

സന്ദര്‍ശക വിസയുടെ കാലാവധി കഴിഞ്ഞ് ഒമാനില്‍ കുടുങ്ങിയ ആറ് വയസുകാരന് നാട്ടിലേക്കുള്ള യാത്രയ്ക്ക് വഴിയൊരുക്കി റൂവിയിലെ മലയാളി കൂട്ടായ്മ. നിയമ പ്രശ്നങ്ങളും ടിക്കറ്റ് വര്‍ദ്ധന ഉള്‍പ്പെടെയുള്ള പ്രതിസന്ധികളും മറികടന്നാണ് കുട്ടിയെ കൂട്ടായ്മ പ്രവര്‍ത്തകര്‍ കേരളത്തില്‍ എത്തിച്ചത്. ബിസിനസ് നഷ്ടവും അസുഖവും മൂലം പ്രതിസന്ധിയിലായ ഗൃഹനാഥന് ചികിത്സക്കായി പെട്ടെന്ന് നാട്ടിലേക്ക് പോകേണ്ടിവന്നതോടെയാണ് അമ്മയും ആറ് വയസുകാരനായ മകനും മസ്ക്കറ്റില്‍ ഒറ്റപ്പെട്ടത്.
സന്ദര്‍ശക വിസയില്‍ ആയിരുന്ന കുട്ടിയുടെ വിസാ കാലാവധി കഴിഞ്ഞതോടെ ഓവര്‍സ്റ്റേ ഫൈന്‍ ആയി വലിയൊരു തുക അടക്കേണ്ട സാഹചര്യവും ഉണ്ടായി. ഇതിന് പിന്നാലെയാണ് കുടുംബത്തിന് സഹായവുമായി റൂവിയിലെ മലയാളി കൂട്ടായ്മ രംഗത്ത് എത്തിയത്. കൂട്ടായ്മ പ്രസിഡൻ്റ് ഫൈസല്‍ ആലുവ അധികൃതരുമായി ബന്ധപ്പെട്ട സാഹചര്യം ബോധ്യപ്പെടുത്തിയതോടെ ഫൈന്‍ ഒഴിവാക്കപ്പെട്ടു. എന്നാല്‍ നാട്ടിലേക്കുള്ള യാത്രക്കായി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് എയര്‍പോര്‍ട്ട് സിസ്റ്റത്തില്‍ ഇക്കാര്യം അപ്ഡേറ്റ് ആയില്ല എന്ന വിവരം മനസിലാക്കുന്നത്. ഇതോടെ യാത്ര പിന്നെയും പ്രതിസന്ധിയിലായി.
ടിക്കറ്റ് നഷ്ടമാകാതിരിക്കാന്‍ അമ്മയെ നാട്ടിലേക്ക് അയച്ച് കുട്ടിയുടെ സംരക്ഷണം കൂട്ടായdമ ഏറ്റെടുത്തു. ദിവസങ്ങള്‍ക്കുള്ളില്‍ ടിക്കറ്റ് നിരക്ക് വര്‍ദ്ധനവ് ഉള്‍പ്പെടെയുള്ള എല്ലാ പ്രതിസന്ധികളും മറി കടന്ന് കുട്ടിയെ നാട്ടിലേക്ക് അയച്ചു. കൂട്ടായ്മ ഭാരവാഹികളായ ഡോ :സജി ഉതുപ്പാന്, അരവിന്ദ്, ഡോ. മുജീബ്, സാബിത് എന്നിവരുടെ സഹായത്തോടുകൂടിയാണ് ആറ് വയസുകാരനെ നാട്ടിലേക്ക് അയച്ചത്. പ്രതിസന്ധി ഘട്ടത്തില്‍ കൈതാങ്ങായ കൂട്ടായ്മക്ക് കുടുംബം നന്ദി അറിയിച്ചു.
Content Highlights: A six-year-old child who became stranded in Oman due to the expiry of a visitor visa received assistance from a Malayali community organization. The intervention helped the family manage legal and travel-related difficulties while arrangements were made for their safe return.