

യുഎഇയിൽ വരും ദിവസങ്ങളിൽ താപനില കുറയുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തീരപ്രദേശങ്ങളിൽ തണുപ്പ് കൂടും. അറേബ്യൻ ഗൾഫിൽ മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശാനും കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
യുഎഇയിൽ വരും ദിവസങ്ങളിൽ ചൂട് കുറയുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. അന്തരീക്ഷത്തിലുണ്ടാകുന്ന മർദ്ദവ്യത്യാസം കാരണം പ്രധാനമായും തീരപ്രദേശങ്ങളിലാണ് തണുപ്പ് കൂടുക. പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെങ്കിലും കിഴക്കൻ തീരങ്ങളിൽ രാവിലെ ചെറിയ മേഘങ്ങൾ കാണാം. രാത്രിയിലും വെള്ളിയാഴ്ച രാവിലെയോടെയും തീരപ്രദേശങ്ങളിൽ ഹ്യുമിഡിറ്റി കൂടാനും സാധ്യതയുണ്ട്.
തീരപ്രദേശങ്ങളിലും ദ്വീപുകളിലും 36 മുതൽ 42 ഡിഗ്രി സെൽഷ്യസ് വരെയും ഉൾനാടൻ പ്രദേശങ്ങളിൽ 42 മുതൽ 47 ഡിഗ്രി സെൽഷ്യസ് വരെയും ചൂട് രേഖപ്പെടുത്താം. പർവതപ്രദേശങ്ങളിൽ ചൂട് താരതമ്യേന കുറവായിരിക്കും. ചെറിയ രീതിയിൽ വീശുന്ന കാറ്റ്, ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെയുള്ള ദിവസങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വരെ ശക്തമാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.
ഞായറാഴ്ച വരെ തീരപ്രദേശങ്ങളിൽ താപനില കുറഞ്ഞുതന്നെയിരിക്കും. എന്നാൽ ശനിയാഴ്ചയോടെ കാറ്റ് ശക്തമാകുന്നതിനാൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ അറേബ്യൻ ഗൾഫിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്. നിലവിൽ ഒമാൻ കടലിലും അറേബ്യൻ ഗൾഫിലും കടൽ ശാന്തമാണെങ്കിലും, വരും ദിവസങ്ങളിൽ കടലിൽ പോകുന്നവരും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
Content Highlights: The UAE’s meteorological authorities have indicated that temperatures are expected to ease in the coming days. The forecast has brought relief to residents who have been experiencing extreme summer heat across various regions.