

യുഎഇ ഉൾപ്പെടെയുള്ള നാല് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളിലും കോൺസുലേറ്റുകളിലും വിസ, പാസ്‌പോർട്ട് തുടങ്ങിയ സേവനങ്ങൾ നടത്താനായി സ്വകാര്യ കമ്പനികൾക്ക് നൽകിയ പുതിയ കരാർ നടപടികൾ റദ്ദാക്കിയ ഡൽഹി ഹൈക്കോടതി വിധിക്കെതിരെ കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. ഇന്ന് രാവിലെ കേന്ദ്ര സർക്കാർ അഭിഭാഷകൻ ഈ വിഷയം അടിയന്തരമായി ഉന്നയിച്ചതിനെ തുടർന്ന് തിങ്കളാഴ്ച കേസ് വിശദമായി പരിഗണിക്കാൻ സുപ്രീം കോടതി സമ്മതിച്ചു. യുഎഇയെ കൂടാതെ കുവൈറ്റ്, സിംഗപ്പൂർ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലെ കോൺസുലേറ്റ് സേവനങ്ങളാണ് ഡൽഹി ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്.
വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ മിഷനുകളിൽ കോൺസുലർ സേവനങ്ങൾ നൽകുന്നതിനുള്ള കരാർ റദ്ദാക്കണമെന്നും പുതിയ ടെൻഡർ നടപടികൾ സ്വീകരിക്കണമെന്നും കഴിഞ്ഞ ദിവസമാണ് ഡൽഹി ഹൈക്കോടതി ഉത്തരവിട്ടത്. ജൂലൈ ഒന്ന് മുതലാണ് ഈ രാജ്യങ്ങളിൽ പുതിയ കരാർ പ്രകാരം കോൺസുലേറ്റ് സേവനങ്ങൾ നൽകേണ്ടിയിരുന്നത്. എന്നാൽ ഈ ടെൻഡർ അനുവദിച്ച രീതി സുതാര്യമല്ലെന്നും മാനദണ്ഡങ്ങൾ പാലിച്ചല്ലെന്നും ആരോപിച്ച് മറ്റൊരു കമ്പനി ഡൽഹി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹർജി പരിഗണിച്ച ഹൈക്കോടതി, നിലവിലെ ടെൻഡർ നടപടികൾ പൂർണ്ണമായും റദ്ദാക്കാനും ഈ നാല് രാജ്യങ്ങളിലെയും കോൺസുലർ സേവനങ്ങൾക്കായി പുതിയ ടെൻഡർ വിളിക്കാനും കഴിഞ്ഞ ദിവസം ഉത്തരവിട്ടു.
ഈ പുതിയ ടെൻഡർ നടപടികളിലേക്ക് കടക്കുന്നത് പ്രവാസികൾക്കുള്ള സേവനങ്ങളെ ബാധിക്കുമെന്നും വലിയ കാലതാമസം ഉണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ഡൽഹി ഹൈക്കോടതി വിധിക്കെതിരെ കേന്ദ്ര സർക്കാർ ഇപ്പോൾ അടിയന്തരമായി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ലക്ഷക്കണക്കിന് പ്രവാസികളെ ബാധിക്കുന്ന വിഷയമായതിനാൽ തിങ്കളാഴ്ചത്തെ കോടതി തീരുമാനം ഏറെ നിർണായകമാണ്.
Content Highlights: The Central Government has filed an appeal in the Supreme Court against the Delhi High Court's ruling that cancelled the consular services contract. The move is expected to have significant implications for the delivery of passport and visa-related services.