

ഇന്ദ്രൻസ്, മീനാക്ഷി അനൂപ്, അന്നു ആൻ്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ദീപക് ഡിയോൺ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രമാണ് 'പ്രൈവറ്റ്'. കഴിഞ്ഞ വർഷം തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച നിരൂപക പ്രശംസകളായിരുന്നു ലഭിച്ചിരുന്നത്. ഇപ്പോഴിതാ, ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ വി കെ ശ്രീരാമൻ. പ്രൈവറ്റ് സിനിമ കണ്ടപ്പോൾ അടിയന്തരാവസ്ഥക്കാലത്ത് ഇറങ്ങിയ കബനീ നദി ചുവന്നപ്പോൾ എന്ന സിനിമ ഓർമ വന്നുവെന്നും വി കെ ശ്രീരാമൻ എഴുതി. ഈ ചിത്രം ആരും ശ്രദ്ധിക്കാതെ പോയതിന്റെ വിഷമവും ശ്രീരാമൻ പങ്കുവെക്കുന്നുണ്ട്.

'ഇന്നലെ ഉച്ചയ്ക്ക് ഇടപ്പള്ളിയിലെ ഒരു ഹോട്ടലിൽ വെച്ച് വെങ്കിടേഷ് രാമകൃഷ്ണനെ കണ്ടു. വെങ്കിടേഷ് തൻ്റെ കൂടെയുള്ള ചെറുപ്പക്കാരനെ എനിക്കു പരിചയപ്പെടുത്തി. 'ദീപക് ഡിയോൺ, സിനിമ സംവിധായകനാണ്. ഇയാൾടെ പുതിയ സിനിമയാണ് പ്രൈവറ്റ്. അങ്ങനെയും ഒരു സിനിമയുണ്ടോ? എന്നു ഞാൻ ചോദിച്ചത് സ്വാഭാവികമായും അയാൾക്കു വിഷമമായി കാണും. പിന്നെ വീട്ടിൽ വന്ന് ആ സിനിമ ഒടിടിയിൽ കണ്ടു. ( Manorama Max)

ഇന്ദ്രൻസും മീനാക്ഷിയും ആണ് കഥയിലുടനീളം. വളരെ സീരിയസ്സായ വിഷയം. ഏറെ ശ്രദ്ധാപൂർവ്വം നിർമ്മിച്ചെടുത്ത സിനിമ. മീനാക്ഷിയുടെയും ഇന്ദ്രൻസിൻ്റെയും ഗംഭീര പെർഫോമൻസ്. പണ്ട് അടിയന്തരാവസ്ഥക്കാലത്ത് ഇറങ്ങിയ കബനീ നദി ചുവന്നപ്പോൾ ഓർമ്മ വന്നു. ഇങ്ങനെ ഒരു സിനിമ വന്നതൊന്നും ആരും അറിഞ്ഞമട്ടില്ല. സീരിയസ്സായ രാഷ്ട്രീയ വിഷയങ്ങളിൽ നിന്ന് മലയാളി അകന്നു പോവുകയാണെന്നു തോന്നുന്നു. എന്താണാവോ ആരുമിതൊന്നും ശ്രദ്ധിക്കാഞ്ഞത്? (ഇവിടെ കമൻ്റ് ബോക്സിൽ പലരും കണ്ടെന്നും ചർച്ച ചെയ്തതാണെന്നും എഴുതിക്കാണുന്നു. അപ്പോൾ ഈ സിനിമ കാണാതിരുന്ന കുറ്റം എൻ്റേതു തന്നെ.),' ശ്രീരാമൻ പറഞ്ഞു.
Content Highlights: Veteran actor and writer VK Sreeraman has openly praised the Malayalam movie Private, appreciating its strong storytelling and overall cinematic excellence. He highlighted the film’s performances and the way it presents its subject with sincerity and artistic depth.