

യുഎഇയിലേക്ക് വരുന്ന വിദേശ സന്ദര്‍ശകര്‍ക്ക് യുഎഇ ഇവന്റ് വിസിറ്റിങ് വിസ എങ്ങനെയെല്ലാം ഉപയോഗപ്പെടുത്താം എന്ന് ജിഡിആർഎഫ്എ (General Directorate of Residency and Foreigners Affairs) വ്യക്തമാക്കി. രാജ്യത്ത് നടക്കുന്ന വിവിധ അന്താരാഷ്ട്ര പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്കായുള്ള പ്രത്യേക എന്‍ട്രി പെര്‍മിറ്റാണ് ഇത്.
കോണ്‍ഫറന്‍സുകളില്‍ പങ്കെടുക്കുന്നവര്‍, എക്സിബിഷനുകളിലെ പ്രദര്‍ശകര്‍, അന്താരാഷ്ട്ര ഉച്ചകോടികളിലെ പ്രതിനിധികള്‍, ട്രേഡ് പരിപാടികളിലും കണ്‍വെന്‍ഷനുകളിലും പങ്കെടുക്കുന്നവര്‍, സാംസ്‌കാരിക, കായിക, വിനോദ ഉത്സവങ്ങളിലെ സന്ദര്‍ശകരും പങ്കെടുക്കുന്നവരും ഉള്‍പ്പടെയാണ് ഈ വിസകള്‍ക്ക് അര്‍ഹരാവുന്നത്. അംഗീകൃത പരിപാടികളില്‍ പങ്കെടുക്കുന്നതിനായി മാത്രമുള്ള പ്രത്യക വിസ എന്ന സവിശേഷതയും ഈ വിസകള്‍ക്കുണ്ട്. കൂടാതെ അന്താരാഷ്ട്ര സന്ദര്‍ശകര്‍ക്കായി രൂപകല്‍പ്പന ചെയ്ത താല്‍ക്കാലിക അനുമതി എന്നതും ഇവന്റ് വിസയുടെ സവിശേഷതയാണ്.
യുഎഇയെ ആഗോള ബിസിനസ്, സാംസ്‌കാരിക, വിനോദ പരിപാടികളുടെ കേന്ദ്രമാക്കാനുള്ള പദ്ധതികളുടെ ഭാഗമാണ് ഇവന്റ് വിസ എന്ന് ജി ഡി ആർ എഫ് എ വ്യക്തമാക്കുന്നു. മുപ്പത് അല്ലെങ്കില്‍ അറുപത് ദിവസത്തെ താമസ സൗകര്യം ഇവന്റ് വിസകളില്‍ നല്‍കുന്നുണ്ട്. സിംഗിള്‍ അല്ലെങ്കില്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രി ആയും ഇത് ലഭ്യമാണ്. സന്ദര്‍ശകരുടെ ആവശ്യാനുസരണം 120 ദിവസം വരെ കാലാവധി നീട്ടാനും സൗകര്യം നല്‍കുന്നു.
Content Highlight: The UAE Event Visit Visa enables eligible visitors to attend approved events in the country