യുഎഇ തൊഴിൽ വിപണി മാറുന്നു; ബിരുദധാരികൾക്ക് കടുത്ത വെല്ലുവിളിയായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്

ആഗോള സാമ്പത്തിക അസ്ഥിരതയും കടുത്ത മത്സരവും കാരണം കമ്പനികൾ തങ്ങളുടെ റിക്രൂട്ട്‌മെന്റ് നയങ്ങളിൽ വലിയ മാറ്റം വരുത്തിയിട്ടുണ്ട്

യുഎഇ തൊഴിൽ വിപണി മാറുന്നു; ബിരുദധാരികൾക്ക് കടുത്ത വെല്ലുവിളിയായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്
dot image

യുഎഇ തൊഴിൽ വിപണിയിൽ പുതിയ ബിരുദധാരികൾക്ക് കടുത്ത വെല്ലുവിളി. സാധാരണ ജോലികൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഏറ്റെടുത്തതോടെ വെറും ബിരുദം കൊണ്ട് മാത്രം ജോലി ലഭിക്കില്ലെന്ന വ്യക്തമായ സന്ദേശമാണ് കമ്പനികൾ നൽകുന്നത്. എൻട്രി ലെവൽ തസ്തികകളിൽ പോലും പ്രായോഗിക പരിചയവും യഥാർത്ഥ കഴിവുകളും ഉള്ളവരെ മാത്രമാണ് തൊഴിലുടമകൾ ഇപ്പോൾ പരിഗണിക്കുന്നത്.

പ്രമുഖ തൊഴിൽ പ്ലാറ്റ്‌ഫോമായ 'ഇൻഡീഡ്' പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിലാണ് യുഎഇ തൊഴിൽ വിപണിയിലെ ഈ വലിയ മാറ്റം വ്യക്തമാക്കുന്നത്. ഡാറ്റാ പ്രോസസ്സിംഗ്, ബേസിക് റിപ്പോർട്ടിംഗ്, അഡ്മിൻ ജോലികൾ തുടങ്ങിയവ എഐ സാങ്കേതിക വിദ്യയിലേക്ക് മാറിയതാണ് പ്രധാന കാരണം. ഇതുകാരണം ബിരുദധാരികൾക്ക് തുടക്കത്തിൽ പരിചയം നേടാൻ സഹായിച്ചിരുന്ന പരമ്പരാഗത ജൂനിയർ തസ്തികകൾ വിപണിയിൽ നിന്നും വലിയ തോതിൽ കുറയുകയാണ്.

പരിശീലനത്തിനുള്ള ചെലവുകളും സമയവും കുറച്ച്, ജോലിയിൽ പ്രവേശിക്കുന്ന ആദ്യ ദിവസം മുതൽ കമ്പനിക്ക് ലാഭമുണ്ടാക്കാൻ കഴിയുന്ന ഉദ്യോഗാർത്ഥികളെയാണ് തൊഴിലുടമകൾ ഇപ്പോൾ തിരയുന്നത്. ഇന്റേൺഷിപ്പുകൾ, ലൈവ് പ്രോജക്റ്റുകൾ, ഫ്രീലാൻസ് ജോലികൾ എന്നിവയിലൂടെ കഴിവ് തെളിയിച്ചവർക്ക് മാത്രമേ ഇനി മുൻഗണന ലഭിക്കൂ. വെറും അക്കാദമിക് സർട്ടിഫിക്കറ്റുകൾക്കോ ഉയർന്ന മാർക്കിനോ മാത്രം ഇനി യുഎഇയിൽ വിലയുണ്ടാകില്ലെന്ന് പ്രമുഖ കമ്പനികളിലെ റിക്രൂട്ട്‌മെന്റ് മാനേജർമാർ വ്യക്തമാക്കുന്നു.

ആഗോള സാമ്പത്തിക അസ്ഥിരതയും കടുത്ത മത്സരവും കാരണം കമ്പനികൾ തങ്ങളുടെ റിക്രൂട്ട്‌മെന്റ് നയങ്ങളിൽ വലിയ മാറ്റം വരുത്തിയിട്ടുണ്ട്. വിപണിയിൽ വേറിട്ടുനിൽക്കാൻ എഐ സാക്ഷരത, ഡാറ്റാ അനാലിസിസ്, ഡിജിറ്റൽ മാർക്കറ്റിംഗ് തുടങ്ങിയ കഴിവുകൾ പുതിയ ബിരുദധാരികൾ സ്വന്തമാക്കേണ്ടതുണ്ട്. എഐ-ക്ക് ചെയ്യാൻ കഴിയാത്ത ആശയവിനിമയ കഴിവുകൾ, പ്രശ്നപരിഹാര മികവ് എന്നിവ വളർത്തിയെടുക്കുന്നവർക്ക് മാത്രമേ യുഎഇയിലെ കടുത്ത മത്സരമുള്ള തൊഴിൽ വിപണിയിൽ ഇനി പിടിച്ചുനിൽക്കാനാകൂ എന്നാണ് ഈ മേഖലയിലെ വിദഗ്ധരുടെ വിലയിരുത്തൽ.

Content Highlights: The rapid adoption of Artificial Intelligence is reshaping hiring trends across the UAE. While AI is driving innovation and demand for new skills, it is also making the job market more competitive for graduates, who must adapt to evolving employer expectations.

dot image
To advertise here,contact us
dot image