ട്രംപ് ഇടപെട്ടു റെഡ് കാര്‍ഡ് പിന്‍വലിച്ചു; ഇന്‍ഫാന്റിനോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് പരാതി

ബലോഗന്റെ സസ്പെന്‍ഷന്‍ പിന്‍വലിച്ച നടപടിയിലാണ് ഇന്‍ഫാന്റിനോയ്ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഐഒസിക്ക് പരാതി

ട്രംപ് ഇടപെട്ടു റെഡ് കാര്‍ഡ് പിന്‍വലിച്ചു; ഇന്‍ഫാന്റിനോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് പരാതി
dot image

അമേരിക്കന്‍ സ്ട്രൈക്കര്‍ ഫോളാരിന്‍ ബലോഗന്റെ മത്സര വിലക്ക് പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ നിഷ്പക്ഷത ലംഘിച്ചുവെന്ന ആരോപണത്തില്‍ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയ്ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് പരാതി ലഭിച്ചു. മനുഷ്യാവകാശ സംഘടനയായ ഫെയര്‍സ്‌ക്വയര്‍ സമര്‍പ്പിച്ച പരാതിയില്‍, യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ബന്ധപ്പെട്ട വിവിധ നടപടികളിലൂടെ ഇന്‍ഫാന്റിനോ ഒളിമ്പിക് കമ്മിറ്റിയുടെ രാഷ്ട്രീയ നിഷ്പക്ഷതാ നിയമങ്ങള്‍ ലംഘിച്ചതായി ആരോപിക്കുന്നുണ്ട്. ജൂലൈ ആറിന് ബെല്‍ജിയത്തിനെതിരെയുള്ള അമേരിക്കയുടെ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ കളിക്കാന്‍ ബലോഗന് അനുമതി നല്‍കിയ സസ്പെന്‍ഷന്‍ നടപടിയാണ് വിവാദമായിരുന്നത്.

ബോസ്‌നിയ ആന്‍ഡ് ഹെര്‍സഗോവിനയ്ക്കെതിരായ റൗണ്ട് ഓഫ് 32 പോരാട്ടത്തില്‍ താരിഖ് മുഹാരെമോവിച്ചുമായുള്ള ഫൗളിനെത്തുടര്‍ന്ന് 64-ാം മിനിറ്റില്‍ ബലോഗന് നേരിട്ട് ചുവപ്പ് കാര്‍ഡ് ലഭിച്ചിരുന്നു. ഫിഫയുടെ നിലവിലെ നിയമങ്ങള്‍ അനുസരിച്ച് ഈ ചുവപ്പ് കാര്‍ഡിന്മേലുള്ള ഒരു മത്സര വിലക്ക് സ്വാഭാവികവും അപ്പീല്‍ നല്‍കാന്‍ സാധിക്കാത്തതുമാണ്. എന്നാല്‍ ജൂലൈ അഞ്ചിന് ഫിഫ പറഞ്ഞത് ഇങ്ങനെയായിരുന്നു: 'ഫിഫ ഡിസിപ്ലിനറി കോഡിന്റെ ആര്‍ട്ടിക്കിള്‍ 27 അനുസരിച്ച് യു.എസ്.എ താരം ഫോളാരിന്‍ ബലോഗന്റെ ഓട്ടോമാറ്റിക് സസ്പെന്‍ഷന്‍ ഒരു വര്‍ഷത്തെ പ്രൊബേഷണറി കാലയളവിലേക്ക് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നു.' -ഈ തീരുമാനത്തിന് പിന്നില്‍ കൃത്യമായ മറ്റ് വിശദീകരണങ്ങളൊന്നും ഫിഫ നല്‍കിയിരുന്നില്ല.

