ഓഫീസുകൾ കയറിയിറങ്ങേണ്ടതില്ല; ദുബായിൽ ഗാർഹിക വിസ നടപടികൾ ലളിതമാക്കി അധികൃതർ

പുതിയ പരിഷ്കാരം വന്നതോടെ വിസാ നടപടികളുടെ ഘട്ടങ്ങൾ 11-ൽ നിന്നും ആറായി കുറഞ്ഞു

ഓഫീസുകൾ കയറിയിറങ്ങേണ്ടതില്ല; ദുബായിൽ ഗാർഹിക വിസ നടപടികൾ ലളിതമാക്കി അധികൃതർ
dot image

ദുബായിൽ ഗാർഹിക തൊഴിലാളികളുടെ വിസ നടപടികൾ ഇനി കൂടുതൽ വേഗത്തിലും എളുപ്പത്തിലും പൂർത്തിയാക്കാം. നിലവിലുള്ള 11 ഘട്ടങ്ങളുള്ള വിസ നടപടികൾ ആറാക്കി ചുരുക്കിക്കൊണ്ട് ജി‍ഡിആർഎഫ്എ പുതിയ ഡിജിറ്റൽ സംവിധാനം പ്രഖ്യാപിച്ചു. വിവിധ വകുപ്പുകളുടെ കീഴിലുള്ള ഒമ്പതോളം സേവനങ്ങളെ ഒറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ സംയോജിപ്പിച്ചാണ് ഈ പരിഷ്കാരം നടപ്പിലാക്കിയത്.

'ഡൊമസ്റ്റിക് വർക്കേഴ്‌സ് മാനേജ്‌മെന്റ്' എന്ന പേരിൽ അവതരിപ്പിച്ച പുതിയ സംയോജിത ഡിജിറ്റൽ സേവനത്തിലൂടെ ഒമ്പതോളം സർക്കാർ നടപടിക്രമങ്ങളാണ് ഒരൊറ്റ പ്ലാറ്റ്‌ഫോമിലേക്ക് ചുരുക്കിയത്. ജോലി കരാറുകൾ, ഇൻഷുറൻസ്, വർക്ക് പെർമിറ്റ്, വിസ അനുവദിക്കലും റദ്ദാക്കലും മെഡിക്കൽ പരിശോധന, എമിറേറ്റ്സ് ഐഡി സേവനങ്ങൾ എന്നിവയെല്ലാം ഇനി ഈ ഒരൊറ്റ വഴിയിലൂടെ പൂർത്തിയാക്കാം. ഇതോടെ മുമ്പ് വിവിധ ഓഫീസുകൾ കയറിയിറങ്ങി പൂർത്തിയാക്കേണ്ടി വന്നിരുന്ന പ്രക്രിയ വളരെ ലളിതമായി മാറി.

പുതിയ പരിഷ്കാരം വന്നതോടെ വിസാ നടപടികളുടെ ഘട്ടങ്ങൾ 11-ൽ നിന്നും ആറായി കുറഞ്ഞു. മുൻപ് വ്യത്യസ്തമായിരുന്ന ആറ് പേയ്‌മെന്റ് ചാനലുകൾ ഒന്നാക്കി മാറ്റിയതിനൊപ്പം ഉപഭോക്താക്കൾ നേരിട്ട് സന്ദർശിക്കേണ്ടി വരുന്ന ഘട്ടങ്ങൾ പരമാവധി രണ്ടായി ചുരുക്കാനും സാധിച്ചു. ഇതിനോടകം പതിനായിരത്തിലധികം ഇടപാടുകൾ ഈ സംവിധാനം വഴി പൂർത്തിയാക്കിക്കഴിഞ്ഞു. ഇത് വഴി 25,000-ത്തിലധികം പേപ്പർ രേഖകളുടെ ഉപയോഗം ഒഴിവാക്കാനും ഉപഭോക്താക്കൾക്ക് വലിയ തുക ലാഭിക്കാനും സാധിച്ചതായി അധികൃതർ വ്യക്തമാക്കി.

വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും സംയുക്തമായി കൈകോർത്താണ് ഈ സ്മാർട്ട് ഡിജിറ്റൽ പദ്ധതി യാഥാർത്ഥ്യമാക്കിയത്. വരും ദിവസങ്ങളിലും കൂടുതൽ സർക്കാർ സേവനങ്ങൾ ഒരൊറ്റ ഡിജിറ്റൽ വിൻഡോയിലേക്ക് കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നതെന്ന് ജിഡിആർഎഫ്എ ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി അറിയിച്ചു. ദുബായ് ഭരണാധികാരികളുടെ വിഷൻ അനുസരിച്ച് കൂടുതൽ പേപ്പർരഹിതവും സുതാര്യവുമായ ഭരണസംവിധാനം ഉറപ്പാക്കാനാണ് ഈ നീക്കം. ഈ പുതിയ പദ്ധതി മികച്ച ഡിജിറ്റൽ സിറ്റി അനുഭവത്തിനുള്ള ഹംദാൻ ബിൻ മുഹമ്മദ് പ്രോഗ്രാം പുരസ്കാരത്തിനും അർഹമായിട്ടുണ്ട്.

Content Highlights: Dubai has simplified family visa procedures by bringing nine government services together on a unified digital platform. The initiative is designed to reduce paperwork, improve service efficiency, and provide residents with a seamless visa application experience.

dot image
To advertise here,contact us
dot image