

തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടെ ടാറ്റ ഗ്രൂപ്പ് പ്രതിനിധികളുമായി മുഖ്യമന്ത്രി വി ഡി സതീശൻ ചര്‍ച്ച നടത്തിയതിന്‍റെ ചിത്രം പങ്കുവെച്ച് വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. മുഖ്യമന്ത്രി പറഞ്ഞത് കള്ളമല്ലെന്ന് പറഞ്ഞാണ് പി കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങൾക്കുമുന്നിൽ ചിത്രം ഉയര്‍ത്തിക്കാട്ടിയത്. ടാറ്റ പ്രതിനിധികള്‍ തങ്ങളെ വന്നുകണ്ടിരുന്നുവെന്നും മുന്‍ സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്ന പ്രൊജക്ടിന്റെ തുടര്‍ച്ചയുമായി ബന്ധപ്പെട്ടായിരുന്നു ചര്‍ച്ചയെന്നും പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ചിത്രത്തിൽ പി കെ കുഞ്ഞാലിക്കുട്ടിയും ഉണ്ട്.
'നിയമസഭാ സമ്മേളന കാലത്താണ് ചര്‍ച്ച നടന്നത്. ഷിപ്പിംഗ് മേഖലയുമായി ബന്ധപ്പെട്ടാണ് ചര്‍ച്ച. മൊത്തം ഇന്‍വെസ്റ്റ്‌മെന്റിന്‍റെ കാര്യമാണ് മുഖ്യമന്ത്രി പറഞ്ഞതെന്ന് അദ്ദേഹം തന്നെ വിശദീകരിച്ചതാണ്. ടാറ്റയുടെ ഇന്‍വെസ്റ്റ്‌മെന്റ് പ്രൊപ്പോസല്‍ കേരളത്തിനുണ്ട്. അത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് എംഒയു ആയിരുന്നെങ്കില്‍ ഇപ്പോഴത് ഔദ്യോഗികമായി വന്നുകണ്ട് മുന്നോട്ടുപോകാം എന്നായി. എന്നാല്‍ മലബാര്‍ സിമന്റ് ഉള്‍പ്പെടെയുള്ളവരുടെ കരാര്‍ ആയതിനാല്‍ പരിശോധിക്കട്ടെ', പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ടാറ്റ പ്രതിനിധി വന്നുവെന്നേ താന്‍ പറഞ്ഞിട്ടുള്ളൂ. പതിനായിരം കോടിയെന്ന് പറഞ്ഞിട്ടില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ഷിപ്പിംഗ് മേഖലയുമായി ബന്ധപ്പെട്ട പ്രൊജക്ട് തന്നെയാണിതെന്നും മുഖ്യമന്ത്രി ടാറ്റയുടെ പേരില്‍ കള്ളം പറഞ്ഞിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി ആവർത്തിച്ചു.
ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതി മിഷന്‍ സമുദ്രയുടെ ഭാഗമായി കേരളത്തില്‍ 10,000 കോടിയുടെ കപ്പല്‍ നിര്‍മ്മാണ ശാലയ്ക്ക് ടാറ്റ ഗ്രൂപ്പ് അനുമതി തേടിയെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ വി ഡി സതീശന്റെ അവകാശവാദം തള്ളി കമ്പനി പ്രതിനിധി രംഗത്തെത്തി. ഒരു പ്രൊപ്പോസലും സംസ്ഥാനത്തിന് നല്‍കിയിട്ടില്ല. നിലവില്‍ 10,000 കോടി നിക്ഷേപിക്കാന്‍ ഉദ്ദേശം ഇല്ല എന്നായിരുന്നു പ്രതികരണം. ഇതിനിടെയാണ് കുഞ്ഞാലിക്കുട്ടി ചിത്രം പുറത്തുവിട്ടത്.
'ടാറ്റ ഗ്രൂപ്പിന് കപ്പല്‍ നിര്‍മ്മാണ പദ്ധതി ഇല്ല. നിലവില്‍ സ്റ്റീല്‍, ഓട്ടോമൊബൈല്‍, ഐടി, വ്യോമയാനം തുടങ്ങിയ നിരവധി മേഖലകളില്‍ ടാറ്റ ഗ്രൂപ്പ് സജീവമാണെങ്കിലും കപ്പല്‍ നിര്‍മ്മാണ രംഗത്തേക്ക് ഗ്രൂപ്പ് നിലവില്‍ ആലോചിക്കുന്നില്ലെന്നാണ് കമ്പനിയുടെ വിശദീകരണം. ഒരു പ്രൊപ്പോസലും സംസ്ഥാനത്തിന് നല്‍കിയിട്ടില്ല' എന്നും ടാറ്റ പ്രതിനിധി വ്യക്തമാക്കിയിരുന്നു.
Content Highlights: p k kunhalikutty shares chief minister v d satheesan tata group meeting photo