

പരിസ്ഥിതി സംരക്ഷണവും വന്യജീവി സുരക്ഷിതത്വവും ഉറപ്പാക്കാൻ എൻവയോൺമെന്റൽ പൊലീസ് പട്രോളിങ് സംവിധാനം ശക്തമാക്കി അബുദാബി പൊലീസ്. എൻവയോൺമെന്റ് ഏജൻസി അബുദാബിയുമായി സഹകരിച്ചാണ്, എമിറേറ്റിലെ പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കുന്നതിനും സുസ്ഥിരത ഉറപ്പാക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ വിപുലീകരിച്ചിരിക്കുന്നത്. അത്യാധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെയാണ് പുതിയ പട്രോളിങ് സ്ക്വാഡ് രംഗത്തിറങ്ങിയിരിക്കുന്നത്.
അബുദാബി പൊലീസിലെ ക്രിമിനൽ സെക്യൂരിറ്റി സെക്ടറിന് കീഴിൽ പ്രവർത്തിക്കുന്ന എൻവയോൺമെന്റൽ പൊലീസ് ഡിപ്പാർട്ട്‌മെന്റാണ് ഈ സുപ്രധാന സംരംഭത്തിന് നേതൃത്വം നൽകുന്നത്. ജൈവവൈവിധ്യം സംരക്ഷിക്കുക, സമൂഹത്തിൽ പരിസ്ഥിതി അവബോധം വളർത്തുക, പാരിസ്ഥിതിക നിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. ഇതിനായി എമിറേറ്റിലെ പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളിലും മരുഭൂമികളിലുമുള്ള പരിശോധനകളും നിരീക്ഷണവും പൊലീസ് കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.
അത്യാധുനിക സാങ്കേതിക വിദ്യകളും സ്മാർട്ട് സിസ്റ്റങ്ങളും ഉപയോഗിച്ചാണ് പട്രോളിംഗ് സംഘത്തിന്റെ ഫീൽഡ് പ്രവർത്തനങ്ങൾ സജ്ജമാക്കിയിരിക്കുന്നത്. വിദൂര പ്രദേശങ്ങളിലെ പാരിസ്ഥിതിക നിയമലംഘനങ്ങൾ വേഗത്തിൽ കണ്ടെത്താനും അടിയന്തര നടപടികൾ സ്വീകരിക്കാനും ഇത്തരം ആധുനിക സംവിധാനങ്ങൾ പൊലീസിനെ സഹായിക്കുന്നുണ്ട്.
എമിറേറ്റിലെ പാരിസ്ഥിതിക പൈതൃകം കാത്തുസൂക്ഷിക്കുന്നതിലും നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിലും ഈ പട്രോളിങ് വിഭാഗം നിർണ്ണായക പങ്കാണ് വഹിക്കുന്നത്. ഭാവി തലമുറകൾക്കായി എമിറേറ്റിന്റെ പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിൽ അബുദാബിയെ ലോകത്തിന് തന്നെ മികച്ച മാതൃകയാക്കി മാറ്റുന്നതിനും ഈ സംയുക്ത നീക്കം സഹായകമാകുമെന്ന് അധികൃതർ വ്യക്തമാക്കി.
Content Highlights: Abu Dhabi Police has launched a smart system aimed at identifying and preventing environmental violations. The initiative uses advanced technology to support environmental protection and strengthen sustainability measures across the emirate.