

യുഎഇയിലെ മാതാപിതാക്കളെ വലച്ച് അവധിക്കാല ക്യാമ്പുകളുടെ നിരക്ക് 6000 ദിര്‍ഹത്തിന് മുകളില്‍. യുഎഇയിലെ സ്‌കൂളുകള്‍ക്ക് നാളെ മുതല്‍ അവധിക്കാലം തുടങ്ങാനിരിക്കെയാണ് ഈ ഇരുട്ടടി. ജോലി ചെയ്യുന്ന മാതാപിതാക്കള്‍ക്ക് കുട്ടികളെ സുരക്ഷിതമായും പ്രയോജനപ്രദമായും സമയം ചെലവഴിക്കാന്‍ വേനല്‍ക്കാല ക്യാമ്പുകളാണ് പ്രധാന ആശ്രയം. എന്നാല്‍ ഇത്തവണ ക്യാമ്പുകളുടെ വര്‍ധിച്ച ചെലവ് നിരവധി കുടുംബങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലാക്കുകയാണ്.
കുട്ടികളെ ഉണര്‍വുള്ളവരായി ഇരുത്താന്‍ മാതാപിതാക്കള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് സമ്മര്‍ ക്യാമ്പുകളെയാണ്. എന്നാല്‍ ഇതിന്റെ നിരക്ക് കുത്തനെ ഉയര്‍ന്നതോടെ മാതാപിതാക്കള്‍ ആശങ്കയിലാണ് ഉള്ളത്. അടിസ്ഥാന പരിപാടികള്‍ മാത്രം ഉള്ള സമ്മര്‍ ക്യാമ്പുകളുടെ നിരക്ക് ആരംഭിക്കുന്നത് ഒരാഴ്ചയ്ക്ക് 300 ദിര്‍ഹം മുതല്‍ ആണ്. കുട്ടികളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് കോഡിംഗ്, റോബോട്ടിക്‌സ്, കായിക പരിശീലനം, നീന്തല്‍ പരിശീലനം, കലാപരിപാടികള്‍, നാടക ശില്പശാലകള്‍, ക്രിയാത്മഗത തുടങ്ങിയവയെല്ലാം ഉള്‍ക്കൊള്ളുന്ന വിവിധ ക്യാമ്പുകള്‍ ലഭ്യമാണ്. എന്നാല്‍ ഒരു കുട്ടിക്ക് ഇത്തരത്തിലുള്ള മുഴുവന്‍ വേനല്‍ക്കാല ക്യാമ്പില്‍ പങ്കെടുക്കാന്‍ 6000 ദിര്‍ഹത്തിലധികം ചെലവാകുന്ന സാഹചര്യമാണ് ഉള്ളത്. രണ്ട് കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് ഈ തുക ഇരട്ടിയാകുന്നതിനാല്‍ പ്രതിമാസം 12000 ദിര്‍ഹത്തിന് മുകളില്‍ ആണ് വരുന്നത്. അതിനാല്‍ പലരും കുറഞ്ഞ ചെലവുള്ള മാര്‍ഗങ്ങള്‍ അന്വേഷിക്കുകയാണ്.
കുട്ടികള്‍ക്ക് വീട്ടില്‍ ഒറ്റയ്ക്കിരിക്കാനാകാത്തതിനാല്‍ ക്യാമ്പുകള്‍ അനിവാര്യമാണെന്നാണ് ചില മാതാപിതാക്കള്‍ പറയുന്നത്. ഉയര്‍ന്ന ഫീസ് കുടുംബ ബജറ്റിന് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. പല ക്യാമ്പുകളിലും ഗതാഗത സൗകര്യം പ്രത്യേകം പണം നല്‍കി മാത്രമേ ലഭിക്കൂ. ഇതും മൊത്തം കുടുംബ ചെലവ് വര്‍ധിപ്പിക്കുന്നുണ്ട്. ഇതിനാല്‍ ചില കുടുംബങ്ങള്‍ ബന്ധുക്കളുടെ സഹായം തേടുന്നു. അല്ലാത്തപക്ഷം കുട്ടികളെ നാട്ടിലേക്ക് അയയ്ക്കുകയോ, മാതാപിതാക്കള്‍ മാറിമാറി അവധി എടുക്കുകയോ ചെയ്യുന്നുണ്ട്. ചിലര്‍ ചെലവ് കുറയ്ക്കാന്‍ ആഴ്ചയില്‍ കുറച്ച് ദിവസങ്ങള്‍ മാത്രം ക്യാമ്പില്‍ പങ്കെടുക്കുന്ന രീതിയും തിരഞ്ഞെടുക്കുന്നു. വിദഗ്ധരുടെ അഭിപ്രായത്തില്‍ വേനല്‍ക്കാല ക്യാമ്പുകള്‍ കുട്ടികളുടെ സാമൂഹിക ഇടപെടലുകള്‍, പുതിയ കഴിവുകള്‍, ആത്മവിശ്വാസം എന്നിവ വളര്‍ത്താന്‍ സഹായിക്കുന്നു. പക്ഷെ എല്ലാ കുടുംബങ്ങള്‍ക്കും സാമ്പത്തികമായി താങ്ങാവുന്ന നിരക്കില്‍ ഇത്തരം സേവനങ്ങള്‍ ലഭ്യമാകേണ്ടത് അത്യാവശ്യമാണെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു.
Content Highlight : Summer camp fees in the UAE have crossed Dh 6,000 at many centres, leaving parents concerned about rising holiday expenses