വിഷയത്തില്‍ പ്രസിഡന്റ് ട്രംപ് തന്നെ ഫോണില്‍ വിളിച്ചതായി ഇന്‍ഫാന്റിനോ സമ്മതിച്ചെങ്കിലും ഫിഫയുടെ തീരുമാനത്തില്‍ താന്‍ ഇടപെട്ടിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഫിഫയുടെ നടപടിയെ ന്യായീകരിച്ചുകൊണ്ട് ട്രംപ് രംഗത്തെത്തിയിരുന്നു. 'അത് ഫൗളാണെന്ന് എനിക്ക് തോന്നാത്തതുകൊണ്ടാണ് ഞാന്‍ ഈ വിഷയത്തില്‍ പുനഃപരിശോധന ആവശ്യപ്പെട്ടത്,' ട്രംപ് പറഞ്ഞു. 'അതൊരു മികച്ച തീരുമാനമായിരുന്നു. റഫറിയുടെ തീരുമാനം മോശമായിരുന്നു.' -ട്രംപ് പറഞ്ഞു.

വിലക്ക് ഒഴിവാക്കപ്പെട്ടതിനെ തുടര്‍ന്ന് ബലോഗന്‍ ബെല്‍ജിയത്തിനെതിരായ മത്സരത്തില്‍ കളിച്ചെങ്കിലും അമേരിക്ക 4-1 ന് പരാജയപ്പെട്ട് ലോകകപ്പില്‍ നിന്ന് പുറത്തായി. ഈ വിവാദത്തില്‍ പ്രതികരിച്ച ഫിഫ, തങ്ങളുടെ ജുഡീഷ്യല്‍ കമ്മിറ്റികള്‍ പൂര്‍ണമായും സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. 2020 മുതല്‍ ഐ.ഒ.സി അംഗം കൂടിയായ ജിയാനി ഇന്‍ഫാന്റിനോ ഒളിമ്പിക് ചാര്‍ട്ടറും ഐ.ഒ.സി ഗ്രൂപ്പിന്റെ പെരുമാറ്റച്ചട്ടങ്ങളും പാലിക്കാന്‍ ബാധ്യസ്ഥനാണെന്ന് ഫെയര്‍സ്‌ക്വയര്‍ ചൂണ്ടിക്കാട്ടുന്നു.

Also Read:

പരാതിയില്‍ ഉന്നയിക്കുന്ന മറ്റ് പ്രധാന ആരോപണങ്ങള്‍:

  • ഡൊണാള്‍ഡ് ട്രംപിന് നോബല്‍ സമാധാന പുരസ്‌കാരം നല്‍കാനുള്ള ഇന്‍ഫാന്റിനോയുടെ പരസ്യ പിന്തുണ.
  • ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട് ഫിഫ പ്രസിഡന്റിന്റെ പങ്കാളിത്തവും പ്രതികരണങ്ങളും.
  • ട്രംപിന് ഫിഫയുടെ പ്രഥമ 'പീസ് പ്രൈസ്' സമ്മാനിച്ച നടപടി.
  • ട്രംപുമായി ബന്ധമുള്ള കമ്പനികള്‍ക്ക് ഡാറ്റ ശേഖരണത്തിന് സഹായകരമാകും വിധം ഫിഫ വേള്‍ഡ് കപ്പ് ഫാന്‍ പ്ലാറ്റ്ഫോം പ്രൊമോട്ട് ചെയ്തത്.

കഴിഞ്ഞ ഡിസംബറില്‍ ഫെയര്‍സ്‌ക്വയര്‍ ഫിഫയുടെ എത്തിക്സ് കമ്മിറ്റിക്ക് നല്‍കിയ ഈ പരാതിക്ക് നോര്‍വീജിയന്‍ ഫുട്‌ബോള്‍ അസോസിയേഷനും, ജൂണില്‍ യൂറോപ്യന്‍ പാര്‍ലമെന്റിലെ 50 അംഗങ്ങളും പിന്തുണ പ്രഖ്യാപിച്ചിരുന്നു. നിലവിലെ പുതിയ പരാതിയില്‍ ഐ.ഒ.സിയോ ഫിഫയോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

content highlights: Trump intervened to overturn red card; Complaint filed demanding investigation against Infantino

dot image
To advertise here,contact us
dot image