

ദുബായില്‍ ഷോപ്പിങ് നടത്തിയാല്‍ പാര്‍ക്കിങ് ഫീസ് തിരികെ ലഭിക്കുന്ന പുതിയ പദ്ധതിയുമായി പാര്‍ക്കിന്‍ കമ്പനി. സ്‌പോട്ട്‌സ് ഫോര്‍ ഷോപ്പ്‌സ് എന്ന പേരിലാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. നഗരത്തിലെ ചെറുകിട സ്ഥാപനങ്ങളിലേക്ക് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. അടുത്ത മാസം ആദ്യവാരം മുതല്‍ പദ്ധതി ആരംഭിക്കാനാണ് തീരുമാനം.
ദുബായിലെ ചെറുകിട ബിസിനസുകളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഉപഭോക്താക്കളുടെ പാര്‍ക്കിംഗ് ചെലവും കുറക്കുന്ന രീതിയിലാണ് സ്‌പോട്ട്‌സ് ഫോര്‍ ഷോപ്പ്‌സ് എന്ന പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. പാര്‍ക്കിന്‍ കമ്പനിയുടെ പുതിയ പ്രഖ്യാപനം അനുസരിച്ച് നഗരത്തിലെ തിരഞ്ഞെടുത്ത കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് അവരുടെ പാര്‍ക്കിംഗ് ഫീസ് ക്യാഷ്ബാക്കായി തിരികെ ലഭിക്കും. നിശ്ചിത തുകയ്ക്ക് ഷോപ്പിംഗ് നടത്തുന്നവരുടെ പാര്‍ക്കിംഗ് ഫീസ് വ്യാപാരികള്‍ തന്നെ സാധൂകരിക്കുകയും ആ തുക ഉപഭോക്താവിന്റെ പാര്‍ക്കിന്‍ വാലറ്റില്‍ നേരിട്ട് ക്രെഡിറ്റ് ചെയ്യപ്പെടുകയും ചെയ്യുന്നതാണ് രീതി.
ദുബായിലെ ചെറുകിട ബിസിനസ് സ്ഥാപാനങ്ങളിലേക്ക് കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആനുകൂല്യം ലഭിക്കുന്നതിനായി പദ്ധതിയില്‍ ഉള്‍പ്പെട്ട കടകള്‍ക്ക് സമീപമുള്ള പെയ്ഡ് പാര്‍ക്കിംഗുകളില്‍ സാധാരണ പോലെ പാര്‍ക്കിംഗ് ഫീസ് അടച്ച് വാഹനം പാര്‍ക്ക് ചെയ്യണം. സാധനങ്ങള്‍ വാങ്ങിയ ശേഷം കടയുടമക്ക് മൊബൈല്‍ നമ്പര്‍ നല്‍കി പാര്‍ക്കിംഗ് സെഷന്‍ സാധൂകരിക്കണം. ഇതിന് പിന്നാലെ ഉടന്‍ തന്നെ തുക പാര്‍ക്കിന്‍ ആപ്പ് വാലറ്റില്‍ ക്യാഷ്ബാക്കായി ലഭിക്കും. തുടക്കത്തില്‍ 15 ഔട്ട്ലെറ്റുകളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സൈക്കിള്‍ 2 സൈക്കിള്‍, നൈഫ് ബേക്കര്‍, ദി ലോണ്‍ഡ്രി ഹബ് തുടങ്ങി വിവിധ സ്ഥാപനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. പരീക്ഷണാടിസ്ഥാനത്തിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്. അടുത്ത മാസം ആദ്യത്തോടെ പാര്‍ക്കിന്‍ ആപ്പില്‍ ഈ സേവനം ലഭ്യമായിത്തുടങ്ങുമെന്ന് കമ്പനി വ്യക്തമാക്കി.
Content Highlights: Dubai’s Parkin company introduces a new initiative to refund parking fees for shoppers, aiming to boost retail activity and enhance customer convenience.