കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി ആരംഭിച്ച ഈ കണക്ഷൻ പ്രശ്നം സാധാരണ ഉപയോക്താക്കളെയും, പണമടച്ച് സേവനം ഉപയോഗിക്കുന്ന സബ്‌സ്‌ക്രൈബർമാരെയും, ഓപ്പൺ എഐയുടെ എപിഐ പ്ലാറ്റ്‌ഫോമിനെ ആശ്രയിക്കുന്ന ഡെവലപ്പർമാരെയും ഒരുപോലെ ബാധിച്ചിരിക്കുകയാണ്. സേവന തടസ്സങ്ങൾ നിരീക്ഷിക്കുന്ന ഡൗൺഡിറ്റക്ടർ (DownDetector) പ്ലാറ്റ്‌ഫോമിന്റെ വിവരങ്ങൾ പ്രകാരം, യുഎസ്, യൂറോപ്പ്, ഇന്ത്യ, ജപ്പാൻ, ഓസ്‌ട്രേലിയ, യുഎഇ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിലെ ഉപയോക്താക്കളെയാണ് ഈ തകരാർ ബാധിച്ചിരിക്കുന്നത്. പട്ടികപ്പെടുത്തിയിരിക്കുന്ന സേവനങ്ങളെ ബാധിച്ച പ്രശ്നം അന്വേഷിച്ചുവരികയാണ് എന്ന് ഓപ്പൺ എഐയും ഔദ്യോഗിക സ്റ്റാറ്റസ് പേജിലൂടെയും സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു മണിക്കൂറിനിടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഉപയോക്തൃ പരാതികൾ അതിവേഗം വർധിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.


യുഎഇയിൽ ഉച്ചയ്ക്ക് ഏകദേശം 1:25ഓടെ സേവനതടസ്സവുമായി ബന്ധപ്പെട്ട പരാതികൾ ഗണ്യമായി വർധിച്ചു. ഡൗൺഡിറ്റക്ടറിന്റെ കണക്കുകൾ പ്രകാരം, റിപ്പോർട്ട് ചെയ്ത പ്രശ്നങ്ങളിൽ 68 ശതമാനവും ChatGPT-യുടെ പ്രധാന സേവനങ്ങളുമായി ബന്ധപ്പെട്ടവയാണ്. 18 ശതമാനം പരാതികൾ മൊബൈൽ ആപ്പുമായി ബന്ധപ്പെട്ടതും 9 ശതമാനം എപിഐ സേവനങ്ങളെയും കോഡക്സ് (Codex) പ്രവർത്തനങ്ങളെയും ബാധിക്കുന്നതുമാണ്. അതേസമയം, ഇന്ത്യയിൽ സേവനതടസ്സവുമായി ബന്ധപ്പെട്ട പരാതികളുടെ എണ്ണം 1000 കടന്നതായും ഇപ്പോഴും അതിവേഗം വർധിച്ചുകൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഡൗൺഡിറ്റക്ടർ പ്രകാരം, ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത പ്രശ്നങ്ങളിൽ 78 ശതമാനവും ChatGPT-യുടെ പൊതുവായ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടവയാണ്. 9 ശതമാനം മൊബൈൽ ആപ്പ് തകരാറുകളെയും 7 ശതമാനം എപിഐ കണക്റ്റിവിറ്റി പ്രശ്നങ്ങളെയും കുറിച്ചുള്ള പരാതികളുമാണ്.

ആഴ്ചകൾക്ക് മുമ്പ് ഉണ്ടായ സമാനമായ സേവനതടസ്സത്തിന് പിന്നാലെയാണ് ഇപ്പോഴത്തെ ആഗോള തടസ്സവും ഉണ്ടായിരിക്കുന്നത്. അന്ന് ChatGPT അടിസ്ഥാന ടെക്സ്റ്റ് ചോദ്യങ്ങൾക്ക് മറുപടി നൽകാൻ സാധിച്ചിരുന്നെങ്കിലും, ചിത്രങ്ങൾ ജനറേറ്റ് ചെയ്യുന്ന സേവനവും കോഡക്സ് പ്രവർത്തനവും ലഭ്യമായിരുന്നില്ല. നിലവിലെ തകരാറിനെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് ഓപ്പൺ എഐ സ്ഥിരീകരിച്ചിട്ടുണ്ട്. എങ്കിലും സേവനം പൂർണമായും എപ്പോൾ പുനഃസ്ഥാപിക്കും എന്നതിനെക്കുറിച്ച് ഇതുവരെ ഔദ്യോഗിക സമയക്രമം പ്രഖ്യാപിച്ചിട്ടില്ല. സർവർ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതോടെ സേവനങ്ങൾ സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും റിപ്പോർട്ടിൽ പറയുന്നു.

Content Highlight: ChatGPT services experienced disruptions in the UAE and several other regions as OpenAI faced a global outage affecting users

dot image
To advertise here,contact us
dot image