

ഫുട്‌ബോള്‍ ലോകകപ്പ് സെമി പോരാട്ടത്തില്‍ ഫ്രാന്‍സിനെ 2-0 ന് പരാജയപ്പെടുത്തി സ്‌പെയിന്‍ ഫൈനലിലേക്ക് മുന്നേറിയതിന് പിന്നാലെ, ടീം ന്യൂയോര്‍ക്കിലെ കലാശപ്പോരാട്ടത്തിന് തയ്യാറാണെന്ന് പ്രഖ്യാപിച്ച് സ്പാനിഷ് കൗമാര താരം ലമീന്‍ യമാല്‍. ലോകകപ്പ് ചരിത്രത്തില്‍ സ്‌പെയിന്‍ തങ്ങളുടെ രണ്ടാമത്തെ ലോകകപ്പ് ഫൈനല്‍ ഉറപ്പാക്കിയതിന് തൊട്ടുപിന്നാലെ, മത്സരത്തിനിടെയുള്ള ചിത്രങ്ങള്‍ യമാല്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചു. 'ന്യൂയോര്‍ക്ക്, ഞങ്ങള്‍ വരുന്നു' എന്നാണ് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്.
ഫ്രാന്‍സിനെതിരായ മത്സരത്തില്‍ 19 കാരനായ യമാല്‍ സ്‌പെയിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. മത്സരത്തില്‍ പൗ കുബാര്‍സിക്കൊപ്പംആദ്യ ഇലവനില്‍ സ്റ്റാര്‍ട്ട് ചെയ്ത മറ്റൊരു കൗമാര താരം കൂടിയായിരുന്നു യമാല്‍. ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു ടീമിന്റെ രണ്ട് കൗമാര താരങ്ങള്‍ സെമി ഫൈനലില്‍ ഒരുമിച്ച് ആദ്യ ഇലവനില്‍ കളിക്കുന്നത്. 2010-ല്‍ ദക്ഷിണാഫ്രിക്കയില്‍ ലോകകിരീടം നേടിയതിന് ശേഷം ആദ്യമായാണ് സ്‌പെയിന്‍ ലോകകപ്പിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്. ഫ്രാന്‍സിനെതിരെ തകര്‍പ്പന്‍ പ്രകടനമാണ് 'ലാ റോജ' കാഴ്ചവെച്ചത്.
ഒന്നാം പകുതിയില്‍ ഫ്രഞ്ച് താരം ലൂക്കാസ് ദിഗ്‌നെയെ സമര്‍ത്ഥമായി മറികടന്ന് ബോക്‌സിലേക്ക് കുതിച്ച യമാലിനെ ഫ്രഞ്ച് പ്രതിരോധം ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് സ്‌പെയിന് പെനാല്‍റ്റി ലഭിച്ചു. 22-ാം മിനിറ്റില്‍ ലഭിച്ച ഈ പെനാല്‍ട്ടി മൈക്കല്‍ ഒയാര്‍സബാല്‍ ലക്ഷ്യത്തിലെത്തിച്ച് സ്‌പെയിനെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയില്‍ പെഡ്രോ പോറോയും ഡാനി ഓല്‍മോയും ചേര്‍ന്ന് നടത്തിയ മുന്നേറ്റത്തിനൊടുവില്‍ പോറോ സ്‌പെയിന്റെ രണ്ടാം ഗോള്‍ നേടി ഫ്രാന്‍സിന്റെ തിരിച്ചുവരവ് സാധ്യതകള്‍ പൂര്‍ണമായും ഇല്ലാതാക്കി.
യമാല്‍ മത്സരത്തില്‍ മറ്റൊരു ഗോള്‍ കൂടി നേടിയെങ്കിലും അത് ഓഫ്സൈഡ് വിധിച്ച് റദ്ദാക്കുകയായിരുന്നു. ഫ്രാന്‍സ് താരം കിലിയന്‍ എംബാപ്പെയും ഔറേലിയന്‍ ചൗമേനിയും ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും സ്‌പെയിന്റെ ശക്തമായ പ്രതിരോധം അതിനെയെല്ലാം തടഞ്ഞു. ഈ ടൂര്‍ണമെന്റില്‍ കളിച്ച ഏഴ് മത്സരങ്ങളില്‍ സ്‌പെയിന്‍ വഴങ്ങുന്ന ആറാമത്തെ ക്ലീന്‍ ഷീറ്റാണിത്. ഞായറാഴ്ച ന്യൂയോര്‍ക്ക് ന്യൂജേഴ്സി സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ സ്‌പെയിന്‍ കളിക്കും. അര്‍ജന്റീന-ഇംഗ്ലണ്ട് രണ്ടാം സെമി ഫൈനലിലെ വിജയികളായിരിക്കും ഫൈനലില്‍ സ്‌പെയിന്റെ എതിരാളികള്‍.
content highlights: 'New York, here we come!': Lamine Yamal sets his sights on the World Cup Final