

പത്തനംതിട്ട: അടൂരിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ മതം മാറണമെന്ന് പ്രതിയായ ആൺസുഹൃത്ത് അരുൺകുമാർ ഷഹനയെ ഭീഷണിപ്പെടുത്തി. മൊബൈൽ ഫോണിൽ ഷഹനയുടെ സ്വകാര്യ ചിത്രങ്ങളും പ്രതി അരുൺകുമാർ പകർത്തിയിരുന്നു. സ്വകാര്യ ചിത്രങ്ങളും വീഡിയോയും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് അരുൺ കുമാർ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
തന്നെ വിവാഹം കഴിക്കണമെന്ന് അരുൺ കുമാർ ഷഹനയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഷഹന വിവാഹത്തെ എതിർത്തുവെന്നാണ് അന്വേഷണ സംഘം നൽകുന്ന വിവരം. അരുൺ കുമാറിൻ്റെ സ്വഭാവ ദൂഷ്യം മനസ്സിലാക്കി ഷഹന വിവാഹത്തെ എതിർക്കുകയായിരുന്നു. വിവാഹത്തെ എതിർത്തതിനെ തുടർന്ന് അരുൺ കുമാർ ഷഹനയെ മർദ്ദിക്കുകയായിരുന്നു. ആത്മഹത്യാ പ്രേരണാ കുറ്റത്തിന് പൊലീസ് അരുൺ കുമാറിനെ അറസ്റ്റ് ചെയ്തു. ഭർത്താവുമായി പിരിഞ്ഞ് താമസിക്കുകയായിരുന്നു ഷഹന.
ജൂലൈ 13-ാം തീയതിയായിരുന്നു ഷഹനയെ വീട്ടിലെ സ്റ്റെയർകേയ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസമയത്ത് ആൺ സുഹൃത്തായ അരുൺ കുമാറും വീട്ടിലുണ്ടായിരുന്നു. ഷഹനയുടേത് കൊലപാതകമാണെന്ന് വീട്ടുകാർ ആരോപിച്ചിരുന്നു. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഷഹന ജീവനൊടുക്കിയെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അരുൺ കുമാറിനെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം നടന്നത്. ഷെഹനയുടെ വീട്ടിൽ നിന്നും ബഹളം കേട്ടതിനെതുടർന്നാണ് നാട്ടുകാർ സംഭവസ്ഥലത്ത് എത്തിയത്. തുടർന്ന് അടൂർ നഗരസഭ കൗൺസിലറെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ സംഭവ സ്ഥലത്തെത്തിയ കൗൺസിലർ വീടിനുള്ളിലുണ്ടായിരുന്ന ആൺ സുഹൃത്തിനോട് കതക് തുറക്കാൻ ആവശ്യപ്പെടുകയും യുവതിയെ മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. ഉടൻതന്നെ അടൂർ പൊലീസിനെ വിവരം അറിയിച്ചു. സംഭവസ്ഥലത്തെത്തിയ പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു. മരിച്ച ഷെഹനയുടെയും യുവാവിന്റെയും ശരീരത്തിൽ രക്തപാടുകൾ കണ്ടെത്തിയിരുന്നു.
Content Highlights: Police investigating the Shahana death case alleged that accused Arun Kumar threatened her to convert her religion and warned that he would leak her private photos and videos. The investigation into the case is ongoing.