

കേരളം ഉള്‍പ്പെടെ ഒമ്പത് സ്ഥലങ്ങളിലേക്കുള്ള സര്‍വീസുകള്‍ താത്ക്കാലികമായി റദ്ദാക്കി കുവൈറ്റ് വിമാനകമ്പനിയായ ജസീറ എയര്‍വെയ്‌സ്. ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് മുഴുവന്‍ തുകയും തിരികെ നല്‍കുമെന്ന് എയര്‍ലൈന്‍ അറിയിച്ചു. വേനലവധിക്ക് നാട്ടിലേക്ക് പോകാന്‍ തയ്യാറെടുക്കുന്ന പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയാണ് എയര്‍ലൈനിന്റെ തീരുമാനം. പ്രവര്‍ത്തനപരമായ തടസ്സങ്ങള്‍ കാരണമാണ് റദ്ദാക്കലെന്നാണ് വിശദീകരണം.
നാളെ മുതല്‍ മെയ് 15 വരെയുളള കാലയളവിലെ സര്‍വീസുകളാണ് ജസീറ എയര്‍വെയ്‌സ് റദ്ദാക്കിയത്. കണ്ണൂര്‍, കോഴിക്കോട് എന്നീ വിമാനത്താവളങ്ങളിലെ പ്രത്യേക സര്‍വീസുകള്‍ക്ക് പുറമെ കോയമ്പത്തൂര്‍, മധുര, തിരുച്ചിറപ്പള്ളി, ഗോവ, ലഖ്നൗ, മംഗലാപുരം, വിജയവാഡ എന്നിവിടങ്ങളിലേക്കും നാളെ മുതല്‍ വിമാനം ഉണ്ടാകില്ല.
അതിനിടെ ഇന്ത്യയിലെ മറ്റ് എട്ട് നഗരങ്ങളിലേക്ക് സൗദി അറേബ്യയിലെ ദമാം വിമാനത്താവളം വഴി ജസീറ എയര്‍വെയ്‌സ് സര്‍വീസ് തുടരും. ഇത്തരം ഡെസ്‌ററിനേഷനുകളിലേക്ക് ടിക്കറ്റ് എടുത്തവര്‍ വിമാനത്താവളത്തില്‍ എത്തുന്നതിന് മുന്‍പ് സമയക്രമം ഔദ്യോഗികമായി പരിശോധിക്കണമെന്ന് എയര്‍ലൈന്‍ യാത്രക്കാരോട് അഭ്യര്‍ത്ഥിച്ചു. റദ്ദാക്കിയ സര്‍വീസുകളില്‍ ബുക്കിംഗ് നടത്തിയ യാത്രക്കാര്‍ക്ക് മുഴുവന്‍ തുകയും തിരികെ നല്‍കുമെന്ന് വിമാന കമ്പനി വ്യക്തമാക്കി.
എയര്‍ലൈനിന്റെ വെബ്‌സൈറ്റോ മൊബൈല്‍ ആപ്ലിക്കേഷനോ വഴി ടിക്കറ്റ് നേരിട്ട് ബുക്ക് ചെയ്തവര്‍ക്ക് പണം അതേ അക്കൗണ്ടിലേക്ക് തിരികെ ലഭ്യമാക്കും. എന്നാല്‍ ട്രാവല്‍ ഏജന്‍സികള്‍ വഴി ടിക്കറ്റ് എടുത്തവര്‍ക്ക് ക്രെഡിറ്റ് ഷെല്‍ രൂപത്തിലായിരിക്കും റീഫണ്ട് നല്‍കുക. ഇതിനെതിരെ യാത്രക്കാര്‍ക്കിടയില്‍ പ്രതിഷേധവും ശക്തമാണ്. ഭൂരിഭാഗം യാത്രക്കാരും 250 ദിനാറിന് മുകളിലുള്ള നിരക്കില്‍ ട്രാവല്‍ ഏജന്‍സികള്‍ വഴിയാണ് ടിക്കറ്റ് എടുത്തത്.
ക്രെഡിറ്റ് ഷെല്‍ സംവിധാനം റീഫണ്ട് നടപടികള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകാനും പണം ലഭിക്കാന്‍ വൈകാനും സാധ്യതയുണ്ടെന്ന് യാത്രക്കാര്‍ പറയുന്നു. വേനലവധി ആരംഭിക്കുന്ന സമയത്ത് സര്‍വീസുകള്‍ റദ്ദാക്കിയ ജസീറ എയര്‍വെയ്‌സിന്റെ നടപടി പ്രവാസികളെ വലിയ രീതിയില്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വിമാനടിക്കറ്റ് നിരക്ക് വര്‍ദ്ധിക്കാനും സര്‍വീസ് റദ്ദാക്കല്‍ കാരണമാകുമെന്നും വിലയിരുത്തപ്പെടുന്നു.
Content Highlights: Jazeera Airways has cancelled services to nine destinations, including Kerala, affecting expatriate travelers. The decision is expected to impact travel plans significantly.