

ദുബായില്‍ വിയര്‍പ്പൊഴുക്കുന്ന തൊഴിലാളികള്‍ക്കിടയില്‍ സ്‌നേഹാന്വേഷണങ്ങളുമായി ഉന്നത ഉദ്യോഗസ്ഥരുടെ സന്ദര്‍ശനം. തൊഴിലാളികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ജിഡിആര്‍എ ഉദ്യോഗസ്ഥര്‍ തൊഴില്‍ മേഖലകളില്‍ സന്ദര്‍ശനം നടത്തിയത്. തൊഴിലാളികളോട് അവരുടെ പ്രശ്‌നങ്ങള്‍ ചോദിച്ച് മനസിലാക്കിയ ശേഷമായിരുന്നു സംഘം മടങ്ങിയത്.
ദുബായിലെ ആകാശ ചുംബികളായ കെട്ടിടങ്ങള്‍ക്കും കണ്ണഞ്ചിപ്പിക്കുന്ന വികസനത്തിനും പിന്നില്‍ രാപ്പകലെന്നില്ലാതെ വിയര്‍പ്പൊഴുക്കുന്ന ഒരുപറ്റം മനുഷ്യരുണ്ട്. ദുബായ് എന്ന മഹാനഗരം പടുത്തുയര്‍ത്തുന്ന ആ അധ്വാനത്തിന് അര്‍ഹമായ വില നല്‍കാനും അവരുടെ സുഖവിവരങ്ങള്‍ നേരിട്ടറിയാനുമായിട്ടായിരുന്നു ജിഡിആര്‍എഫ്എയിലെ ഉന്നത ഉദ്യേഗസ്ഥരുടെ സന്ദര്‍ശനം. കേവലമൊരു ഔദ്യോഗിക പരിശോധന മാത്രമായിരുന്നില്ല അത്. മറിച്ച് സ്വന്തം സഹോദരങ്ങളുടെ സുഖവിവരങ്ങള്‍ അന്വേഷിച്ചെത്തുന്ന കരുതലിന്റെ ചേര്‍ത്തുപിടിത്തല്‍ കൂടി ആ സന്ദര്‍ശനത്തിന് ഉണ്ടായിരുന്നു.
ജിഡിആര്‍എഫ്എ ദുബായ് അസിസ്റ്റന്റ് ഡയറക്ടറും പെര്‍മനന്റ് കമ്മിറ്റി ഓഫ് ലേബര്‍ അഫയേഴ്‌സ് ചെയര്‍മാനുമായ മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂറിന്റെ നേതൃത്വത്തിലായിരുന്നു ദുബായ് ഡിസൈന്‍ ഡിസ്ട്രിക്റ്റിലെ നിര്‍മാണ മേഖലയില്‍ ഉദ്യോഗസ്ഥര്‍ എത്തിത്. വെയിലത്ത് പണിയെടുക്കുന്നവര്‍ക്ക് കുടിക്കാന്‍ മതിയായ ശുദ്ധജലമുണ്ടോയെന്നും വിശ്രമിക്കാന്‍ തണലുണ്ടോയെന്നും ആരോഗ്യവും സുരക്ഷയും മറ്റ് സൗകര്യങ്ങളും അന്താരാഷ്ട്ര നിലവാരത്തില്‍ തന്നെ ഉറപ്പാക്കിയിട്ടുണ്ടോ എന്നും ഉദ്യോഗസ്ഥര്‍ പരിശോധിച്ചു.
തൊഴിലാളികളോടും അവരുടെ പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞു. തൊഴിലാളികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ യാതൊരു വീഴ്ചയും പാടില്ലെന്നും തൊഴിലുടമകള്‍ക്കും നിര്‍ദ്ദേശം നല്‍കി. തൊഴിലാളികളുടെ ആവശ്യങ്ങള്‍ നേരിട്ട് മനസ്സിലാക്കി, അവരുടെ ജീവിത നിലവാരം ഉയര്‍ത്തുന്ന നടപടികള്‍ കൈക്കൊള്ളുകയാണ് ഇത്തരം സന്ദര്‍ശനങ്ങളുടെ ലക്ഷ്യമിടുന്നതെന്ന് മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ വ്യക്തമാക്കി.
Content Highlights: Senior officials in Dubai conducted an inspection visit aimed at ensuring better facilities and improved living conditions for workers across labor accommodations.Senior officials in Dubai conducted an inspection visit aimed at ensuring better facilities and improved living conditions for workers across labor accommodations.