വിലക്കയറ്റ ഭീതിയില്ല; രണ്ടാം വർഷവും രണ്ട് ശതമാനത്തിൽ താഴെ പണപ്പെരുപ്പം, കരുത്ത് കാട്ട് ജിസിസി രാജ്യങ്ങൾ

വീട്ടുവാടകയിലും മറ്റ് നിത്യോപയോഗ സേവനങ്ങളിലും ഉണ്ടായ നേരിയ വർദ്ധനവാണ് പണപ്പെരുപ്പത്തെ ചെറിയ തോതിലെങ്കിലും ബാധിച്ചത്

വിലക്കയറ്റ ഭീതിയില്ല; രണ്ടാം വർഷവും രണ്ട് ശതമാനത്തിൽ താഴെ പണപ്പെരുപ്പം, കരുത്ത് കാട്ട് ജിസിസി രാജ്യങ്ങൾ
dot image

ആഗോള സമ്പദ്‌വ്യവസ്ഥ വലിയ പ്രതിസന്ധികളെ നേരിടുമ്പോഴും ഗൾഫ് രാജ്യങ്ങൾ തങ്ങളുടെ സാമ്പത്തിക സുസ്ഥിരത കാത്തുസൂക്ഷിക്കുന്നുവെന്ന് റിപ്പോർട്ട്. ജിസിസി രാജ്യങ്ങളിലെ പണപ്പെരുപ്പ നിരക്ക് തുടർച്ചയായ രണ്ടാം വർഷവും രണ്ട് ശതമാനത്തിന് താഴെ നിലനിർത്താൻ കഴിഞ്ഞതായി ഗൾഫ് സ്റ്റാറ്റിസ്റ്റിക്കൽ സെന്റർ പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നു. ശക്തമായ സാമ്പത്തിക നയങ്ങളും കൃത്യമായ ആസൂത്രണവുമാണ് ഈ നേട്ടത്തിന് പിന്നിൽ.

പുതിയ കണക്കുകൾ പ്രകാരം 2025-ൽ ജിസിസി രാജ്യങ്ങളിലെ മൊത്തം പണപ്പെരുപ്പ നിരക്ക് 1.8 ശതമാനം മാത്രമാണ്. തൊട്ടുമുമ്പത്തെ വർഷമായ 2024-ൽ ഇത് 1.6 ശതമാനമായിരുന്നു. ആഗോളതലത്തിൽ ശരാശരി പണപ്പെരുപ്പം 4.2 ശതമാനവും വികസ്വര രാജ്യങ്ങളിൽ 5.3 ശതമാനവുമുള്ളപ്പോഴാണ് ഗൾഫ് മേഖല ഈ നേട്ടം കൈവരിച്ചതെന്നത് ശ്രദ്ധേയമാണ്. അമേരിക്ക, ജപ്പാൻ, യൂറോപ്യൻ യൂണിയൻ തുടങ്ങിയ ആഗോള വൻശക്തികളെ അപേക്ഷിച്ച് വളരെ കുറഞ്ഞ നിരക്കിലാണിത്.

വീട്ടുവാടകയിലും മറ്റ് നിത്യോപയോഗ സേവനങ്ങളിലും ഉണ്ടായ നേരിയ വർദ്ധനവാണ് പണപ്പെരുപ്പത്തെ ചെറിയ തോതിലെങ്കിലും ബാധിച്ചത്. മൊത്തം വിലക്കയറ്റത്തിന്റെ 73 ശതമാനവും ഈ മേഖലകളിൽ നിന്നായിരുന്നു. എന്നാൽ ഇതേസമയം തന്നെ യാത്രാച്ചെലവുകളിൽ 0.2 ശതമാനത്തിന്റെ കുറവുണ്ടായത് സാധാരണക്കാർക്ക് ആശ്വാസമായി. കൂടാതെ ആരോഗ്യം, വാർത്താവിനിമയം, ഫർണിച്ചർ തുടങ്ങിയ മേഖലകളിലെ നിരക്കുകളിൽ വലിയ മാറ്റമില്ലാതെ തുടർന്നതും പണപ്പെരുപ്പം പിടിച്ചുനിർത്താൻ സഹായിച്ചു.

അന്താരാഷ്ട്ര വിപണിയിൽ ഭക്ഷണസാധനങ്ങളുടെ വിലയിൽ ഉണ്ടായ കുറവ് ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറക്കുമതി ചെലവ് കുറയ്ക്കാൻ സഹായിച്ചിട്ടുണ്ട്. എങ്കിലും നിലവിലുള്ള ആഗോള രാഷ്ട്രീയ സാഹചര്യങ്ങളും പ്രകൃതിവാതകത്തിന്റെ വിലവർദ്ധനവും വരും മാസങ്ങളിൽ വിപണിയെ എങ്ങനെ സ്വാധീനിക്കുമെന്ന കാര്യത്തിൽ ജാഗ്രത വേണമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നുണ്ട്. ഏതായാലും വലിയൊരു സാമ്പത്തിക അരക്ഷിതാവസ്ഥയില്ലാതെ ജിസിസി രാജ്യങ്ങൾ മുന്നോട്ട് പോകുന്നു എന്നത് പ്രവാസികൾക്കും ആശ്വാസം പകരുന്ന കാര്യമാണ്.

Content Highlights: The GCC countries have recorded inflation below 2% for a second straight year, highlighting the region's resilience amid global economic uncertainties and price pressures.

dot image
To advertise here,contact us
dot image